ഇന്ത്യൻ ജനാധിപത്യത്തോടുള്ള വെല്ലുവിളി; മോദിക്കെതിരായ ബിബിസി ഡോക്യമെന്‍ററിക്കെതിരെ പ്രമുഖർ
ഡോക്യുമെന്ററി ഇന്ത്യൻ ജനാധിപത്യത്തോടുള്ള വെല്ലുവിളിയെന്നാണ് പ്രസ്താവന
ന്യൂ ഡൽഹി: ബിബിസി ഡോക്യുമെന്ററിക്കെതിരെ 302 പ്രമുഖർ രംഗത്ത്. മുൻ ജഡ്ജിമാർ, ഐ.പി.എസ്,ഐ.എഫ്.എസ് ഓഫീസർമാർ തുടങ്ങിയവർ പ്രസ്താവനയിൽ ഒപ്പിട്ടു. ഡോക്യുമെന്ററി ഇന്ത്യൻ ജനാധിപത്യത്തോടുള്ള വെല്ലുവിളിയെന്നാണ് പ്രസ്താവന.
നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററി ഷെയർ ചെയ്യുന്ന ട്വീറ്റുകൾ തടയാൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു. ചിലരുടെ ട്വീറ്റുകൾ ട്വിറ്റർ തന്നെ നീക്കം ചെയ്ത് തുടങ്ങിയിട്ടുണ്ട്. യൂട്യൂബിനോട് ഡോക്യുമെന്ററി ലിങ്കുകള്‍ നീക്കം ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്.
തൃണമൂൽ കോൺഗ്രസ് എം.പി ഡെറിക് ഒബ്രിയാന്റെ അടക്കം ട്വീറ്റുകളാണ് ട്വിറ്റർ നീക്കം ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്ര സർക്കാർ ഡോക്യുമെന്ററിക്കെതിരെ പരസ്യമായി രംഗത്തു വന്നിരുന്നു. നരേന്ദ്ര മോദിയേയും ഇന്ത്യൻ സർക്കാരിനെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് ഡോക്യുമെന്ററിക്ക് പിന്നിൽ എന്നായിരുന്നു ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രതികരണം.
ഇന്ത്യൻ സർക്കാരിനോട് ഈ വിഷയത്തിൽ അഭിപ്രയങ്ങള്‍ ചോദിച്ചിരുന്നെങ്കിലും പ്രതികരിക്കാൻ തയാറായില്ല എന്നാണ് ബി.ബി.സിയുടെ വിശദീകരണം.
ഗുജറാത്ത് വംശഹത്യ സമയത്ത് മുഖ്യമന്ത്രിയായിരുന്ന മോദിക്ക് വംശഹത്യയിൽ പങ്കുണ്ടെന്നായിരുന്നു ഡോക്യുമെന്ററിയിലെ ഉള്ളടക്കം. ഡോക്യുമെന്ററിയുടെ ഒന്നാം ഭാഗമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നുത്. രണ്ടാം ഭാഗം ചൊവ്വാഴ്ച പുറത്തിറങ്ങാനിരിക്കെയാണ് കേന്ദ്ര സർക്കാരിന്‍റെ തടയൽ നടപടി. കേന്ദ്ര സർക്കാരിന്‍റെ നടപടിക്കെതിരെ പ്രതിഷേധങ്ങളും ശക്തമാണ്.