'തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ ഇന്ധനവില വർധിപ്പിച്ചു': പാര്‍ലമെന്‍റ് സ്തംഭിപ്പിച്ച് പ്രതിപക്ഷം

വിലവർധന ജനജീവിതം ദുസ്സഹമാക്കിയെന്നും വിഷയം സഭ ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

Update: 2022-03-22 08:32 GMT
Advertising

ഇന്ധന വില വർധിപ്പിച്ചതിനെതിരെ പാർലമെന്‍റിൽ കടുത്ത പ്രതിഷേധം. വിലവർധന ജനജീവിതം ദുസ്സഹമാക്കിയെന്നും വിഷയം സഭ ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.

തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ കേന്ദ്ര സർക്കാർ ഇന്ധന വില വർധിപ്പിക്കുകയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് അധിർ രഞ്ജൻ ചൗധരി കുറ്റപ്പെടുത്തി. നരേന്ദ്ര മോദി സർക്കാർ പാവപ്പെട്ടവർക്ക് നേരെ ഒരിക്കൽ കൂടി തിരിഞ്ഞിരിക്കുന്നുവെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുന ഖാർഗെ ആരോപിച്ചു. ഇന്ധന വില വർധനയിലൂടെ മോദി സര്‍ക്കാര്‍ പതിനായിരക്കണക്കിന് കോടി രൂപയ്ക്ക് മുകളിൽ സ്വന്തം പോക്കറ്റിലേക്ക് എത്തിച്ചെന്നും ഖാര്‍ഗെ പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് വില വർധനവ് പിടിച്ചുനിർത്തി കേന്ദ്ര സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന് എളമരം കരീം എംപി വിമര്‍ശിച്ചു. വിഷയം പാർലമെന്‍റില്‍ ഉന്നയിക്കാൻ പോലും അവസരം നൽകിയില്ലെന്നും എളമരം കരീം പറഞ്ഞു.

പെട്രോള്‍, ഡീസല്‍ വില വര്‍ധനവിന് പിന്നാലെ പാചകവാതക വിലയും കൂട്ടി

പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസൽ ലീറ്ററിന് 85 പൈസയുമാണ് ഇന്ന് കൂട്ടിയത്. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപ കൂടി. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെ തുടർന്ന് നാല് മാസമായി ഇന്ധന വിലയില്‍ മാറ്റമില്ലായിരുന്നു. തെരഞ്ഞെടുപ്പു ഫലത്തിനു പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോർട്ടുകളുണ്ടായെങ്കിലും, ഫലം വന്ന് ഒരാഴ്ച കഴിഞ്ഞതോടെയാണ് വര്‍ധനവ് വീണ്ടും തുടങ്ങിയത്.

വര്‍ധനവ് നിലവില്‍ വന്നതോടെ തിരുവനന്തപുരത്ത് പെട്രോളിന് 107 രൂപ 31 പൈസയും ഡീസലിന് 94 രൂപ 41 പൈസയുമായി. കൊച്ചിയില്‍ പെട്രോളിന് 105 രൂപ 18 പൈസയും ഡീസല്‍ വില 92 രൂപ 40 പൈസയുമായി. കോഴിക്കോട് പെട്രോള്‍ വില 105 രൂപ 45 പൈസയും ഡീസല്‍ വില 92 രൂപ 61 പൈസയുമായി. കൊച്ചിയിലെ പുതിയ പാചക വാതക വില 956 രൂപയാണ്. 5 കിലോയുടെ ചെറിയ സിലിണ്ടറിന്‍റെ വില 13 രൂപ കൂടി 352 രൂപയായി. നേരത്തെ വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്‍റെ വിലയില്‍ വര്‍ധനവ് വരുത്തിയിരുന്നു.




Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News