നമീബിയയിൽ നിന്ന് 12 ചീറ്റപ്പുലികളെ കൂടി ഇന്ത്യയിലെത്തിച്ചു
ഇത് രണ്ടാം തവണയാണ് ചീറ്റപ്പുലികളെ രാജ്യത്തേക്ക് കൊണ്ടുവരുന്നത്
ന്യൂഡൽഹി: നമീബിയയിൽ നിന്ന് 12 ചീറ്റപ്പുലികളെ കൂടി ഇന്ത്യയിലെത്തിച്ചു. ഇതോടെ രാജ്യത്തെ ആകെ ചീറ്റപ്പുലികളുടെ എണ്ണം 20 ആയി. മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിൽ സജ്ജമാക്കിയ ക്വാറന്റീൻ കൂടുകളിലേക്ക് ചീറ്റകളെ തുറന്ന് വിട്ടു.
ഇത് രണ്ടാം തവണയാണ് ചീറ്റപ്പുലികളെ രാജ്യത്തേക്ക് കൊണ്ട് വരുന്നത്. ദക്ഷിണാഫ്രിക്കയിൽ നിന്നും 12 ചീറ്റകളുമായി ഇന്നലെ ആണ് വ്യോമസേനയുടെ സി സെവന്റീൻ ഗ്ലോബ് മാസ്റ്റർ എന്ന ചരക്ക് വിമാനം ഗ്വാളിയോറിലേക്ക് യാത്ര തിരിച്ചത്. ചീറ്റകളിൽ 7 ആൺ ചീറ്റകളും 5 പെൺ ചീറ്റകളെയും രാവിലെ 10 മണിയോടെ ഗ്വാളിയോർ വ്യോമ താവളത്തിൽ എത്തിച്ചത് . ഇവയെ ഹെലികോപ്റ്റർ ഉപയോഗിച്ചാണ് കുനോ ദേശീയ ഉദ്യാനത്തിലേക്ക് എത്തിച്ചത്. ചീറ്റകളെ കേന്ദ്ര മന്ത്രി ഭൂപെന്ദ്ര യാദവ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ എന്നിവർ ചേർന്ന് ക്വാറന്റീൻ കൂടുകളിലേക്ക് തുറന്ന് വിട്ടു.
ഇന്ത്യൻ വന്യജീവി നിയമ പ്രകാരം രാജ്യത്തേക്ക് കൊണ്ട് വരുന്ന മൃഗങ്ങൾക്ക് 30 ദിവസം ക്വാറന്റീൻ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന് ശേഷം 6 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള വേട്ടയാടൽ മേഖലയിലേക്ക് ചീറ്റകളെ തുറന്ന് വിടും. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആണ് നമീബിയയിൽ നിന്നുള്ള ആദ്യ ബാച്ചിലെ 8 ചീറ്റപ്പുലികളെ പ്രധാന മന്ത്രി രാജ്യത്തിന് സമർപ്പിച്ചത്. ഇവയിപ്പോൾ കുനോ ദേശീയ ഉദ്യാനത്തിലെ വേട്ടയാടൽ മേഖലയിൽ ഉണ്ട്. നിശ്ചിത കാലയളവിന് ശേഷം 20 ചീറ്റപ്പുലികളെയും വനത്തിലേക്ക് തുറന്നു വിടും. 1952 ൽ ഇന്ത്യയിൽ ചീറ്റപ്പുലികൾക്ക് വംശനാശം സംഭവിച്ചതായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു.