മുൻവൈരാഗ്യം; കണ്ണില്‍ മുളക്‌പൊടിയെറിഞ്ഞ് അധ്യാപകനെ കാമ്പസിലിട്ട് ക്രൂരമായി മർദിച്ചു; പൂർവവിദ്യാർഥിക്കെതിരെ കൊലപാതക ശ്രമത്തിന് കേസ്
അധ്യാപകനെ ക്രൂരമായി മര്‍ദിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്
ഭോപ്പാൽ: മധ്യപ്രദേശിൽ കോളജ് പ്രൊഫസറെ കാമ്പസിലിട്ട് ക്രൂരമായി മർദിച്ചു. വെള്ളിയാഴ്ച വൈകിട്ടാണ് ഒരു സംഘം ആളുകൾ വടിയും മുളകുപൊടിയുമായി ഗവൺമെന്റ് ജെഎച്ച് പിജി കോളേജ് വളപ്പിലേക്ക് അതിക്രമിച്ച് കയറിയത്. സംസ്‌കൃത വിഭാഗത്തിലെ അസി. പ്രൊഫസർ നീരജ് ധക്കാടിനെ അക്രമി സംഘം ക്രൂരമായി മർദിക്കുകയായിരുന്നു. കണ്ണിൽ മുളക് പൊടിയെറിഞ്ഞതിന് ശേഷം വടികൊണ്ട് തലങ്ങും വിലങ്ങും ആക്രമിക്കുകയായിരുന്നു. വിദ്യാർഥികളുമായി സംസാരിച്ചുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു ആക്രമണം നടന്നത്. പ്രൊഫസർ ബോധരഹിതനായി വീഴുന്നതുവരെ അക്രമികൾ ആക്രമണം തുടർന്നു. ഈ സമയത്ത് മറ്റ് ഫാക്കൽറ്റി അംഗങ്ങളും വിദ്യാർഥികളും ഉണ്ടായിരുന്നിട്ടും ആരും തന്നെ ആക്രമണം തടയാൻ ഇടപെട്ടില്ല. അക്രമികൾ ഓടി രക്ഷപ്പെട്ടതിന് ശേഷമാണ് സഹപ്രവർത്തകർ പ്രൊഫസർ ധാക്കടിനെ ജില്ലാ ആശുപത്രിയിലെത്തിച്ചത്. അധ്യാപകനെ ക്രൂരമായി മര്‍ദിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
പ്രൊഫസർക്ക് തലയ്ക്കും കൈകൾക്കും കാലുകൾക്കും ഒടിവുകൾ ഉൾപ്പെടെ സാരമായ പരിക്കുകൾ പറ്റിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അക്രമണത്തിന് പിന്നിൽ പൂർവവിദ്യാർഥിയാണെന്നാണ് പ്രൊഫസർ പൊലീസിന് നൽകിയ മൊഴി. കോളജിന്റെ സ്‌കോളർഷിപ്പ് പ്രോഗ്രാമിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് മുൻ വിദ്യാർഥിയായ അന്നു താക്കൂറും പ്രൊഫസറുമായി പ്രശ്‌നങ്ങളുണ്ടായിരുന്നു. പ്രൊഫസർ ധാക്കടിന്റെ ഔദ്യോഗിക മുദ്രയും ലെറ്റർഹെഡും ദുരുപയോഗം ചെയ്യാൻ ശ്രമിച്ച അന്നു താക്കൂറിനെ അന്ന് പിടികൂടിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.
'ഞാൻ വിദ്യാർഥികളുടെ പ്രോജക്ടുകളെ കുറിച്ച് ചർച്ച ചെയ്യുന്നതിനിടെ പെട്ടെന്ന് അഞ്ച് ആൺകുട്ടികൾ കടന്നുകയറി മുളകുപൊടി എറിഞ്ഞ് എന്നെ വടികൊണ്ട് അടിക്കാൻ തുടങ്ങി. അവർ അന്നു താക്കൂറിന്റെ ആളുകളാണെന്ന് എനിക്ക് മനസിലായി. കൊല്ലുകയായിരുന്നു അവരുടെ ഉദ്ദേശം' ..പ്രൊഫസർ പൊലീസിനോട് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ കൊലപാതകശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.