ജാട്ട് രാഷ്ട്രീയം മാറിനിൽക്കുമോ? പഞ്ചാബിൽ ദലിതരെ പിടിക്കാൻ പ്രതിപക്ഷ പാർട്ടികൾ

അധികാരം ലഭിച്ചാൽ മുഖ്യമന്ത്രി ദലിത് വിഭാഗത്തിൽനിന്നുള്ള ഒരാളായിരിക്കുമെന്നാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, ഉപമുഖ്യമന്ത്രി പദമാണ് ആം ആദ്മിയും ശിരോമണിയും നൽകിയിരിക്കുന്ന വാഗ്ദാനം

Update: 2021-07-12 14:18 GMT
Editor : Shaheer
Advertising

ഉത്തർപ്രദേശിനും ഝാർഖണ്ഡിനുമൊപ്പം നിയമസഭാ തെരഞ്ഞെടുപ്പിൻരെ വിളിപ്പാടകലെ നിൽക്കുകയാണ് പഞ്ചാബ്. രാഷ്ട്രീയ പാർട്ടികളെല്ലാം തെരഞ്ഞെടുപ്പിനുള്ള അങ്കം കുറിച്ചുകഴിഞ്ഞു. നിലവിൽ സംസ്ഥാനം ഭരിക്കുന്ന ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് പാളയത്തിൽപട കാരണം പരാജയം മുന്നിൽ കാണുകയാണ്. ഏറ്റവുമൊടുവിൽ ആം ആദ്മി പാർട്ടിയാണ് സൗജന്യ വൈദ്യുതി അടക്കമുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.

എന്നാൽ, എല്ലാ തെരഞ്ഞെടുപ്പുകളിലും പ്രധാന ചർച്ചയാകാറുള്ള ജാട്ട് രാഷ്ട്രീയമായിരിക്കില്ല ഇത്തവണത്തെ പ്രധാന തെരഞ്ഞെടുപ്പ് വിഷയമെന്നാണ് സംസ്ഥാനത്തുനിന്നുള്ള പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ മാത്രം ശേഷിയുള്ള വലിയ വോട്ട്ബാങ്കാണെങ്കിലും ദലിതുകളടങ്ങുന്ന പിന്നാക്കക്കാർ ഒരിക്കലും രാഷ്ട്രീയ പാർട്ടികളുടെ അജണ്ടയായി വരാറേയില്ല. എന്നാൽ, കർഷകരാഷ്ട്രീയം ചൂടുപിടിക്കുന്ന പുതിയ സാഹചര്യത്തിൽ പ്രതിപക്ഷ പാർട്ടികൾ ദലിത് വോട്ട് പിടിക്കാനുള്ള നീക്കം ശക്തമാക്കിയിരിക്കുകയാണ്.

പുറംതിരിഞ്ഞ് മുഖ്യധാരാ പാർട്ടികൾ

ജനസംഖ്യയുടെ വലിയൊരു ശതമാനം വരുന്നവരാണ് ദലിതുകൾ. എന്നാൽ, എപ്പോഴും സവർണ താൽപര്യങ്ങൾ ഭരിക്കുന്ന രാജ്യത്തെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളൊന്നും ഈ ജനവിഭാഗത്തെ തിരിഞ്ഞുനോക്കാറില്ല.

2017ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെ 34 സംവരണ സീറ്റിൽ 22ഉം നേടിയത് കോൺഗ്രസായിരുന്നു. എഎപി ഒൻപതിടത്തും ശിരോമണി അകാലിദൾ(എസ്എഡി) മൂന്നിടത്തും ജയിച്ചു. എന്നാൽ, അമരീന്ദർ സിങ് മന്ത്രിസഭയിൽ ദലിത് വിഭാഗത്തിൽനിന്ന് വെറും മൂന്നുപേർക്കു മാത്രമാണ് ഇടംലഭിച്ചത്.

അധികാരമേറ്റ ശേഷവും കോൺഗ്രസ് ഭരണകൂടം ദലിത് വിഭാഗത്തെ അവഗണിച്ചു. ഇതിൽ പ്രതിഷേധവുമായി ഒരു മന്ത്രി തന്നെ മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയിരുന്നു. പഞ്ചാബ് സാങ്കേതിക വിദ്യാഭ്യാസ, വ്യവസായ പരിശീലന മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ചരൺജിത്ത് സിങ് ചന്നിയാണ് അമരീന്ദർ സിങ്ങിനെതിരെ വിമർശനമുന്നയിച്ചത്. മന്ത്രിസഭയിലും ഭരണരംഗത്തും ദലിതുകളെ അവഗണിക്കുകയാണെന്ന് ചരൺജിത് ആക്ഷേപിച്ചു.

ഏറ്റവും അവസാനം വിവേചന, അവഗണനാ പ്രശ്‌നങ്ങൾ ഉന്നയിച്ച് ദലിത് എംഎൽഎമാരും കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകിയിരുന്നു. തെരഞ്ഞെടുപ്പിൽ ഒരു ദലിത് മുഖത്തെ മുഖ്യമന്ത്രിയായി അവതരിപ്പിക്കണമെന്ന് കോൺഗ്രസിലെ മുതിർന്ന ദലിത് നേതാവ് ഷംശേർ സിങ് ദുലോ ഹൈക്കമാൻഡിനോട് ആവശ്യപ്പെടുകയുമുണ്ടായി.

