ചരിത്രത്തിലേക്ക് ചവിട്ടിക്കയറി രണ്ടുകുട്ടികളുടെ അമ്മ; ദുർഘടമായ ലേ-മണാലി 55 മണിക്കൂറും 13 മിനിറ്റും കൊണ്ട് കീഴടക്കി പ്രീതി മാസ്കെ
ഭയത്തെ മറികടക്കാൻ കഴിയുമെങ്കിൽ ഏതൊരു സ്ത്രീക്കും എന്തും സാധിക്കുമെന്നും 21 ഉം 19 ഉം വയസുള്ള മക്കളുടെ അമ്മ കൂടിയായ പ്രീതി പറയുന്നു
ലേഹ്: ആഗ്രഹങ്ങൾക്ക് മുന്നിൽ പ്രായം വെറും അക്കം മാത്രമാണ് വീണ്ടും തെളിയിക്കുകയാണ് പ്രീതി മാസ്കെയെന്ന 45 കാരി. 55 മണിക്കൂറും 13 മിനിറ്റും കൊണ്ട് ലേയിൽ നിന്ന് മണാലിയിലേക്ക് സൈക്കിൾ ചവിട്ടിക്കയറുന്ന ആദ്യ വനിതയെന്ന നേട്ടം സ്വന്തമാക്കി പുതിയ ലോക റെക്കോർഡിട്ടിരിക്കുകയാണ് പുനൈ സ്വദേശിനിയായ പ്രീതി മാസ്‌കെ. അൾട്രാ സൈക്ലിംഗ് ലോക റെക്കോർഡാണ് ഈ 45 കാരി സ്വന്തക്കായിരിക്കുന്നത്.
ഇഷ്ടങ്ങളെ സ്വന്തമാക്കാൻ പ്രായം ഒരു തടസമല്ലെന്ന് രണ്ട് കുട്ടികളുടെ അമ്മ കൂടിയായ പ്രീതി പറഞ്ഞു. തന്റെ നേട്ടത്തിന്റെ സന്തോഷം പങ്കുവെക്കുകയായിരുന്നു അവർ. അസുഖത്തെ മറികടക്കാൻ വേണ്ടി 40-ാം വയസ്സിലാണ് പ്രീതി സൈക്കിൾ ചവിട്ടാൻ തുടങ്ങിയത്. ഭയത്തെ മറികടക്കാൻ കഴിയുമെങ്കിൽ ഏതൊരു സ്ത്രീക്കും എന്തും സാധിക്കുമെന്നും 21 വയസുള്ള മകളുടെയും 10 വയസുള്ള മകന്റെയും അമ്മകൂടിയായ പ്രീതി പറയുന്നു.ഉയർന്ന പ്രദേശങ്ങളിൽ ശ്വാസതടസ്സം കാരണം രണ്ട് തവണ ഓക്‌സിജൻ എടുക്കേണ്ടി വന്നതായും പ്രീതി പറഞ്ഞു.
430 കിലോമീറ്ററാണ് സൈക്കിളിൽ പ്രീതി പിന്നിട്ടതെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ് അധികൃതർ വ്യക്തമാക്കി. 6,000 കിലോമീറ്റർ ദൂരമുള്ള ഗോൾഡൻ ക്വാഡ്രിലാറ്ററലിൽ ഏറ്റവും വേഗതയേറിയ വനിതാ സൈക്ലിസ്റ്റ് എന്ന റെക്കോർഡും പ്രീതി സ്വന്തമാക്കി.
8,000 മീറ്റർ ഉയരത്തിലുള്ള ഈ പാതയിലൂടെയുള്ള സൈക്കിക്ലിങ് വളരെ ദുഷ്‌കരമായിരുന്നുവെന്ന് വിദഗ്ധർ പറഞ്ഞു. ഈ ദൂരം പൂർത്തിയാക്കാൻ ഗിന്നസ് വേൾഡ് റെക്കോർഡ് അവർക്ക് 60 മണിക്കൂർ സമയമാണ് നൽകിയിരുന്നത്. എന്നാൽ നൽകിയ സമയത്തേക്കാൾ അഞ്ചുമണിക്കൂർ മുമ്പേ പ്രീതി ലക്ഷ്യം പൂർത്തിയാക്കി.
കടുത്ത വെയിലിലും തണുത്തുറഞ്ഞ കാലാവസ്ഥയിലും ശക്തമായ കാറ്റിലും മഞ്ഞുവീഴ്ചയിലും സൈക്കിൾ ഓടിച്ചാണ് പ്രീതി ലക്ഷ്യസ്ഥാനത്തേക്ക് എത്തിയതെന്ന് ക്രൂ അംഗമായ ആനന്ദ് കൻസാൽ പറഞ്ഞു. സാറ്റലൈറ്റ് ഫോണും മെഡിക്കൽ അസിസ്റ്റന്റും ഉള്ള രണ്ട് സപ്പോർട്ട് വെഹിക്കിളുകളും പ്രീതിക്കൊപ്പമുണ്ടായിരുന്നു.
നിലവിൽ ദീർഘദൂര സൈക്ലിങ്ങിൽ നിരവധി റെക്കോർഡുകൾ പ്രീതിയുടെ പേരിലുണ്ട്.