പണി കിട്ടി ​ഗയ്സ്; കെട്ടിടത്തിൽ തൂങ്ങിക്കിടന്ന് റീൽസ് ചെയ്ത പെൺകുട്ടിക്കും സുഹൃത്തുക്കൾക്കുമെതിരെ കേസ്

ജീവൻ അപകടത്തിലാക്കുന്ന തരത്തിലായിരുന്നു ഇവരുടെ റീൽ ചിത്രീകരണം.

Update: 2024-06-21 10:29 GMT
Advertising

പൂനെ: 50 അടിയോളം ഉയരുമുള്ള കെട്ടിടത്തിൽ തൂങ്ങിക്കിടന്ന് അപകടകരമാംവിധം ഇൻസ്റ്റഗ്രാം റീൽ ചിത്രീകരിച്ച പെൺകുട്ടിക്കും നാല് സുഹൃത്തുക്കൾക്കുമെതിരെ കേസ്. മഹാരാഷ്ട്ര പൂനെയിലായിരുന്നു സംഭവം. ജീവന് ഭീഷണിയായി അപകടരമായ പ്രവൃത്തി ചെയ്തെന്ന വകുപ്പ് ചുമത്തി ഭാരതി വിദ്യാപീഠം പൊലീസാണ് കേസെടുത്തത്.

സംഭവത്തിൽ പെൺകുട്ടിയെയും സുഹൃത്തുക്കളേയും വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നും സമ്മർദത്തിന് വഴങ്ങിയാണോ ഇത്തരമൊരു പ്രവൃത്തി ചെയ്തതെന്ന് സ്ഥിരീകരിക്കാനാണിതെന്നും പൊലീസ് അറിയിച്ചു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യം തീരുമാനിക്കുമെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു.

പൂനെ സ്വദേശിയായ പെൺകുട്ടിയും സുഹൃത്തുക്കളുമാണ് അപകടത്തിന്ന് ഇടയാക്കുന്ന തരത്തിൽ ഇൻസ്റ്റഗ്രാം റീൽ ചിത്രീകരിച്ചത്. ജംബുൽവാഡിയിലെ സ്വാമിനാരായണ ക്ഷേത്രത്തിന് സമീപമുള്ള ഒരു കോട്ട പോലുള്ള കെട്ടിടത്തിലായിരുന്നു ഇത്. ജീവൻ അപകടത്തിലാക്കുന്ന തരത്തിലായിരുന്നു ഇവരുടെ റീൽ ചിത്രീകരണമെന്ന് സീനിയർ ഇൻസ്പെക്ടർ ദശരത് പാട്ടീൽ പറഞ്ഞു.

ഇവർക്കെതിരെ ഐപിസി 336, 34 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് പെൺകുട്ടി ഒരു ആൺകുട്ടിയുടെ കൈയിൽ പിടിച്ച് താഴേക്ക് തൂങ്ങിക്കിടക്കുന്നതാണ് റീലായി ചിത്രീകരിച്ചത്.

ആൺകുട്ടിയുടെ കൈയിൽ പിടിച്ച് തൂങ്ങിക്കിടന്ന് പെൺകുട്ടി ആടുന്നതും സുഹൃത്തായ മറ്റൊരാൾ ദൃശ്യങ്ങൾ മൊബൈൽ കാമറയിൽ ചിത്രീകരിക്കുന്നതും കാണാം. വലിയ കല്ലുകൾ നിറഞ്ഞ സ്ഥലത്തെ ബഹുനില കെട്ടിടത്തിലാണ് കൗമാരാക്കാരായ നാലംഗ സംഘം റീൽ ചിത്രീകരിച്ചത്.

സുരക്ഷാ മുൻകരുതലില്ലാതെ അപകടകരമായ നിലയിൽ റീൽ ചിത്രീകരിച്ചതിനെതിരെ രൂക്ഷ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നത്. പൊലീസ് ഉദ്യോഗസ്ഥരെ ടാഗ് ചെയ്ത് നിരവധി പേരാണ് കൗമാരക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് രം​ഗത്തെത്തിയത്. 



Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News