ഗര്‍ഭിണിയാകാന്‍ ദുര്‍മന്ത്രവാദം; യുവതിയെ മനുഷ്യാസ്ഥി പൊടിച്ചത് കഴിപ്പിച്ചു: ഭര്‍ത്താവടക്കം 7 പേര്‍ അറസ്റ്റില്‍
യുവതിയുടെ പരാതിയെത്തുടർന്ന് പൂനെ പൊലീസ് ബുധനാഴ്ച ഭർത്താവും മരുമക്കളും മന്ത്രവാദിയും ഉൾപ്പെടെ ഏഴ് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു
പൂനെ: മഹാരാഷ്ട്രയിലെ പൂനെയില്‍ കുട്ടികളുണ്ടാകാന്‍ ദുര്‍മന്ത്രവാദം നടത്തിയ ഏഴു പേര്‍ അറസ്റ്റില്‍. ഗര്‍ഭിണിയാകാനായി യുവതിയെ ഭര്‍ത്താവും മറ്റുള്ളവരും ചേര്‍ന്ന് നിര്‍ബന്ധിച്ച് മനുഷ്യാസ്ഥി പൊടിച്ചത് കഴിപ്പിക്കുകയായിരുന്നു. യുവതിയുടെ പരാതിയെത്തുടർന്ന് പൂനെ പൊലീസ് ബുധനാഴ്ച ഭർത്താവും ഭര്‍തൃ മാതാപിതാക്കളും മന്ത്രവാദിയും ഉൾപ്പെടെ ഏഴ് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
മന്ത്രവാദം കൂടാതെ മറ്റു പല വിഷയങ്ങളിലും യുവതി പരാതി നല്‍കിയിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. ആദ്യ കേസിൽ, പണവും സ്വർണവും വെള്ളിയും ഉൾപ്പെടെയുള്ള വില പിടിപ്പുള്ള വസ്തുക്കള്‍ വിവാഹസമയത്ത് (2019 ൽ) ഭർതൃവീട്ടുകാർ സ്ത്രീധനമായി ആവശ്യപ്പെട്ടതായി യുവതി ആരോപിച്ചു. അമാവാസികളില്‍ വീട്ടിൽ അന്ധവിശ്വാസപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ഭര്‍ത്താവിന്‍റെ മാതാപിതാക്കള്‍ നിർബന്ധിക്കുകയും ബലമായി ശ്മശാനത്തിലേക്ക് കൊണ്ടുപോകുകയും ചെയ്തതായി മറ്റൊരു പരാതിയില്‍ പറയുന്നു. അവിടെ വച്ച് തന്നോട് മനുഷ്യാസ്ഥി പൊടിച്ചത് കഴിക്കാന്‍ ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്.
ഒരിക്കല്‍ മഹാരാഷ്ട്രയിലെ കൊങ്കൺ മേഖലയിലെ ഏതോ അജ്ഞാത പ്രദേശത്തേക്ക് ഭര്‍തൃമാതാവ് തന്നെ കൂട്ടിക്കൊണ്ടുപോയെന്നും അവിടെ വെള്ളച്ചാട്ടത്തിനടിയിൽ ദുര്‍മന്ത്രവാദവുമായി ബന്ധപ്പെട്ട പരിശീലനത്തില്‍ ഏർപ്പെടാൻ നിർബന്ധിതയായി എന്നും യുവതി പറഞ്ഞതായി ഡിസിപി ശർമ്മ അറിയിച്ചു. ഈ പരിശീലനത്തിനിടയില്‍ വീഡിയോ കോളുകള്‍ വഴി ഏതോ ഒരാളില്‍ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നുണ്ടായിരുന്നുവെന്നും യുവതി പറഞ്ഞു. പരാതിയുടെ ഗൗരവം കണക്കിലെടുത്ത് ഏഴ് പ്രതികൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഡി.സി.പി ശർമ പറഞ്ഞു.