ചോദ്യ പേപ്പർ ചോർന്നു; യു.പിയിൽ 48 ലക്ഷം പേർ എഴുതിയ പൊലീസ് കോൺസ്റ്റബിൾ പരീക്ഷ റദ്ദാക്കി
കർശന നടപടിയെന്ന് യോഗി ആദിത്യനാഥ്, ബി.ജെ.പിയുടെ പരാജയമെന്ന് അഖിലേഷ്
ലഖ്നൗ: ഉത്തർ പ്രദേശിൽ പൊലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു. പരീക്ഷ സംസ്ഥാന സർക്കാർ റദ്ദാക്കി. സംഭവത്തിൽ ഉത്തർ പ്രദേശ് സ്പെഷൽ ടാസ്ക് ഫോഴ്സ് അന്വേഷണം തുടങ്ങി.
പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ എസ്.ടി.എഫ് ശേഖരിച്ചു. നിരവധി സംഘങ്ങളായാണ് അന്വേഷണം. ഉദ്യോഗാർഥികൾക്ക് പരിശീലനം നൽകുന്ന സ്റ്റാർട്ടപ്പായ എക്സാംപൂരിലെ അധ്യാപകൻ വിവേക് കുമാറിൽനിന്ന് എസ്.ടി.എഫ് തെളിവുകൾ ശേഖരിച്ചു. പേപ്പർ ചോർച്ചയെക്കുറിച്ച് കുമാറാണ് പൊലീസിനെ ആദ്യം അറിയിച്ചത്.
ഫെബ്രുവരി 17, 18 തീയതികളിലാണ് പരീക്ഷ നടന്നത്. 48 ലക്ഷത്തിലധികം ഉദ്യോഗാർഥികൾ പരീക്ഷ എഴുതിയിരുന്നു.
പൊലീസ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്റ് പരീക്ഷയിൽ ക്രമക്കേടിന് ശ്രമിച്ചതിന് നേരെത്ത 244 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫെബ്രുവരി 15നും 18നും ഇടയിലാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തത്.
ചോദ്യ പേപ്പർ ചോർച്ചയിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് ഉത്തർപ്രദേശ് ആഭ്യന്തര വകുപ്പ് അറിയിച്ചു. ആറ് മാസത്തിനകം വീണ്ടും പരീക്ഷ നടത്തും. ഉത്തർപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസുകൾ ഉദ്യോഗാർഥികളെ സൗജന്യമായി പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിക്കുമെന്നും പ്രസ്താവനയിൽ അറിയിച്ചു.
പരീക്ഷകളുടെ പവിത്രതയിൽ വിട്ടുവീഴ്ചയില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എക്‌സ് പോസ്റ്റിൽ കുറിച്ചു. യുവാക്കളുടെ കഠിനാധ്വാനം കൊണ്ട് കളിക്കുന്നവരെ വെറുതെവിടില്ല. അത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നത് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പരീക്ഷ റദ്ദാക്കാനുള്ള ഉത്തർപ്രദേശ് സർക്കാറിന്റെ തീരുമാനം യുവാക്കളുടെ വിജയമാണെന്നും ബി.ജെ.പി സർക്കാറിന്റെ തെറ്റായ നടപടികളുടെ പരാജയമാണെന്നും സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. സംസ്ഥാന സർക്കാറിന് തൊഴിൽ നൽകാൻ ഉദ്ദേശമില്ല. മുമ്പ് പേപ്പറുകൾ ചോർന്നപ്പോൾ സർക്കാർ കർശന നടപടി സ്വീകരിച്ചിരുന്നെങ്കിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലായിരുന്നു. സർക്കാർ ഇപ്പോൾ തെറ്റ് അംഗീകരിക്കുകയാണ്. നേരത്തെ പേപ്പറുകൾ ചോർന്നിട്ടില്ലെന്നാണ് ബി.ജെ.പിക്കാർ പറഞ്ഞിരുന്നത്.
പേപ്പർ ചോർച്ചയിൽ ഉൾപ്പെട്ട ക്രിമിനലുകൾ ബി.ജെ.പിയുമായി ബന്ധമുള്ളവരാണ്. വരുന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ കെണിയിൽ വീഴില്ലെന്ന് യുവാക്കൾ തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പുകളിൽ യുവാക്കൾ ബി.ജെ.പിയെ പരാജയപ്പെടുത്തുകയും അതിനെ എന്നെന്നേക്കുമായി ഇല്ലാതാക്കുകയും ചെയ്യും. യുവാക്കളിൽനിന്ന് ഉത്തർപ്രദേശ് സർക്കാർ പിരിച്ചെടുത്ത ഫീസ് തിരികെ നൽകണം. ഈ തുക ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചെലവിന് ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നും അഖിലേഷ് യാദവ് പറഞ്ഞു.