'ജോഡോ യാത്ര പഞ്ചാബിൽ പ്രവേശിക്കുന്നത് തടഞ്ഞാൽ ഒരുലക്ഷം രൂപ പാരിതോഷികം'; രാഹുൽ ഗാന്ധിക്ക് വൻ സുരക്ഷ

എ.ഐ.ജി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥൻ മുഴുവൻ സമയവും സുരക്ഷ ഉറപ്പാക്കാനായി യാത്രയിലുണ്ടാവും.

Update: 2023-01-10 04:58 GMT

രാഹുൽ ഗാന്ധി 

Advertising

ചണ്ഡീഗഢ്: ഭാരത് ജോഡോ യാത്രക്ക് പ്രത്യേക സുരക്ഷാ സംവിധാനങ്ങളുമായി പഞ്ചാബ് പൊലീസ്. എ.ഡി.ജി.പി റാങ്കിലുള്ള ഓഫീസറുടെ നേതൃത്വത്തിൽ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കുമെന്ന് ഐ.ജി സുഖ്‌ചെയ്ൻ ഗിൽ പറഞ്ഞു. എ.ഐ.ജി റാങ്കിലുള്ള ഒരു ഓഫീസർ യാത്രയിൽ മുഴുവൻ സമയവും ഡ്യൂട്ടിയിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എട്ട് ദിവസമാണ് യാത്ര പഞ്ചാബിലൂടെ കടന്നുപോകുന്നത്.

രാഹുൽ ഗാന്ധിയുടെ സുരക്ഷക്കായി പ്രത്യേക സുക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. എ.ഡി.ജി.പി എസ്.എസ് ശ്രീവാസ്തവക്കാണ് സുരക്ഷാ ചുമതല. എല്ലാ ജില്ലകളിലും ഐ.ജിമാരും മുതിർന്ന എസ്.പിമാരും രാഹുൽ ഗാന്ധിയുടെ സുരക്ഷക്കായി ആവശ്യമായ നിർദേശങ്ങൾ നൽകുമെന്നും ഗിൽ പറഞ്ഞു.

എത്ര പൊലീസുകാരെയാണ് സുരക്ഷക്കായി നിയോഗിച്ചതെന്ന് ഐ.ജി വെളിപ്പെടുത്തിയിട്ടില്ല. 150 പോലീസുകാർ മുഴുവൻ സമയവും രാഹുൽ ഗാന്ധിക്കൊപ്പം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. സി.ആർ.പി.എഫുമായി സഹകരിച്ച് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയിൽ വീഴ്ച വരാതെ നോക്കാനാണ് പഞ്ചാബ് ആഭ്യന്തരവകുപ്പിന്റെ തീരുമാനം.

രാഹുൽ ഗാന്ധി പഞ്ചാബിൽ പ്രവേശിക്കുന്നത് തടഞ്ഞാൽ ഒരു ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് 'സിഖ് ഫോർ ജസ്റ്റിസ്' എന്ന സംഘടന പ്രഖ്യാപിച്ചിരുന്നു. ഭാരത് ജോഡോ യാത്ര പഞ്ചാബിൽ പ്രവേശിച്ചാൽ വൻ സംഘർഷമുണ്ടാകുമെന്നും സംഘടന വീഡിയോ സന്ദേശത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഹരിയാനയിലും രാജസ്ഥാനിലും യാത്രക്ക് ഒരുക്കിയ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് പഠിക്കാനും പഞ്ചാബ് പൊലീസ് വിവിധ സംഘങ്ങളെ അയച്ചിരുന്നു.

ഭാരത് ജോഡോ യാത്രക്കിടെ ഡൽഹിയിൽ സുരക്ഷാ വീഴ്ചയുണ്ടായതായി കോൺഗ്രസ് ആരോപിച്ചിരുന്നു. രാഹുൽ ഗാന്ധിക്ക് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കത്തയച്ചിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News