കോടികളിറക്കി ഇലക്ടറല്‍ ബോണ്ട് വാങ്ങി വ്യവസായ പ്രമുഖന്മാര്‍
ഇലക്ടറല്‍ ബോണ്ട് വഴി സംഭാവന നല്‍കിയവരില്‍ നിരവധി വ്യവസായ പ്രമുഖരായ വ്യക്തികളുമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ട ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരിക്കയാണ്. ബോണ്ട് വഴി ഏറ്റവും കൂടുതല്‍ സംഭാവന നേടിയ ബി.ജെ.പിയാണ് കൂടുതല്‍ പ്രതിസന്ധിയിലായത്. സുപ്രിംകോടതിയുടെ വിമര്‍ശനത്തിനു പിന്നാലെയാണ് എസ്ബിഐ ഇലക്ട്രല്‍ ബോണ്ട് വിവരം കൈമാറിയത്.
തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ട രേഖകള്‍ പ്രകാരം ഇലക്ടറല്‍ ബോണ്ട് വഴി സംഭാവന നല്‍കിയവരില്‍ നിരവധി വ്യവസായ പ്രമുഖരായ വ്യക്തികളുമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
35 കോടിയുടെ ബോണ്ട് സ്വന്തമാക്കിയ ലക്ഷ്മി നിവാസ് മിത്തല്‍ ആണ് ഇതിലെ പ്രമുഖന്‍. ഫോബ്‌സ് പട്ടികയില്‍ 1,670 കോടിയാണ് ഇദ്ദേഹത്തിന്റെ ആസ്തിയായി കണക്കാക്കിയിട്ടുള്ളത്. ലോകത്തെ ഏറ്റവും വലിയ മുന്‍നിര സ്റ്റീല്‍ നിര്‍മ്മാണ കമ്പനിയായ ആര്‍സെലര്‍ മിത്തല്‍ കമ്പനിയുടെ എക്‌സിക്യുട്ടിവ് ചെയര്‍മാനും സിഇഒയുമാണ് ലക്ഷ്മി നിവാസ്.
25 കോടിയുടെ ബോണ്ട് വാങ്ങിയ ലക്ഷ്മിദാസ് വല്ലഭ്ദാസ് മെര്‍ച്ചന്റാണ് മറ്റൊരു പ്രമുഖന്‍. റിലയന്‍സ് ലൈഫ് സയന്‍സസ്, റിലയന്‍സ് ഇന്‍ഫോസൊലൂഷന്‍സ്, റിലയന്‍സ് ഗ്ലോബല്‍ മാനേജ്‌മെന്റ് സര്‍വിസസ്, റിലയന്‍സ് മിഡിയ ട്രാന്‍സ്മിഷന്‍ തുടങ്ങിയ നിരവധി കമ്പനികളുടെ ഡയറക്ടറാണ് അദ്ദേഹം. 2023 നവംബറിലാണ് ഇദ്ദേഹം ബോണ്ട് വാങ്ങിയത്.
ഇന്റര്‍ ഗ്ലോബ് ഏവിയേഷന്‍ സിഇഒയും ഇന്റിഗോ എയര്‍ലൈന്‍ സ്ഥാപകനുമായ രാഹുല്‍ ഭാട്ടിയയാണ് മറ്റൊരാള്‍. 20 കോടിയുടെ ബോണ്ടാണ് ഇദ്ദേഹം സ്വന്തമാക്കിയത്. 2021 ഏപ്രിലിലായിരുന്നു ഇത്. ഇദ്ദേഹം സ്വന്തമായി വാങ്ങിയതിന് പുറമേ ഇന്‍ഡിഗോയുടെ ഭാഗമായ ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍, ഇന്റര്‍ഗ്ലോബ് എയര്‍ട്രാന്‍സ്‌പോര്‍ട്ട്, ഇന്റര്‍ഗ്ലോബ് റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങളും 36 കോടിയുടെ ബോണ്ട് വാങ്ങിയിട്ടുണ്ട്.
പോളികാബ് ഗ്രൂപ്പ് കമ്പനികളുടെ മാനേജിങ് ഡയറക്ടര്‍ ഇന്ദര്‍ താക്കൂര്‍ദാസ് ജയ്‌സിംഘാനി 14 കോടിയുടെ ബോണ്ടാണ് വാങ്ങിയത്. ഇലക്ട്രിക് വയറുകള്‍ ,പൈപ്പുകള്‍, കേബിളുകള്‍, പിവിസി പൈപ്പുകള്‍ എന്നിവ നിര്‍മ്മിക്കുന്ന വലിയ സ്ഥാപനമാണിത്. 2023 ഏപ്രിലിലും ഓക്ടോബറിലുമാണ് ഇദ്ദേഹം ബോണ്ട് വാങ്ങിയത്.
ലോകോത്തര ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അജന്ത ഫാര്‍മ ലിമിറ്റഡിന്റെ ഉടമയും സഹ സ്ഥാപകനുമായ രാജേഷ് മന്നലാല്‍ അഗര്‍വാള്‍ 13 കോടിയുടെ ബോണ്ടാണ് വാങ്ങിയത്. അമേരിക്കയിലടക്കം കമ്പനികളുള്ള സ്ഥാപനമാണിത്. 2022 ജനുവരിയിലും 2023 ഓക്ടോബറിലുമാണ് ഇദ്ദേഹം ബോണ്ട് വാങ്ങിയത്. ഇദ്ദേഹത്തെ കൂടാതെ, സ്ഥാപനം 4 കോടിയുടെ ബോണ്ട് വാങ്ങിയിട്ടുണ്ട്.
ഓം ഫ്രൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ഡയറക്ടര്‍മാരായ ഹര്‍മേഷ് രാഹുല്‍ ജോഷിയും രാഹുല്‍ ജഗന്നാഥ് ജോഷിയും 10 കോടി വീതമുള്ള ബോണ്ടുകളാണ് വാങ്ങിയത്.
ഫാര്‍മ കമ്പനിയായ ബയോകോണിന്റെ ചെയര്‍മാനും സ്ഥാപകയുമായ കിരണ്‍ മസുംദാര്‍ ഷാ 6 കോടിയുടെ ബോണ്ടാണ് വാങ്ങിയത്. പ്രമുഖ വ്യവസായികളായ ഇന്ദ്രാണി പട്‌നായിക്, സുധാകര്‍ കഞ്ച്രാല എന്നിവര്‍ അഞ്ച് കോടിയുടെ ബോണ്ടുകളാണ് വാങ്ങിയത്.