വയനാടിനെ ചേര്‍ത്തുപിടിച്ച് രാഹുല്‍ ഗാന്ധി; കുടുംബ രാഷ്ട്രീയം ആയുധമാക്കാനൊരുങ്ങി ബി.ജെ.പി

വയനാടിനും റായ്ബറേലിക്കും സന്തോഷം നൽകുന്ന തീരുമാനം ഉണ്ടാകുമെന്നായിരുന്നു കൽപ്പറ്റയിൽ രാഹുൽ ഗാന്ധി പറഞ്ഞിരുന്നത്

Update: 2024-06-18 01:09 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡല്‍ഹി: പ്രിയങ്ക ഗാന്ധിയുടെ കന്നിയങ്കം വയനാട് കുറിച്ചതോടെ , ഈ മണ്ഡലത്തെ എന്നും ചേർത്തുപിടിക്കും എന്ന സന്ദേശം കൂടിയാണ് രാഹുൽ ഗാന്ധി നൽകുന്നത്. പാർലമെന്‍ററി മേഖലയല്ല, സംഘടനാ രംഗത്തായിരിക്കും താൻ നിലയുറപ്പിക്കുക എന്ന നിലപാടിൽ കൂടിയാണ് പ്രിയങ്ക വിട്ടുവീഴ്ച ചെയ്തിരിക്കുന്നത് . കുടുംബ രാഷ്ട്രീയം എന്ന ആയുധം തന്നെയാകും പ്രിയങ്കയെ എതിർക്കാൻ ബി.ജെ.പി പുറത്തെടുക്കുക.

വയനാടിനും റായ്ബറേലിക്കും സന്തോഷം നൽകുന്ന തീരുമാനം ഉണ്ടാകുമെന്നായിരുന്നു കൽപ്പറ്റയിൽ രാഹുൽ ഗാന്ധി പറഞ്ഞിരുന്നത്. ആ സന്തോഷം സ്വന്തം സഹോദരിയായിരുന്നു. 2019 ഇലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങി, വസതിയിലെത്തിയ രാഹുൽ ഗാന്ധിയെ കാത്ത് നിന്നത് പ്രിയങ്കയായിരുന്നു. ചേർത്ത് പിടിച്ചു വീടിനുള്ളിലേക്ക് പോയപ്പോൾ അനിയത്തി ആണെങ്കിലും പ്രിയങ്ക, ചേച്ചിയായി മാറി . എന്‍റെ സഹോദരൻ ഒറ്റയ്ക്ക് യുദ്ധം ചെയ്യുകയായിരുന്നു എന്ന് പ്രവർത്തക സമിതിയിൽ പൊട്ടിത്തെറിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി 2019 ഫെബ്രുവരി ആറിനാണ് പ്രിയങ്ക ചുമതലയേറ്റത്. 14 ദിവസത്തിനുളിൽ ബൂത്ത് തലത്തിൽ പ്രവർത്തിക്കാൻ പത്ത് ലക്ഷം പേരാണ് കോൺഗ്രസിൽ രജിസ്റ്റർ ചെയ്തത് . ഒരാഴ്ചയ്ക്ക് ശേഷം ലഖ്നൗവില്‍ നടത്തിയ റോഡ് ഷോയിൽ പതിനായിരക്കണക്കിന് ആളുകളാണ് 15 കിലോമീറ്റർ ദൂരം തടിച്ചു കൂടിയത്. പ്രിയങ്കയിൽ ഉത്തരേന്ത്യക്കാർ കണ്ടത് ഇന്ദിരാഗാന്ധിയെ തന്നേയായിരുന്നു.

125 വയസുള്ള ഒരു സ്ത്രീയ്ക് താനെങ്ങനെ യുവതിയെന്നു അവകാശപ്പെടാൻ കഴിയുമെന്ന് 2009ൽ നരേന്ദ്ര മോദി പരിഹസിച്ചു. തന്നെകണ്ടാൽ വൃദ്ധയെന്നു തോന്നുമോ എന്ന് റായ്ബറേലിയിലെ യോഗത്തിൽ , ജനങ്ങളോട് വിളിച്ചു ചോദിച്ചായിരുന്നു പ്രിയങ്ക പ്രതികരിച്ചത്. മോദിയും പ്രിയങ്കയും വാക്കുകൾ കൊണ്ട് ഏറ്റുമുട്ടിയപ്പോൾ പരാജയം എന്നും മോദിക്കായിരുന്നു . മുസ്‍ലിമിന് ആനുകൂല്യം നൽകാനായി കോൺഗ്രസ്, ഹിന്ദു സ്ത്രീകളുടെ കെട്ടുതാലി പിടിച്ചു പറിക്കുമെന്നു മോദി പറഞ്ഞപ്പോൾ താലിയുടെ മഹത്വം മോദിക്ക് അറിയുമോ എന്ന ഒറ്റ ചോദ്യത്തിലൂടെ നിലംപരിശാക്കി. പദവിയിലേക്ക് എത്തുന്നതിനു മുൻപും കോൺഗ്രസിലെ താരപ്രചാരകരിൽ പ്രധാന മൂന്ന് മുഖങ്ങളിൽ ഒന്ന് പ്രിയങ്ക തന്നെയായിരുന്നു.

യു.പി നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പൊരുതി തോറ്റങ്കിലും മത്സരങ്ങളിൽ നിന്നും പിന്മാറാൻ അവർ തയാറായില്ല . തെലങ്കാനയും കര്‍ണാടകയുമെല്ലാം സുരക്ഷിത സീറ്റുകൾ നൽകി വിളിച്ചപ്പോൾ വിനയപൂർവം നിരസിച്ച പ്രിയങ്ക, ഇപ്പോൾ വയനാട് രണ്ടു കയ്യും നീട്ടി സ്വീകരിച്ചതിൽ ഒരുകാര്യം വ്യക്തം . പ്രതിസന്ധി കാലത്ത് രാഹുലിന് ഒപ്പം നിലയുറപ്പിച്ച ആളുകളിലേക്ക് , അവരുടെ നേതാവായി ഇറങ്ങിച്ചെല്ലാൻ ...അവർക്ക് തണലായി നിലനിൽക്കാൻ പ്രിയങ്ക തയ്യാറെടുത്തു കഴിഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News