ഒടുവിൽ ലയനം: പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് ബിജെപിയിൽ
കോൺഗ്രസ് വിട്ട് ഒരു വർഷം പൂർത്തിയാകാനിരിക്കെയാണ് ലയനം
ചണ്ഡീഗഢ്: പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് ബിജെപിയിൽ ചേർന്നു. സിങ് പുതുതായി രൂപീകരിച്ച പഞ്ചാബ് ലോക് കോൺഗ്രസ് (പിഎൽസി) ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ബിജെപിയിൽ ലയിച്ചു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ലയനം.
കോൺഗ്രസ് വിട്ട് ഒരു വർഷം പൂർത്തിയാകാനിരിക്കെയാണ് സിങ് ബിജെപിയിൽ ചേർന്നത്. കഴിഞ്ഞ വർഷം സെപ്തംബറിൽ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അപ്രതീക്ഷിതമായി പുറത്തായതിനെത്തുടർന്ന് കോൺഗ്രസ് വിട്ട് സിങ് പഞ്ചാബ് ലോക് കോൺഗ്രസ് (പിഎൽസി) രൂപീകരിക്കുകയായിരുന്നു.
നട്ടെല്ലിന് നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം അടുത്തിടെ ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയ സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും കണ്ടിരുന്നു. സെപ്തംബർ 12ന് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, ദേശീയ സുരക്ഷ, പഞ്ചാബിൽ വർധിച്ചുവരുന്ന മയക്കുമരുന്ന്-ഭീകരവാദ കേസുകൾ, സംസ്ഥാനത്തിന്‍റെ സമഗ്രവികസനത്തിനുള്ള ഭാവി റോഡ് മാപ്പ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ താൻ വളരെ ഫലപ്രദമായ ചർച്ച നടത്തിയതായാണ് സിങ് അറിയിച്ചത്.
ലണ്ടനിലേക്ക് പോകുന്നതിന് മുമ്പ് സിങ് തന്‍റെ പാർട്ടിയെ ബിജെപിയിൽ ലയിപ്പിക്കാനുള്ള ഉദ്ദേശ്യം അറിയിച്ചിരുന്നുവെന്ന് പഞ്ചാബിലെ മുതിർന്ന ബി.ജെ.പി നേതാവ് ഹർജിത് സിംഗ് ഗ്രെവാൾ ജൂലൈയിൽ വ്യക്തമാക്കിയിരുന്നു.അമരീന്ദർ സിംഗിന്റെ വരവോടെ 58 ശതമാനം വരുന്ന സിഖ് സമുദായങ്ങൾക്കിടയിൽ സ്വാധീനം വർധിപ്പിക്കാനുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.
അമരീന്ദറിനൊപ്പമുള്ള ഏഴ് മുൻ എംഎൽഎമാരും ഒരു മുൻ എംപിയും ബിജെപിയിൽ ചേർന്നിട്ടുണ്ട്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പുതിയ പാർട്ടിക്കൊപ്പം ബിജെപിയുടെ സഖ്യകക്ഷിയായി മത്സരിച്ചെങ്കിലും സ്വന്തം മണ്ഡലമായ പട്യാല അർബൻ പോലും നേടാൻ അമരീന്ദറിന് കഴിഞ്ഞിരുന്നില്ല.