17 കാരൻ ഓടിച്ച പോർഷെ കാറിടിച്ച് രണ്ടുപേര്‍ മരിച്ച സംഭവം: 'പ്രതിയെ പിസയും ബർഗറും നൽകി സല്‍ക്കരിച്ചു'; പൊലീസിനെതിരെ ഗുരുതര ആരോപണം
പ്ലസ് ടു പാസായതിന്റെ ആഘോഷങ്ങൾക്ക് ശേഷം ബാറിൽ നിന്ന് മടങ്ങുന്ന സമയത്താണ് അപകടമുണ്ടായത്
പൂന: പൂനെയിൽ 17 കാരൻ ഓടിച്ച പോർഷെ കാറിടിച്ച് രണ്ടുപേർ മരിച്ച സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണം. അപകടമുണ്ടാക്കി പൊലീസ് സ്റ്റേഷനിലെത്തിച്ച 17 കാരന് പിസയും ബർഗറും ബിരിയാണിയും വാങ്ങി നൽകിയെന്നാണ് ആരോപണം. രണ്ടുപേരെ കാറിടിച്ച് കൊലപ്പെടുത്തിയിട്ടും 14 മണിക്കൂറിനുള്ളിൽ കൗമാരക്കാരന് ജാമ്യം ലഭിച്ചതിൽ വലിയ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് സ്റ്റേഷനിൽ വെച്ച് കൗമാരക്കാരന് ഭക്ഷണം പിസയും ബർഗറും വാങ്ങി നൽകിയെന്ന ആരോപണം പ്രതിപക്ഷനേതാക്കൾ ഉന്നയിച്ചത്.
പൂനെ പൊലീസ് കമ്മീഷണർ അമിതേഷ് കുമാറിനെ പിരിച്ചുവിടണമെന്ന് ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടു.മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ എൻസിപി വിഭാഗത്തിലെ ഒരു എംഎൽഎ പൊലീസ് സ്റ്റേഷനിൽ ഹാജരായി 17കാരനെ സഹായിച്ചെന്നും അദ്ദേഹം ആരോപിച്ചു. 'രണ്ട് യുവാക്കളുടെ ജീവൻ അപഹരിച്ച പണക്കാരനായ കുട്ടിയെ പൂനെ പൊലീസ് സഹായിച്ചു. നിങ്ങൾ അവന് പിസ്സയും ബർഗറും വിളമ്പുന്നത് എന്തിനുവേണ്ടിയാണ്? ഇപ്പോഴിതാ കുട്ടി മദ്യം കഴിക്കുന്ന വീഡിയോ പുറത്ത് വന്നിരിക്കുന്നു. എല്ലാവർക്കും യാഥാർത്ഥ്യം ബോധ്യപ്പെട്ടു. എന്നിട്ടും അവനെ സഹായിച്ചു,' സഞ്ജയ് റാവത്ത് പറഞ്ഞു.
പൂനെയിലെ കൊറേഗാവ് പാർക്കിനടുത്ത് ഞായറാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ ഇരുചക്ര വാഹനയാത്രികരായ യുവതിക്കും യുവാവിനുമാണ് ജീവൻ നഷ്ടമായത്. മധ്യപ്രദേശ് സ്വദേശികളും എൻജിനീയർമാരുമായ അനീഷ് അവാധ്യ, അശ്വിനി കോസ്റ്റ എന്നിവരാണ് മരിച്ചത്. പ്രശസ്ത ബിൽഡറുടെ മകനായ 17കാരൻ ഓടിച്ചിരുന്ന പോർഷെ ഇവർ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അശ്വിനി സംഭവസ്ഥലത്തും അവാധ്യ ആശുപത്രിയിൽ വച്ചും മരിച്ചു. സംഭവത്തിൽ 17 കാരന്റെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്ലസ് ടു പാസായതിന്റെ ആഘോഷങ്ങൾക്ക് ശേഷം ബാറിൽ നിന്ന് കൂട്ടുകാരുമായി കാറിൽ മടങ്ങുകയായിരുന്നു പതിനേഴുകാരൻ. ഈ സമയത്താണ് അപകടം നടന്നത്.
300 വാക്കിൽ ഉപന്യാസമെഴുതണം എന്ന വിചിത്ര ഉപാധിയോടെയാണ് അമിതവേഗത്തിൽ പോർഷെ കാറോടിച്ച കൗമാരക്കാരന് ജുവനൈൽ കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം നിഷേധിക്കാൻ പര്യാപ്തമായ കുറ്റകൃത്യമല്ലെന്ന് കണ്ടെത്തിയാണ് കോടതി ജാമ്യം അനുവദിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. അപകടങ്ങളെക്കുറിച്ച് ഉപന്യാസം എഴുതുക, 15 ദിവസം യെരവാഡയിലെ ട്രാഫിക് പൊലീസിനൊപ്പം നിൽക്കുക, മദ്യപാനം ഉപേക്ഷിക്കാൻ ചികിത്സ നേടുക, മാനസികാരോഗ്യ കൗൺസിലിങ്ങിന് വിധേയമാവുക എന്നിവയാണ് കൗമാരക്കാരന്റെ ജാമ്യ വ്യവസ്ഥകൾ.