ചെയറിനൊപ്പം പാർലമെന്റ് ജീവനക്കാരനു കൂടി കൈ കൊടുത്ത് രാഹുൽ; കൈയടി

ഭരണഘടനയുടെ പകർപ്പുമായാണ് രാഹുലെത്തിയത്.

Update: 2024-06-26 06:14 GMT
Editor : abs | By : Web Desk
Advertising

ന്യൂഡൽഹി: ലോക്‌സഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത ശേഷം തിരിച്ച് സീറ്റിലേക്ക് നടക്കവെ പാർലമെന്റ് ജീവനക്കാരനു കൂടി കൈ കൊടുത്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചെയറിലുണ്ടായിരുന്ന ഫഗ്ഗൻ സിങ് കുലസ്‌തെയ്ക്ക് കൈ കൊടുത്ത ശേഷമാണ് രാഹുൽ അടുത്തുണ്ടായിരുന്ന ജീവനക്കാരനെ കൂടി ഹസ്തദാനം ചെയ്തത്. പിന്നിലുണ്ടായിരുന്ന മറ്റൊരു ജീവനക്കാരനെ വണങ്ങുകയും ചെയ്തു.

സത്യപ്രതിജ്ഞ ചൊല്ലാനായി വിളിച്ച വേളയിൽ ഡസ്‌കിൽ കൈയടിച്ച് ആഘോഷത്തോടെയാണ് പ്രതിപക്ഷം രാഹുലിനെ വരവേറ്റത്. ഭരണഘടനയുടെ പകർപ്പുമായാണ് രാഹുലെത്തിയത്. ആദ്യം പ്രതിപക്ഷ അംഗങ്ങൾക്കു നേരെ അതുയർത്തിക്കാട്ടി. പിന്നീട് ഭരണപക്ഷങ്ങൾക്കു നേരെയും. ഭരണഘടന വലതു കൈയിൽ ഉയർത്തിപ്പിടിച്ചാണ് രാഹുൽ സത്യവാചകം ചൊല്ലിയത്. ഇംഗ്ലീഷിലായിരുന്നു പ്രതിജ്ഞ. ജയ് ഹിന്ദ്, ജയ് സംവിധാൻ പറഞ്ഞ് സംസാരം അവസാനിപ്പിച്ചു. പിന്നീട് സീറ്റിലേക്ക് നടന്നു. പടികളിറങ്ങുന്ന വേളയിൽ കെസി വേണുഗോപാൽ എംപി അടക്കമുള്ളവർ ചെയറിനെ അഭിവാദ്യം ചെയ്യുന്നത് ഓർമിപ്പിച്ചു. തിരികെ നടന്ന രാഹുൽ കുലസ്‌തെയെ നെഞ്ചിൽ കൈവച്ച് അഭിവാദ്യം ചെയ്തു. കൈ കൊടുക്കുകയും ചെയ്തു. അടുത്തുണ്ടായിരുന്ന ജീവനക്കാരനെയും ഹസ്തദാനം ചെയ്തു. പിറകിലുള്ള ജീവനക്കാരനോട് കൈയുയർത്തിക്കാണിക്കുകയും ചെയ്തു. 

പ്രതിപക്ഷത്തിന് വലിയ അംഗബലമുള്ള 18-ാം ലോക്‌സഭയിൽ രാഹുൽ പ്രതിപക്ഷ നേതാവാകും എന്നാണ് കരുതപ്പെടുന്നത്. നേതൃപദം ഏറ്റെടുക്കാൻ നേരത്തെ കോൺഗ്രസ് രാഹുലിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ ദിവസങ്ങൾക്കുള്ളിൽ അന്തിമ തീരുമാനമുണ്ടാകും. പത്തു വർഷത്തിന് ശേഷമാണ് ലോക്‌സഭയിൽ പ്രതിപക്ഷ നേതാവെത്തുന്നത്. നേരത്തെ രണ്ട് തവണയും പ്രതിപക്ഷ നേതാവിനു വേണ്ട അംഗബലം കോണ്‍ഗ്രസിനുണ്ടായിരുന്നില്ല. 


