തമിഴ്‌നാടിന്റെ റിപബ്ലിക്‍ദിന ടാബ്ലോയിൽ മുസ്‍ലിം ലീഗ് നേതാവ് ഖാഇദേമില്ലത്തും; സ്റ്റാലിന് നന്ദി പറഞ്ഞ് മുനവ്വറലി തങ്ങൾ

''തലൈവർ കരുണാനിധിയുടെ സ്‌നേഹഭാജനം ഇന്ന് മകൻ സ്റ്റാലിന്റെയും പ്രിയങ്കരൻ. അസ്തിത്വ പ്രതിസന്ധി നേരിടുന്ന ഇന്ത്യയിലെ മുസ്‌ലിം സമൂഹം ഈ നാടിന്റെ ഭരണഘടനയുടെ ശിൽപികളിൽ ഒരാളാണെന്ന് സ്റ്റാലിൻ മനോഹരമായി പറഞ്ഞുവയ്ക്കുന്നു''-ഫേസ്ബുക്ക് കുറിപ്പിൽ മുനവ്വറലി തങ്ങൾ

Update: 2022-01-27 16:11 GMT
Editor : Shaheer | By : Web Desk
Advertising

കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചതിനു പിന്നാലെ തമിഴ്‌നാട്ടിലെ റിപബ്ലിക്‍ദിന പരേഡിൽ പ്രദർശിപ്പിച്ച നിശ്ചലദൃശ്യത്തിൽ മുസ്‌ലിം ലീഗ് സ്ഥാപകനേതാവ് ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മാഈൽ സാഹിബും. ഡൽഹിയിലെ പരേഡിൽനിന്ന് കേന്ദ്ര സർക്കാർ ഒഴിവാക്കിയ സ്വാതന്ത്ര്യസമര സേനാനികളുടെ ടാബ്ലോയാണ് ഇന്നലെ തമിഴ്‌നാട് സർക്കാർ സംസ്ഥാനതലത്തിൽ പ്രദർശിപ്പിച്ചത്. നിശ്ചലദൃശ്യത്തിൽ ഖാഇദേമില്ലത്തിനെയും ഉൾപ്പെടുത്തിയതിൽ എംകെ സ്റ്റാലിൻ ഭരണകൂടത്തിനും തമിഴ്‌നാട് ജനതയ്ക്കും നന്ദി രേഖപ്പെടുത്തിയിരിക്കുകയാണ് മുസ്‌ലിം യൂത്ത് ലീഗ് നേതാവ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ.

തമിഴ്‌നാട്ടിലെ ജില്ലകളിൽ സ്റ്റാലിൻ സർക്കാർ അവതരിപ്പിക്കുന്ന ടാബ്ലോയിലെ താടിവച്ച തൊപ്പിധാരി ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മാഈൽ സാഹിബാണ്. ഇന്ത്യൻ മുസ്‌ലിംകളെ പ്രതിനിധീകരിച്ച് ഇന്ത്യയുടെ ഭരണഘടനയ്ക്ക് താഴെ ഒപ്പുചാർത്തിയ ദയാ മൻസിലിലെ സൂഫി. ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗിന്റെ സ്ഥാപകൻ-മുനവ്വറലി തങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു.

തമിഴ്‌നാട്ടിൽ സ്റ്റാലിൻ ഭരണകൂടം ആ നേതാവിന് നൽകുന്ന ആദരവ് അഭിമാനകരമാണെന്നും തങ്ങൾ കൂട്ടിച്ചേർത്തു. തലൈവർ കരുണാനിധിയുടെ സ്‌നേഹഭാജനം ഇന്ന് മകൻ സ്റ്റാലിന്റെയും പ്രിയങ്കരൻ. അസ്തിത്വ പ്രതിസന്ധി നേരിടുന്ന ഇന്ത്യയിലെ മുസ്‌ലിം സമൂഹം ഈ നാടിന്റെ ഭരണഘടനയുടെ ശിൽപികളിൽ ഒരാളാണെന്ന് സ്റ്റാലിൻ മനോഹരമായി പറഞ്ഞുവയ്ക്കുന്നു! സ്റ്റാലിൻ ഭരണകൂടത്തോടും തമിഴ് ജനതയോടും ഹൃദയം നിറഞ്ഞ നന്ദിയെന്നും മുനവ്വറലി തങ്ങൾ കുറിച്ചു.

Full View

കഴിഞ്ഞ ദിവസം തമിഴ്‌നാട് ഗവർണർ ആർഎൻ രവിയടക്കം പങ്കെടുത്ത ചടങ്ങിലാണ് ടാബ്ലോ പ്രദർശിപ്പിച്ചത്. മുഖ്യമന്ത്രി സ്റ്റാലിൻ ഫ്‌ളാഗ് ഓഫ് ചെയ്ത ടാബ്ലോ പര്യടനമായി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രദർശിപ്പിക്കും. ടാബ്ലോയെ ഒഴിവാക്കിയതിലൂടെ തമിഴ്‌നാടിനെ കേന്ദ്രം അപമാനിച്ചെന്നായിരുന്നു സ്റ്റാലിൻ സർക്കാരിന്റെ പ്രതികരണം.

ഈസ്റ്റിന്ത്യാ കമ്പനിക്കെതിരെ പോരാടിയ ശിവഗംഗ രാജ്ഞി റാണി വേലു നാച്ചിയാർ, ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആയുധശാലയിൽ ചാവേറായി പൊട്ടിത്തെറിച്ച കുയിലി എന്ന സൈനിക, ബ്രിട്ടീഷുകാരുടെ പേടിസ്വപ്നമായിരുന്ന വീരപാണ്ഡ്യ കട്ടബൊമ്മൻ, വീരപാണ്ഡ്യ കട്ടബൊമ്മന്റെ സൈന്യാധിപനായിരുന്ന വീരൻ സുന്ദരലിംഗം, ഒറ്റയാൾ പോരാളി ഒണ്ടിവീരൻ, സാമൂഹ്യപരിഷ്‌കർത്താവ് മഹാകവി ഭാരതിയാർ തുടങ്ങിയവർ ഉൾപ്പെട്ട ടാബ്ലോയ്ക്കാണ് അനുമതി നിഷേധിക്കപ്പെട്ടത്.

ടാബ്ലോ ഉൾപ്പെടുത്തണമെന്ന് സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. എന്നാൽ, അവസാന റൗണ്ടിലേക്ക് ഈ ടാബ്ലോ തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലെന്നാണ് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചത്.

Summary: Quaid-E-Millat in Tamil Nadu's Republic Day tableau; Munavvarali Thangal thanks MK Stalin

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News