പിത്രോദയുടെ വംശീയ പരാമര്‍ശം; രാഹുലിനെ കടന്നാക്രമിച്ച് ബിജെപി

മോദിയുടെ വിദ്വേഷപ്രസംഗത്തില്‍ കോണ്‍ഗ്രസ് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും

Update: 2024-05-08 10:50 GMT

സാം പിത്രോദ

Advertising

ഡല്‍ഹി: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിത്രോദയുടെ വംശീയ പരാമര്‍ശത്തെ ആയുധമാക്കി രാഹുലിനെ കടന്നാക്രമിച്ച് ബിജെപി. ദക്ഷിണേന്ത്യക്കാരെ ആഫ്രിക്കക്കാരോടും കിഴക്കന്‍ ഇന്ത്യാക്കാരെ ചൈനീസുകാരോടും താരതമ്യപ്പെടുത്തിക്കൊണ്ടുള്ള സാമിന്‍റെ പരാമര്‍ശത്തെയാണ് ബിജെപി ആയുധമാക്കിയിരിക്കുന്നത്. ദക്ഷിണേന്ത്യക്കാരെ അപമാനിച്ച പിത്രോദ രാഹുലിന്റെ സുഹൃത്തെന്ന് നരേന്ദ്രമോദി പരിഹസിച്ചു. അദാനിയെയും അംബാനിയെയും നിരന്തരം വിമർശിക്കുന്ന കോണ്‍ഗ്രസ് മൗനം പാലിക്കുന്നതെന്തെന്നും ബിജെപി വിമർശിച്ചു.

അതേസമയം അദാനിയെയും അംബാനിയെയും കുറിച്ച് രാഹുൽ ഗാന്ധി സംസാരിക്കുന്നില്ലെന്ന പ്രധാനമന്ത്രിയുടെ വിമർശനത്തിന് മറുപടിയുമായി പ്രിയങ്കാ ഗാന്ധി രം​ഗത്തുവന്നു. രാജ്യത്തെ സ്വത്തുക്കളിൽ ഭൂരിഭാഗവും മോദി ചില കോടീശ്വരന്മാർക്ക് നൽകുകയാണ്. ഇത് ജനം കാണുന്നുണ്ട്. രാഹുലിനെ രാജകുമാരൻ എന്ന് വിളിച്ച് പരിഹസിക്കുന്ന മോദി രാഹുൽ രാജകുമാരനാണെന്ന് മനസിലാക്കണമെന്നും പ്രിയങ്ക പറഞ്ഞു.

മേയ് 2ന് സ്റ്റേറ്റ്സ്മാന് നല്‍കിയ അഭിമുഖത്തിലാണ് പിത്രോദയുടെ വിവാദപരാമര്‍ശം. "ഇന്ത്യ പോലെ വൈവിധ്യമാർന്ന ഒരു രാജ്യത്തെ നമുക്ക് ഒരുമിച്ച് നിർത്താൻ കഴിയും. ഇവിടെ കിഴക്ക് ആളുകൾ ചൈനക്കാരെപ്പോലെയും പടിഞ്ഞാറുള്ളവര്‍ അറബികളെപ്പോലെയും വടക്കുള്ള ആളുകൾ വെളുത്തവരും തെക്ക് ഭാഗത്തുള്ളവര്‍ ആഫ്രിക്കക്കാരെപ്പോലെയുമാണ് . അതൊന്നും ഒരു വിഷയമല്ല, നമ്മളെല്ലാവരും സഹോദരീസഹോദരന്‍മാരാണ്'' പിത്രോദ അഭിമുഖത്തില്‍ പറയുന്നു.

"രാഹുൽ ഗാന്ധിയുടെ ഉപദേശകനാണ് സാം പിത്രോദ. അദ്ദേഹത്തിൻ്റെ വംശീയവും ഭിന്നിപ്പിക്കുന്നതുമായ പരിഹാസങ്ങൾ ശ്രദ്ധിക്കുക.അവരുടെ മുഴുവൻ പ്രത്യയശാസ്ത്രവും ഭിന്നിപ്പിച്ച് ഭരിക്കുക എന്നതാണ്. ഇന്ത്യക്കാരെ ചൈനക്കാരെന്നും ആഫ്രിക്കക്കാരെന്നും വിളിക്കുന്നത് വേദനാജനകമാണ്. കോൺഗ്രസിന് തന്നെ നാണക്കേടാണിത്'' മാണ്ഡിയിലെ ബി.ജെ.പി സ്ഥാനാര്‍ഥിയും നടിയുമായ കങ്കണ റണൗട്ട് അഭിപ്രായപ്പെട്ടു. പിത്രോദയുടെ പരാമര്‍ശം സോഷ്യല്‍മീഡിയയില്‍ വ്യാപക വിമര്‍ശത്തിന് ഇടയാക്കി. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയടക്കമുള്ളവര്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. പിത്രോദക്ക് രാജ്യത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നും രാഹുല്‍ ഗാന്ധി അസംബന്ധം പറയുന്നതിന് കാരണം പിത്രോദയാണെന്നും മുതിര്‍ന്ന ബി.ജെ.പി നേതാവ് രവിശങ്കര്‍ പ്രസാദും പറഞ്ഞു.

"ഇന്ത്യയുടെ വൈവിധ്യത്തെ ചിത്രീകരിക്കാൻ സാം പിത്രോദ ഒരു പോഡ്കാസ്റ്റിൽ വരച്ച സാമ്യങ്ങൾ ഏറ്റവും ദൗർഭാഗ്യകരവും അസ്വീകാര്യവുമാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇതില്‍ നിന്നും അകലം പാലിക്കുന്നു'' മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‍റാം രമേശ് പ്രതികരിച്ചു. അതേസമയം വിദ്വേഷപ്രസംഗത്തില്‍ മോദിക്കെതിരായ നോട്ടീസിന് ബിജെപി ഇതുവരെയും മറുപടി നൽകിട്ടില്ല. ഇതിനെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. 

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News