Full View


തെരഞ്ഞെടുപ്പിൽ വയനാട്, റായ്ബറേലി മണ്ഡലങ്ങളിൽ വിജയിച്ച രാഹുൽ പിന്നീട് വയനാട് ഉപേക്ഷിച്ചിരുന്നു. വയനാട്ടില്‍ സഹോദരി പ്രിയങ്കാ ഗാന്ധിയാണ് ജനവിധി തേടുന്നത്.  അമേഠി എംപി കിശോരിലാൽ ശർമ്മയാണ് രാഹുലിന് ശേഷം സത്യപ്രതിജ്ഞ ചെയ്തത്. 

സത്യപ്രതിജ്ഞാ ചടങ്ങുകൾ ഫോണിൽ പകർത്തുകയായിരുന്ന രണ്ട് ഭരണപക്ഷ എംപിമാരുടെ നടപടിക്കെതിരെ രാഹുൽ വിമർശനമുന്നയിച്ചതും ശ്രദ്ധേയമായി. വിഷയം പ്രോടെം സ്പീക്കർ ഭർതൃഹരി മെഹ്താബിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നതോടെ എംപിമാർ സംഭവം നിഷേധിച്ചു. ഈ വേളയിൽ പാർലമെന്റ് ഹൗസിൽ കള്ളം പറയരുത് എന്ന് രാഹുൽ തിരിച്ചടിച്ചു.



സമ്പന്നം, രാഷ്ട്രീയ പ്രസ്താവനകള്‍

ഒടുവിൽ നടത്തിയ രാഷ്ട്രീയപ്രസ്താവനകൾ കൊണ്ട് സമ്പന്നമായിരുന്നു എംപിമാരുടെ സത്യപ്രതിജ്ഞ. പ്രതിപക്ഷ എംപിമാരിൽ മിക്കവരും ഭരണഘടനയുടെ പകർപ്പുമായാണ് സത്യവാചകം ചൊല്ലിയത്. ഹൈദരാബാദ് എംപിയും എംഐഎം നേതാവുമായി അസദുദ്ദീൻ ഉവൈസി പ്രതിജ്ഞയ്ക്കു ശേഷം ഫലസ്തീന് ജയ് വിളിച്ചു. 'ജയ് ഭീം, ജയ് തെലങ്കാന, ജയ് ഫലസ്തീൻ, തക്ബീർ, അല്ലാഹു അക്ബർ' എന്നായിരുന്നു ഉവൈസിയുടെ വാക്കുകള്‍. ഉവൈസിയെ സത്യപ്രതിജ്ഞ ചെയ്യാൻ വിളിച്ചപ്പോൾ ജയ് ശ്രീറാം വിളിച്ചാണ് ബിജെപി അംഗങ്ങൾ വരവേറ്റത്. കർണാടക എംപി സായ്കാന്ത് സെന്തിൽ 'ന്യൂനപക്ഷങ്ങൾക്കും ദളിതുകൾക്കും ആദിവാസികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുക' എന്നു പറഞ്ഞാണ് സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്. 

ജയ് ഹിന്ദുരാഷ്ട്ര എന്ന് മുദ്രാവാക്യം വിളിച്ച ബറേലിയിൽനിന്നുള്ള ബിജെപി എംപി ഛത്രപാൽ സിങ് ഗാംഗ്‌വറിന്റെ നടപടി കല്ലുകടിയായി. പ്രതിപക്ഷം പ്രതിഷേധിച്ചെങ്കിലും ചെയർ ഇടപെട്ടില്ല. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി റീനീറ്റ് എന്ന ടീ ഷർട്ടിട്ടാണ് സ്വതന്ത്ര അംഗം പപ്പു യാദവ് സത്യപ്രതിജ്ഞ ചെയ്തത്. ഡിഎംകെ അംഗം ദയാനിധി മാരൻ വേണ്ടാ നീറ്റ്, വാഴ്ക സ്റ്റാലിൻ എന്നിങ്ങനെ മുദ്രാവാക്യമുയർത്തി. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News