സമര പന്തൽ പൊളിച്ച് നീക്കിയാലും സമരം തുടരുമെന്ന് ഗുസ്തി താരങ്ങൾ

അപേക്ഷ നൽകിയാൽ മറ്റൊരു വേദി അനുവദിക്കാമെന്ന് ഡൽഹി പൊലീസ്

Update: 2023-05-29 11:36 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡല്‍ഹി: ജന്തർ മന്ദറിലെ സമര പന്തൽ പൊളിച്ച് നീക്കിയാലും സമരം തുടരുമെന്ന് ഗുസ്തി താരങ്ങൾ. അപേക്ഷ നൽകിയാൽ ജന്തർ മന്ദറിന് പകരം മറ്റൊരു വേദി അനുവദിക്കാമെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. ഇന്നലെ നടന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ജന്തർ മന്ദറിലേക്കുള്ള റോഡിൽ പൊലീസ് സുരക്ഷ ശക്തമാക്കി.

ഗുസ്തി ഫെഡറേഷന് അധ്യക്ഷൻ ബ്രിജ്ഭൂഷൺ ശരൺ സിംഗിൻ്റെ അറസ്റ്റ് ആവശ്യപ്പെട്ട് കായിക താരങ്ങൾ ഇന്നലെ നടത്തിയ പാർലമെൻ്റ് മാർച്ചിന് എതിരെ ബിജെപി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി വ്യാപകമായി വ്യാജ പ്രചാരണമാണ് നടത്തുന്നത്. ഇത്തരം പ്രചാരണങ്ങൾ നടത്തുന്നത് ഹൃദയമില്ലാത്തവരാണെന്ന് ഗുസ്തി താരങ്ങൾ കുറ്റപ്പെടുത്തി. സമാധാനപൂർവം മഹാപഞ്ചായത്ത് നടത്താൻ പൊലീസ് അനുവദിച്ചില്ലെന്ന് ഗുസ്തി താരം സാക്ഷി മാലിക് ആരോപിച്ചു.

ഇന്നലെ താരങ്ങളെ അറസ്റ്റ് ചെയ്തു നീക്കിയതിന് പിന്നാലെ ആണ് ജന്തർ മന്ദറിലെ സമര പന്തൽ പൊലീസ് പൊളിച്ച് നീക്കിയത്. ഇന്ന് രാവിലെ ജന്തർ മന്ദറിലേക്ക് പോകാൻ ശ്രമിച്ച താരങ്ങളെ പൊലീസ് മടക്കി അയച്ചു. ക്രമസമാധാന പ്രശ്നം ഉണ്ടാക്കിയതിനാലാണ് സമരപ്പന്തൽ പൊളിച്ച് നീക്കിയതെന്നും താരങ്ങൾ വീണ്ടും ധർണ നടത്താൻ അനുമതി തേടിയാൽ ജന്തർ മന്ദർ ഒഴികെ മറ്റൊരു സമര വേദി അനുവദിക്കാമെന്നും ഡൽഹി പൊലീസ് അറിയിച്ചു.

ഗുസ്തി താരങ്ങളോടുള്ള കേന്ദ്ര സർക്കാർ സമീപനം ജനാധിപത്യ വിരുദ്ധമാണെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റ് എ.എ റഹീം എം.പി കുറ്റപ്പെടുത്തി.

ഇന്നലെ അറസ്റ്റ് ചെയ്ത വനിതാ താരങ്ങളെ വൈകീട്ടോടെ വിട്ടയച്ചെങ്കിലും ബജ്റംഗ്പൂനിയയെ പൊലീസ് രാത്രി ഏറെ വൈകിയാണ് മോചിപ്പിച്ചത്. ഡൽഹി കേന്ദ്രീകരിച്ച് സമരം തുടരുമെന്ന് വ്യക്തമാക്കിയാണ് സാക്ഷി മാലിക് ഒഴികെയുള്ള താരങ്ങൾ ഹരിയാനയിലേക്ക് മടങ്ങിയത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News