ഗുഡ്ഗാവിൽ ഹിന്ദു സംഘടനകൾ വീണ്ടും ജുമുഅ തടഞ്ഞു
12എ സെക്ടറിലാണ് വിവിധ ഹിന്ദു സംഘടനാ പ്രവർത്തകർ രാവിലെത്തന്നെ സംഘടിച്ചെത്തി നമസ്‌കാരസ്ഥലം നിയന്ത്രണത്തിലാക്കിയത്
ഹരിയാനയിലെ ഗുഡ്ഗാവിൽ ജുമുഅ നമസ്‌കാരം തടസപ്പെടുത്തി വീണ്ടും ഹിന്ദു സംഘടനകൾ. 12എ സെക്ടറിലാണ് വിവിധ ഹിന്ദു സംഘടനാ പ്രവർത്തകർ സംഘടിച്ചെത്തി നമസ്‌കാരസ്ഥലം നിയന്ത്രണത്തിലാക്കിയത്. സ്ഥലത്ത് വോളിബോൾ കോർട്ട് നിർമിക്കുമെന്ന് ഇവർ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
ജുമുഅ നമസ്‌കാരമുള്ള ദിവസമായതിനാൽ രാവിലെ തന്നെ നിരവധി പേർ ഇവിടെയെത്തി സ്ഥലം കൈയടക്കിയിരുന്നു. ഇവിടെ ഒത്തുകൂടിയ സംഘം ജുമുഅ നമസ്‌കാരം അനുവദിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. തുടർന്ന്, സ്ഥലത്ത് ജുമുഅ നടത്തില്ലെന്ന് മുസ്‍ലിം സംഘടനകൾ പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്നും പ്രദേശത്തുനിന്ന് മാറാതെ കുത്തിയിരിക്കുകയായിരുന്നു സംഘം.
ഗുഡ്ഗാവ് സെക്ടർ 12ൽ എല്ലാ വെള്ളിയാഴ്ചയും ജുമുഅ നടന്നിരുന്ന സ്ഥലത്ത് കഴിഞ്ഞയാഴ്ച സംയുക്ത ഹിന്ദു സംഘർഷ് സമിതിയുടെ നേതൃത്വത്തിൽ പൂജ നടന്നിരുന്നു. ഇവിടെ ചാണകം വിതറുകയും ചെയ്തു. പൊലീസ് സംരക്ഷണത്തിൽ ഇവിടെ നടന്നിരുന്ന ജുമുഅ നമസ്‌കാരം പ്രദേശവാസികളുടെയും ഹിന്ദുത്വ സംഘടനകളുടെയും കടുത്ത പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞ രണ്ട് ആഴ്ചകളായി തടസ്സപ്പെട്ടിരുന്നു.
കഴിഞ്ഞ മാസം ജുമുഅ നമസ്‌കാരം തടസ്സപ്പെടുത്തിയതിന് അറസ്റ്റ് ചെയ്യപ്പെട്ട ജാമ്യത്തിൽ ഇറങ്ങിയ ഹിന്ദുത്വ സംഘടനാ പ്രവർത്തകരും വെള്ളിയാഴ്ചത്തെ പൂജയിൽ പങ്കെടുത്തു. ഡൽഹി വംശീയാതിക്രമത്തിന് മുൻപായി പ്രകോപന പ്രസംഗം നടത്തിയ ബി.ജെ.പി നേതാവ് കപിൽ മിശ്രയും ചടങ്ങിൽ സന്നിഹിതനായിരുന്നു.
2018ൽ ഹിന്ദു നേതാക്കളുമായി ചർച്ച നടത്തിയ ശേഷമായിരുന്നു 37 സ്ഥലങ്ങളിൽ ജുമുഅ നമസ്‌കാരത്തിന് ജില്ലാ ഭരണകൂടം അനുമതി നൽകിയത്. ഇതിൽ ചിലയിടങ്ങൾ മാത്രമാണ് പൊതുസ്ഥലങ്ങളായുള്ളത്. ബാക്കിയുള്ളതെല്ലാം സ്വകാര്യ ഉടമസ്ഥതയിലുള്ളവയായിരുന്നു. എന്നാൽ, ഇവിടങ്ങളിൽ ജുമുഅ നമസ്‌കാരം അനുവദിക്കില്ലെന്ന ഭീഷണിയുമായി ഹിന്ദു സംഘടനകൾ രംഗത്തെത്തി. ഇതോടെ കഴിഞ്ഞയാഴ്ച എട്ടിടത്ത് നമസ്‌കാരത്തിന് നൽകിയിരുന്ന അനുമതി ജില്ലാ ഭരണകൂടം റദ്ദാക്കി. ബാക്കി സ്ഥലങ്ങളിൽകൂടി എതിർപ്പ് ഉയരുകയാണെങ്കിൽ അവിടെയും നമസ്‌കാരത്തിനു നൽകിയ അനുമതി റദ്ദാക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.