ഹിന്ദു വോട്ട് ഭിന്നിപ്പിക്കാൻ ബിജെപി

അമരീന്ദർ സർക്കാരിന്റെ അവഗണനയിൽ ദലിത് വിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന അതൃപ്തി മുതലെടുക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷ പാർട്ടികൾ. പ്രത്യേകിച്ചും കർഷക സമരം കാരണം തിരിച്ചടി പ്രതീക്ഷിക്കുന്ന ബിജെപിയാണ് ദലിത് പ്രീണനത്തിനുള്ള തന്ത്രങ്ങളുമായി മുന്നിലുള്ളത്. എഎപിയും എസ്എഡിയും വലിയ വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ട്.

അധികാരം ലഭിച്ചാൽ മുഖ്യമന്ത്രി ദലിത് വിഭാഗത്തിൽനിന്നുള്ള ഒരാളായിരിക്കുമെന്നാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, ഉപമുഖ്യമന്ത്രി പദമാണ് ആം ആദ്മിയും ശിരോമണിയും നൽകിയിരിക്കുന്ന വാഗ്ദാനം.

കോൺഗ്രസിലെ ദലിത് എംഎൽഎമാരെ മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് പാർട്ടിയിലെത്തിക്കാനുള്ള ശ്രമം ബിജെപി നടത്തുന്നുണ്ടെന്ന് കോൺഗ്രസ് നേതാവ് മല്ലിഖാർജുൻ ഖാർഗെ ആരോപിച്ചിരുന്നു. 5.4 ശതമാനമാണ് പഞ്ചാബിൽ ബിജെപിയുടെ വോട്ട് ശതമാനം. ഇതിനുപുറമെ കർഷക സമരവും പാർട്ടിയുടെ പഞ്ചാബ് മോഹങ്ങൾക്ക് തിരിച്ചടിയായിട്ടുണ്ട്. എന്നാൽ ദലിത്, ഹിന്ദു വോട്ടുകൾ ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കാമെന്ന തന്ത്രമാണ് ബിജെപി സംസ്ഥാനത്ത് പയറ്റാനിരിക്കുന്നത്.

ബിഎസ്പി സഖ്യ പരീക്ഷണവുമായി അകാലിദൾ

ബിഎസ്പിയുമായി സഖ്യം ചേർന്നാണ് ശിരോമണി അകാലിദൾ തെരഞ്ഞെടുപ്പിനെ നേരിടാനിരിക്കുന്നത്. ഇത് കൃത്യമായും പിന്നാക്ക ദലിത് വോട്ടുകൾ പിടിക്കുക എന്ന ലക്ഷ്യത്തോടെത്തന്നെയാണ്. സമ്പന്ന ജാട്ട് വിഭാഗങ്ങൾക്കിടയിലും സിഖ് സമുദായത്തിനിടയിലും വലിയ സ്വാധീനമുള്ള പാർട്ടിയാണ് എസ്എഡി. ബിഎസ്പി എത്തുന്നതോടെ ദലിത് വോട്ടുകൾകൂടി പെട്ടിയിലാക്കാനാകുമെന്നാണ് പാർട്ടി നേതൃത്വം കണക്കുകൂട്ടുന്നത്.

ഉപമുഖ്യമന്ത്രി വാഗ്ദാനത്തിനു പുറമെ ബിആർ അംബേദ്ക്കറുടെ പേരിലുള്ള സർവകലാശാലയും അകാലിദൾ പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്. എന്നാൽ, ബിഎസ്പിക്ക് ഒരു സീറ്റു പോലുമില്ലാത്ത സംസ്ഥാനത്ത് ഈ സഖ്യം കൊണ്ട് അകാലിദളിന് കാര്യമായി നേട്ടമുണ്ടാക്കാനാകില്ലെന്നാണ് രാഷ്ട്രീയ വിദഗ്ധർ വിലയിരുത്തുന്നത്. എന്നാൽ, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിഎസ്പി വോട്ട് ബാങ്കിൽ വളർച്ചയുണ്ടായിട്ടുണ്ട്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 1.4 ശതമാനം വോട്ട് ലഭിച്ചിടത്തുനിന്ന് 2019ൽ 3.4 ശതമാനമാക്കി ഉയർത്താൻ ബിഎസ്പിക്കായിട്ടുണ്ട്.

അതേസമയം, മറുവശത്ത് ലോക് ഇൻസാഫ് പാർട്ടി, എസ്എഡിയിൽനിന്ന് പിളർന്നുപോയ ശിരോമണി അകാലിദൾ(സയുങ്ത്) എന്നീ പാർട്ടികളെ കൂട്ടുപിടിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനാണ് ആം ആദ്മി നീക്കം.

Tags:    

Editor - Shaheer

contributor

Similar News