സുവർണ ക്ഷേത്രത്തിന് സമീപം വീണ്ടും സ്ഫോടനം; രണ്ട് ദിവസത്തിനിടെ രണ്ടാമത്തെ സംഭവം
ശനിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു ആദ്യത്തെ സ്ഫോടനം നടന്നത്
അമൃത്സർ: പഞ്ചാബിലെ സുവർണ്ണ ക്ഷേത്രത്തിന് സമീപമുള്ള പൈതൃക തെരുവിൽ വീണ്ടും സ്‌ഫോടനം. തിങ്കളാഴ്ച രാവിലെ ആറരയോടെയാണ് ക്ഷേത്രത്തിന് ഒരു കിലോമീറ്റർ ദൂരെ സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിൽ ആർക്കും പരിക്കോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഫോടനത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
ശനിയാഴ്ച അർധ രാത്രിയാണ് ഇവിടെ ആദ്യത്തെ സ്ഫോടനം നടന്നത്.സ്‌ഫോടനത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചില കെട്ടിടങ്ങളുടെ ചില്ലുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു.സ്‌ഫോടനം നടക്കുന്ന സമയം തീർഥാടകരും വിവോദസഞ്ചാരികളുമടക്കം നിരവധി പേർ അവിടെയുണ്ടായിരുന്നു.
സുവർണ്ണ ക്ഷേത്രത്തിലേക്കുള്ള പൈതൃക തെരുവിലായിരുന്നു സ്‌ഫോടനം നടന്നത്. അതേ സ്ഥലത്ത് തന്നെയാണ് ഇന്ന് വീണ്ടും സ്‌ഫോടനം നടന്നതെന്നും പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ ആറരയോടെയാണ് സ്ഫോടനമുണ്ടായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഉടൻ തന്നെ പൊലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി. രണ്ട് സ്ഫോടനങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.