പൂനെ പോർഷെ അപകടം; അമ്മയുടെ രക്തസാമ്പിളുകൾ ഉപയോഗിച്ചതായി ഫോറൻസിക് ലാബ് റിപ്പോർട്ട്
പ്രതിയുടെ മാതാപിതാക്കളുടെ പൊലീസ് കസ്റ്റഡി ജൂൺ 10 വരെ നീട്ടി
പൂനെ: മദ്യലഹരിയിൽ ആഡംബര കാറോടിച്ച് രണ്ടു പേരെ കൊലപ്പെടുത്തിയ 17കാരന്റേതിനു പകരം അമ്മയുടെ രക്തസാമ്പിളുകൾ ഉപയോഗിച്ചതായി പൊലീസ് കോടതിയിൽ അറിയിച്ചു. ഫോറൻസിക് ലബോറട്ടറി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ഥിരീകരണമെന്നും പൊലീസ് വ്യക്തമാക്കി. അപകടത്തിന് പിന്നാലെ പരിശോധനക്കായി 17കാരൻറെ രക്തസാമ്പിളുകൾ ശേഖരിച്ചെങ്കിലും പ്രതിയുടെ രക്തസാമ്പിളിനു പകരം അമ്മയുടെ രക്തസാമ്പിൾ ഉപയോഗിച്ചാണ് ഡോക്ടർമാർ പരിശോധന നടത്തിയത്. പ്രതിയുടെ രക്തസാമ്പിളിൽ കൃത്രിമം കാണിച്ചതിന് സസൂൺ ആശുപത്രിയിലെ ഫോറൻസിക് മെഡിസിൻ വിഭാഗം മേധാവി ഡോ. അജയ് തവാരെ, മെഡിക്കൽ ഓഫീസർ ഡോ. ശ്രീഹരി ഹൽനോർ, അതുൽ ഘട്കാംബ്ലെ എന്ന ജീവനക്കാരൻ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രതിയുടെ കുടുംബത്തിൽ നിന്നുള്ള നാലാമത്തെ അറസ്റ്റാണിത്. നേരത്തെ പിതാവ് വിശാൽ അഗർവാളിനെയും മുത്തച്ഛൻ സുരേന്ദ്ര അഗർവാളിനെയും അറസ്റ്റ് ചെയ്തിരുന്നു. പ്രതിയുടെ മാതാപിതാക്കളുടെ പൊലീസ് കസ്റ്റഡി ജൂൺ 10 വരെ നീട്ടി.
അപകടത്തിനു ശേഷം പ്രതിയടക്കം കാറിലുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളുടെയും രക്തസാമ്പിളുകൾ എടുത്തിരുന്നു. എന്നാൽ പരിശോധനാഫലം നെഗറ്റീവായിരുന്നു. അപകടത്തിനു മുൻപ് 17കാരൻ മദ്യപിക്കുന്നതിൻറെ സിസി ടിവി ദൃശ്യങ്ങൾ കൈവശമുണ്ടെന്ന് അവകാശപ്പെട്ട പൊലീസ്, ഇവരുടെ സാമ്പിളുകൾ എങ്ങനെയാണ് നെഗറ്റീവ് ആയതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ്.
അമ്മയുടെ രക്തസാമ്പിൾ സിസി ടിവി ഇല്ലാത്ത സ്ഥലത്തു നിന്നാണ് എടുത്തതെന്ന് പൂനെ പൊലീസ് കോടതിയിൽ പറഞ്ഞിരുന്നു. പിന്നീട് ഡോക്ടർമാരും ജീവനക്കാരും ചേർന്ന് 17കാരൻറെ സാമ്പിൾ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുകയും പ്രതിയുടെ സാമ്പിളെന്ന് പറഞ്ഞ് അമ്മയുടേത് നൽകുകയുമായിരുന്നു. എന്നാൽ 17കാരൻറെ രക്തമെടുത്ത സിറിഞ്ച് ആശുപത്രി ജീവനക്കാർ നശിപ്പിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. അപകടവുമായി ബന്ധപ്പെട്ട് പൂനെ പൊലീസ് കമ്മീഷണർ അമിതേഷ് കുമാറിനെ സ്ഥലം മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒരു റിട്ടയേർഡ് ബ്യൂറോക്രാറ്റ് മഹാരാഷ്ട്ര മനുഷ്യാവകാശ കമ്മീഷന് കത്തയച്ചിട്ടുണ്ട്.
പൂനെയിലെ കല്യാണി നഗറിൽ മേയ് 19 ഞായറാഴ്ച പുലർച്ചെയോടെയാണ് അപകടമുണ്ടായത്. മദ്യലഹരിയിൽ അമിത വേഗത്തിൽ കാറോടിച്ച 17കാരൻ ബൈക്ക് യാത്രികരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ ഐടി പ്രൊഫഷണലുകളായ യുവാക്കൾ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. മദ്യപ്രദേശ് സ്വദേശികളായ അനീഷ് അവാഡിയ, അശ്വിനി കോസ്റ്റ എന്നിവരാണ് മരിച്ചത്. യുവാക്കളെ ഇടിച്ചിട്ട കാർ റോഡിലെ നടപ്പാതയിൽ ഇടിച്ചാണ് നിന്നത്. സംഭവത്തിന് പിന്നാലെ 17കാരനെ നാട്ടൂകാർ പിടികൂടിയാണ് പൊലീസിൽ ഏൽപ്പിച്ചത്. ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ 17കാരനെ മണിക്കൂറുകൾക്ക് ശേഷം ജാമ്യത്തിൽ വിട്ടയച്ചത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. പിന്നീട് ജാമ്യം ജുവനൈൽ ജസ്റ്റിസ് ബോർഡ് റദ്ദാക്കിയിരുന്നു.