മധുരം നൽകി ഖാർഗെ, പ്രിയങ്കയും കെസിയും ഒപ്പം; 54ാം പിറന്നാളാഘോഷിച്ച് രാഹുൽ ഗാന്ധി
തന്റെ പിറന്നാളിന് വലിയ ആഘോഷങ്ങൾ സംഘടിപ്പിക്കരുതെന്നായിരുന്നു കോൺഗ്രസ് പ്രവർത്തകരോട് രാഹുലിന്റെ അഭ്യർഥന
ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് 54ാം പിറന്നാളാഘോഷിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും പ്രിയങ്ക ഗാന്ധിക്കും കെസി വേണുഗോപാലിനുമൊപ്പം കേക്ക് മുറിച്ചാണ് രാഹുൽ തന്റെ പിറന്നാൾ ആഘോഷിച്ചത്. കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം രാഹുൽ കേക്ക് മുറിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
തന്റെ പിറന്നാളിന് വലിയ ആഘോഷങ്ങൾ സംഘടിപ്പിക്കരുതെന്നായിരുന്നു കോൺഗ്രസ് പ്രവർത്തകരോട് രാഹുലിന്റെ അഭ്യർഥന. ഈ ദിവസം സന്നദ്ധപ്രവർത്തനങ്ങൾക്ക് മാറ്റിവയ്ക്കണമെന്നും രാഹുൽ അഭ്യർഥിച്ചിരുന്നു. എഐസിസി ആസ്ഥാനത്ത് നടന്ന ലളിതമായ ചടങ്ങിയ കോൺഗ്രസിലെ മറ്റ് മുതിർന്ന നേതാക്കളും പങ്കെടുത്തു.
തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, തെലങ്കാന മുഖ്യന്ത്രി രേവന്ത് റെഡ്ഡി, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് അടക്കമുള്ള രാഷ്ട്രീയ പ്രമുഖർ രാഹുലിന് പിറന്നാൾ ആശംസകൾ നേർന്നിരുന്നു.
രാജ്യത്തെ ജനങ്ങളോട് രാഹുലിനുള്ള പ്രതിബദ്ധത അദ്ദേഹത്തെ ഉയരങ്ങളിലെത്തിക്കും എന്നായിരുന്നു സ്റ്റാലിൻ പിറന്നാളാശംസയിൽ കുറിച്ചത്. ഇന്ത്യയുടെ അഭിലാഷങ്ങൾ നിറവേറ്റാൻ കെൽപ്പുള്ള ഒരേയൊരു നേതാവെന്ന് രേവന്ത് റെഡ്ഡിയും എല്ലായിടത്തും എല്ലായ്‌പ്പോഴും സ്‌നേഹം തിരഞ്ഞെടുക്കാൻ പഠിപ്പിച്ച നേതാവെന്ന് കോൺഗ്രസിന്റെ ഔദ്യോഗിക ഹാൻഡിലും കുറിച്ചു.
രാഹുൽ ഗാന്ധിക്ക് ജന്മദിന ആശംസ നേരാനായി പുലർച്ചെ മുതൽ എഐസിസി ആസ്ഥാനത്ത് കാത്തിരിക്കുകയായിരുന്നു കോൺഗ്രസ് പ്രവർത്തകർ്. ബൂത്ത് തലത്തിലെ പ്രവർത്തകർ മുതൽ പ്രവർത്തക സമിതി അംഗങ്ങൾ വരെ അദ്ദേഹത്തെ കാത്തിരുന്നിരുന്നു. നരേന്ദ്രമോദിയെ അട്ടിമറിക്കാൻ കഴിഞ്ഞില്ലെങ്കിലും ഷോക്ക്ട്രീറ്റ്‌മെന്റ് കൊടുക്കാൻ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞെന്നാണ് പ്രവർത്തകരുടെ വിശ്വാസം. പ്രതിപക്ഷത്തെ അമരക്കാരനായ രാഹുൽ ഗാന്ധിയോടുള്ള സന്തോഷവും കടപ്പാടും ഓരോ മുഖത്തും പ്രതിഫലിക്കുന്നുണ്ട്.