പോർഷെ അപകടം: 'രക്തപരിശോധനക്ക് മുമ്പ് പ്രതിയുടെ പിതാവുമായി സംസാരിച്ചത് 14 തവണ'; അറസ്റ്റിലായ ഡോക്ടർമാരെ പിരിച്ചു വിട്ടു

രക്തസാമ്പിളുകൾ മാറ്റുകയും പതിനേഴുകാരന്റെ പരിശോധനയിൽ മദ്യത്തിന്റെ അംശമില്ലെന്നുമുള്ള റിപ്പോർട്ടുകൾ നല്‍കിയിരുന്നു

Update: 2024-05-30 04:39 GMT
Editor : Lissy P | By : Web Desk
Advertising

പൂന: പൂനെയിൽ മദ്യപിച്ച് പതിനേഴുകാരൻ ഓടിച്ച പോർഷെ കാറിടിച്ച് രണ്ട് സോഫ്റ്റ് വെയർ എഞ്ചിനീയർമാർ കൊല്ലപ്പെട്ട സംഭവത്തിൽ തിരിമറി നടന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. അപകടത്തിന് പിന്നാലെ പ്രതിയുടെ രക്തപരിശോധനയിൽ തിരിമറി നടത്തിയ രണ്ടു ഡോക്ടർമാരെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സാസൂൺ ജനറൽ ആശുപത്രിയിലെ ഫോറൻസിക് മെഡിസിൻ വിഭാഗം മേധാവി ഡോ. അജയ് താവ്രെ,ഡോ.ഹർനോർ എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

രക്തപരിശോധനക്ക് അയച്ച സാമ്പിളുകൾ മാറ്റുകയും പതിനേഴുകാരന്റെ രക്തപരിശോധനയിൽ മദ്യത്തിന്റെ അംശമില്ലെന്നുമുള്ള റിപ്പോർട്ടുകൾ നൽകുകയും ചെയ്തതിനാണ് അറസ്റ്റ്. രക്തപരിശോധനക്ക് മുമ്പ് ഡോ. അജയ് താവ്രെ പ്രതിയുടെ പിതാവും ബിൽഡറുമായ വിശാൽ അഗർവാളുമായി ഫോണിൽ 14 തവണയെങ്കിലും സംസാരിച്ചതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. രക്തസാമ്പിൾ ഫലത്തിൽ കൃത്രിമം കാണിക്കാനും തെളിവുകൾ നശിപ്പിക്കാനുമുള്ള ഗൂഢാലോചനയാണ് ഫോൺ സംഭാഷണത്തിൽ നടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. അറസ്റ്റിന് പിന്നാലെ ഡോക്ടർമാർക്കെതിരെ ആശുപത്രി കർശന നടപടിയെടുത്തു.ഡോ. ശ്രീഹരി ഹാൽനോറിനെ സാസൂൺ ജനറൽ ആശുപത്രി പിരിച്ചുവിട്ടു.

ഹൽനോറിന് പുറമെ ആശുപത്രി ഫോറൻസിക് മെഡിസിൻ വിഭാഗം മേധാവി ഡോക്ടർ തവാരെയെ ആശുപത്രി സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇവർക്കുപുറമെ ആശുപത്രി ജീവനക്കാരനായ അതുൽ ഘട്കാംബ്ലെ അറസ്റ്റ് ചെയ്തിരുന്നു. മെയ് 19 നാണ് പൂനെയിലെ കല്യാണി നഗറിൽ പതിനേഴുകാരൻ ഓടിച്ച പോർഷെ കാറിടിച്ച് അപകടമുണ്ടായത്. സംഭവത്തിന് മുമ്പ് പ്രതി കൂട്ടുകാർക്കൊപ്പം പബ്ബുകളിൽ നിന്ന് മദ്യപിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News