ഭാര്യയുടെയും കുടുംബത്തിൻ്റെയും മാനസിക പീഡനം; 24 പേജ് കുറിപ്പെഴുതി ജീവനൊടുക്കി യുവാവ്
നാല് വയസുകാരനായ മകനെ തനിക്കെതിരെ ഭാര്യ ആയുധമാക്കുന്നെന്നും കുറിപ്പിൽ
ബംഗളൂരു: ഭാര്യയ്ക്കും ഭാര്യയുടെ കുടുംബത്തിനുമെതിരെ 24 പേജ് കുറിപ്പെഴുതി യുവാവ് ആത്മഹത്യ ചെയ്തു. യുപി സ്വദേശിയായ അതുൽ സുഭാഷാണ് (34) ഭാര്യയുടെയും കുടുംബത്തിന്റെയും പീഡനം സഹിക്കാൻ വയ്യെന്ന് കുറിപ്പെഴുതി ആത്മഹത്യ ചെയ്തത്. കുറിപ്പിനൊപ്പം ഒന്നര മണിക്കൂർ ദൈർഘ്യമുള്ള വീഡിയോയും ഇയാൾ റെക്കോഡ് ചെയ്തിരുന്നു.
ഭാര്യയുമായി വേർപ്പെട്ട് ജീവിക്കുകയായിരുന്നു സുഭാഷ്. 'നീതി വൈകി' എന്ന തലക്കെട്ടോടെ തുടങ്ങുന്ന കുറിപ്പിൽ തനിക്കെതിരെ ഭാര്യയും കുടുംബവും കേസുകൾ കെട്ടിച്ചമക്കുകയാണെന്നും നിരന്തരമായി പീഡിപ്പിക്കുകയാണെന്നും സുഭാഷ് കുറിക്കുന്നു. ഭാര്യയും ഭാര്യയുടെ അമ്മയും സഹോദരനും ചേർന്നാണ് തന്നെ ബുദ്ധിമുട്ടിക്കുന്നത്, തന്റെ നിരപരാധിയായ നാല് വയസുള്ള മകനെ തന്റെ സ്വത്ത് അപഹരിക്കാനായി ആയുധമാക്കുകയാണെന്നും സുഭാഷ് കുറിച്ചിട്ടുണ്ട്. തനിക്കെതിരെ കൊലപാതകവും ലൈംഗികപീഡനവുമടക്കം നിരവധി കേസുകൾ ഭാര്യയും കുടുംബവും നൽകിയിട്ടുണ്ടെന്നും മാസം രണ്ട് ലക്ഷം രൂപ വീതം ഇവർ ആവശ്യപ്പെടുന്നുണ്ടെന്നും സുഭാഷ് എഴുതിയിട്ടുണ്ട്.
തന്റെ ആത്മഹത്യാക്കുറിപ്പ് നിരവധിയാളുകൾക്ക് അയച്ചാണ് സുഭാഷ് ജീവനൊടുക്കിയത്. ഇത് കൂടാതെ ആത്മഹത്യ ചെയ്ത വീടിന്റെ ഭിത്തിയിൽ 'നീതി വൈകി' എന്ന് പ്ലാക്കാർഡിൽ എഴുതിവെക്കുകയും ചെയ്തിരുന്നു. സുഭാഷ് റെക്കോഡ് ചെയ്ത വീഡിയൊ സമൂഹമാധ്യമങ്ങളിൽ വൻതോതിലാണ് പ്രചരിക്കുന്നത്.
സംഭവത്തിൽ സുഭാഷിന്റെ ഭാര്യയ്ക്കും കുടുംബത്തിനുമെതിരെ സുഭാഷിന്റെ സഹോദരന്റെ പരാതിയിൽ കേസെടുത്തു. സുഭാഷിന്റെയും ഭാര്യയുടെയും വിവാഹമോചന കേസ് ഉത്തർപ്രദേശിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സുഭാഷിനെതിരെ കേസുകൾ നിരന്തരമായി കെട്ടിച്ചമച്ചിരുന്നെന്നും കേസുകൾ ഒത്തുതീർക്കണമെങ്കിൽ മൂന്ന് കോടി നൽകണമെന്ന് ഭാര്യയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നെന്നും സഹോദരൻ പറഞ്ഞു. കേസിൽ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.