പി.ജി ഡോക്ടറുടെ കൊലപാതകം: ബംഗാളിൽ പ്രതിഷേധം തുടരുന്നു

തെരുവുകളിൽ ഒ.പിയുമായി ഡോക്ടർമാർ

Update: 2024-09-01 01:45 GMT
Advertising

കൊൽക്കത്ത: പി.ജി ഡോക്ടറുടെ കൊലപാതകത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നു. പൊലീസ് അന്വേഷണം വഴി തിരിച്ചുവിടാൻ ശ്രമിച്ചുവെന്നാണ് സർക്കാരിനെതിരെ ഉയരുന്ന ആരോപണം. ഡോക്ടർമാർ സമരം അവസാനിപ്പിച്ച് ജോലിക്ക് പ്രവേശിക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു.

എന്നാൽ, കൊല്ലപ്പെട്ട ഡോക്ടർക്ക് നീതി ഉറപ്പാക്കും വരെ സമരത്തിൽനിന്ന് പിന്നോട്ടില്ലെന്നാണ് ഡോക്ടർമാരുടെ സംഘടന അറിയിച്ചിരിക്കുന്നത്. ഇന്ന് പി.ജി ഡോക്ടർമാർ കൊൽക്കത്തയിലെ ആറിടങ്ങളിൽ അഭയ എന്ന പേരിൽ തെരുവിൽ രോഗികൾക്ക് ഒ. പി നൽകും.

ജോയിന്റ് ഡോക്ടർസ് കൗൺസിലിന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം സി.ബി.ഐ ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സി.ബി.ഐ അന്വേഷണം കൃത്യമായ ദിശയിലല്ല എന്നാണ് ഡോക്ടർമാരുടെ ആരോപണം. നാളെ ഡി.ജി.പി ഓഫിസിലേക്ക് മാർച്ചിനും ആഹ്വാനം ചെയ്തിട്ടുണ്ട്. കേസിലെ പ്രതികളെ സംരക്ഷിക്കാനും തെളിവുകൾ നശിപ്പിക്കാനുമാണ് മമതാ സർക്കാർ ശ്രമിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്.

അതേസമയം പ്രതിഷേധത്തിന്റെ മറവിൽ അക്രമം അഴിച്ചുവിട്ട് സംസ്ഥാനത്തിന്റെ ക്രമസമാധാന നില തകർക്കുകയാണ് ബി.ജെ.പിയെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നു. അതിനിടെ ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ പ്രോട്ടോക്കോൾ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ദേശീയ കർമസമിതിക്ക് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കത്തെഴുതി.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News