ബിജെപിയിൽ നിന്ന് പ്രമുഖ നേതാക്കൾ ശരത് പവാർ ക്യാമ്പിലേക്ക്; എതിർപ്പുമായി പ്രവർത്തകർ

പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിന്നവരെ സ്ഥാനാർഥി നിർണയത്തിലടക്കം പരിഗണിക്കണം എന്നാവശ്യപ്പെട്ടാണ് ശരത് പവാറിന്റെ വസതിക്ക് മുന്നിൽ പ്രവർത്തകരുടെ പ്രതിഷേധം അരങ്ങേറിയത്

Update: 2024-10-07 12:28 GMT
Editor : rishad | By : Web Desk
Advertising

മുംബൈ: മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നേതാക്കളുടെ കൂടുമാറ്റം തുടരുന്നു. ബിജെപിയിൽ നിന്നും രണ്ട് പ്രമുഖ നേതാക്കൾ ശരത്പവാറിന്റെ എൻസിപിയിലേക്ക് എത്തിയതാണ് ഏറ്റവും പുതിയ വാർത്ത. അതേസമയം ഇവരെ സ്വീകരിക്കരുതെന്നും പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിന്നവരെ സ്ഥാനാർഥി നിർണയത്തിലടക്കം പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് ശരത് പവാറിന്റെ വസതിക്ക് മുന്നിൽ പ്രവര്‍ത്തകരുടെ പ്രതിഷേധവും അരങ്ങേറി.

ഞായറാഴ്ചയാണ് ഭണ്ഡാര ജില്ലയിലെയും പൂനെയിലെ ജുന്നാർ മേഖലയിൽ നിന്നുമുള്ള നേതാക്കളും പ്രവർത്തകരും ശരത് പവാറിന്റെ വസതിക്ക് മുന്നിൽ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. പാർട്ടിയിലേക്കുള്ള 'ഇൻകമിങ്' തടയണമെന്നും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ തീരുമാനിക്കുമ്പോൾ പ്രതിസന്ധിഘട്ടത്തിൽ ഒപ്പം നിന്നവരെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഇവർ പ്രതിഷേധവുമായി എത്തിയത്. അതേസമയം ശരത് പവാറിന്റെ വസതിക്ക് മുന്നിൽ പ്രവർത്തകരുടെ പ്രതിഷേധപ്രകടനം നടന്നതായി പാർട്ടി വക്താവ് അങ്കുഷ് കാകഡെ സ്ഥരീകരിക്കുകയും ചെയ്തു.

പുതിയ നേതാക്കൾ പാർട്ടിയിൽ ചേരുന്നതിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചില പാർട്ടി പ്രവർത്തകരും നേതാക്കളും അസ്വസ്ഥരാണെന്നത് ശരിയാണെന്ന് അദ്ദേഹം പറഞ്ഞു. പിളർപ്പിന്റെ കാലത്ത് പാർട്ടിയോട് വിശ്വസ്തത പുലർത്തിയ നേതാക്കൾക്ക് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുൻഗണന നൽകണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. ചില പ്രവർത്തകരും നേതാക്കളും ശരത് പവാറിന്റെ വസതിക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയെന്നും അങ്കുഷ് കാകഡെ വ്യക്തമാക്കി.

ബിജെപിയിൽ നിന്നും രണ്ട് നേതാക്കളാണ് ശരത് പവാറിന്റെ പാര്‍ട്ടിയിലെത്തിയത്. കോലാപ്പൂരിലെ പഴയ രാജകുടുംബത്തിൽ നിന്നുള്ള സമർജീത് സിങ് ഘാട്‌കെ,  ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി അടുപ്പമുള്ള മുൻ മന്ത്രി ഹർഷവർധൻ പാട്ടീല്‍ എന്നിവരാണ് എന്‍സിപി(ശരത് പവാര്‍) യിലെത്തിയത്. ശരദ് പവാറിൻ്റെ സാന്നിധ്യത്തിലാണ് ഹർഷവർധൻ പാട്ടീലിനെ എൻസിപിയിൽ സ്വീകരിച്ചത്. ശരത് പവാറിന്റെ പാര്‍ട്ടിയില്‍ പാട്ടീൽ, ചേരുന്നത് ശുഭസൂചനയാണെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. അതേസമയം, സഖ്യകക്ഷിയായ കോൺഗ്രസിൽ നിന്നുള്ള എംഎൽഎ ഹിരാമൻ ഖോസ്‌കർ ശരദ് പവാറിനെ കണ്ടതും അഭ്യൂഹങ്ങള്‍ക്കിടയാക്കി. ഇഗത്പുരി മണ്ഡലത്തിൽ നിന്നുള്ള എംഎല്‍എയയാണ് ഹിരാമൻ ഖോസ്‌കർ.

എംഎൽസി തെരഞ്ഞെടുപ്പിനിടെ ഇദ്ദേഹം ക്രോസ് വോട്ട് ചെയ്തെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. ഇതിനിടെയാണ് അദ്ദേഹം ശരത് പവാറുമായി കൂടിക്കാഴ്ച നടത്തുന്നത്. ക്രോസ് വോട്ട് ചെയ്ത എംഎൽഎമാർക്കെതിരെ നടപടിയെടുക്കേണ്ടെന്നും ഇവര്‍ക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നല്‍കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ഈയൊരു പശ്ചാതലത്തില്‍ കൂടിയാണ് അദ്ദേഹം ശരത് പവാറിന്റെ അടുത്ത് എത്തുന്നത്.

ഇതിനിടെ, ഉചിതമായ സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ പവാറും സുപ്രിയ സുലെയും അഭിമുഖങ്ങളും നടത്തുന്നുണ്ട്. അതേസമയം മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത് തന്നെ പ്രഖ്യാപിക്കും. നേരത്തെ ഹരിയാനക്കൊപ്പം പ്രഖ്യാപിക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പാണ് വൈകുന്നത്. വൈകുന്നതിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News