ജമ്മു കശ്മീരില്‍ സ്വതന്ത്ര തെരഞ്ഞെടുപ്പ് നടത്തണമെന്ന് രാഹുല്‍ ഗാന്ധി
ജമ്മു കശ്മീര്‍ വിഭജന ശേഷമുള്ള ആദ്യ കശ്മീർ സന്ദർശനത്തിലാണ് രാഹുല്‍ ഗാന്ധി.
ജമ്മുകശ്മീരിന്റെ സംസ്ഥാനപദവി പുനസ്ഥാപിക്കണമെന്നും സ്വതന്ത്രമായി തെരഞ്ഞെടുപ്പുകൾ നടത്താൻ അനുവദിക്കണമെന്നും രാഹുൽഗാന്ധി ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിയുടെ ജമ്മുകശ്മീർ സന്ദർശനം തുടരുകയാണ്. സന്ദര്‍ശനത്തിന്‍റെ ഭാഗമായി വിവിധ രാഷ്ട്രീയ നേതാക്കളുമായി രാഹുൽ കൂടിക്കാഴ്ച നടത്തും.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് ശേഷമുള്ള രാഹുലിന്റെ ആദ്യ കശ്മീർ സന്ദർശനത്തിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനൊപ്പമാണ് രാഹുൽ ശ്രീനഗറിലെത്തിയത്. ശ്രീനഗറിലെ കോണ്‍ഗ്രസ് ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കവെ, കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
നാളെയും കശ്മീരിൽ തുടരുന്ന രാഹുൽ ഗാന്ധി വിവിധ രാഷ്ട്രീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. കശ്മീരിലെ പ്രശസ്തമായ തീർഥാടന കേന്ദ്രങ്ങളും രാഹുൽ സന്ദർശിക്കും. കശ്മീരിന്‍റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിനെ തുടര്‍ന്ന് രാഹുലും പ്രതിപക്ഷ നേതാക്കളും കശ്മീർ സന്ദർശിക്കാനെത്തിയിരുന്നുവെങ്കിലും ശ്രീനഗർ വിമാനത്താവളത്തിൽ വെച്ച് സംഘത്തെ തിരിച്ചയക്കുകയായിരുന്നു.