ചക്രവ്യൂഹ പരാമര്‍ശം; ഇ.ഡി റെയ്ഡിന് നീക്കമെന്ന് വിവരം, ചായയും ബിസ്കറ്റും തരാമെന്ന് രാഹുല്‍ ഗാന്ധി

എന്‍റെ ചക്രവ്യൂഹ പ്രസംഗം പലര്‍ക്കും ഇഷ്ടമായില്ല

Update: 2024-08-02 04:01 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡല്‍ഹി: പാര്‍ലമെന്‍റിലെ ചക്രവ്യൂഹ പരാമര്‍ശത്തിന് പിന്നാലെ ഇ.ഡി തനിക്കെതിരെ റെയ്ഡ് ആസൂത്രണം ചെയ്യുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവും കോൺഗ്രസ് എം.പിയുമായ രാഹുൽ ഗാന്ധി. ഇ.ഡിയെ കാത്തിരിക്കുകയാണെന്നും ചായയും ബിസ്കറ്റും തരാമെന്നും രാഹുല്‍ പരിഹാസരൂപേണ എക്സില്‍ കുറിച്ചു.

''എന്‍റെ ചക്രവ്യൂഹ പ്രസംഗം പലര്‍ക്കും ഇഷ്ടമായില്ല. ഒരു റെയ്ഡിനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ടെന്ന് ഇ.ഡിയുമായി ബന്ധപ്പെട്ട ചിലര്‍ എന്നോട് പറഞ്ഞു. ഞാന്‍ ഇരുകൈകളും നീട്ടി കാത്തിരിക്കുകയാണ്. ചായയും ബിസ്കറ്റും തരാം'' എന്നാണ് രാഹുല്‍ എക്സില്‍ കുറിച്ചത്.

കുരുക്ഷേത്ര യുദ്ധത്തില്‍ അഭിമന്യുവിനെ ചക്രവ്യൂഹത്തില്‍പ്പെടുത്തിയതുപോലെ രാജ്യം മറ്റൊരു ചക്രവ്യൂഹത്തിലകപ്പെട്ടിരിക്കുകയാണെന്നാണ് രാഹുല്‍ പറഞ്ഞത്. രാജ്യത്ത് ഭീതിയുടെ അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്ന്, ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് രാഹുല്‍ ഗാന്ധി ലോക്സഭയില്‍ പറഞ്ഞിരുന്നു.

''കുത്തക മൂലധനത്തിന്‍റെയും രാഷ്ട്രീയ കുത്തകയുടെയും ചട്ടക്കൂടാണ് ബിജെപി നിര്‍മിച്ചിരിക്കുന്ന ചക്രവ്യൂഹം. എംപിമാരും കര്‍ഷകരും തൊഴിലാളികളും ഉള്‍പ്പെടെ എല്ലാവരും അതില്‍ കുടുങ്ങിയിരിക്കുകയാണ്. നിങ്ങള്‍ നിര്‍മിക്കുന്ന ചക്രവ്യൂഹം പ്രതിപക്ഷം ജാതി സെന്‍സസ് നടത്തി ഭേദിക്കും.21ാം നൂറ്റാണ്ടില്‍ മറ്റൊരു ചക്രവ്യൂഹം നിര്‍മിച്ചിട്ടുണ്ട്. അത് താമരയുടെ രൂപത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നെഞ്ചിലാണ് ആ ചിഹ്നമുള്ളത്. ഈ ചക്രവ്യൂഹത്തിന് സിബിഐ, ഇഡി, ഐടി എന്നിങ്ങനെ മൂന്ന് ശക്തികളാണുള്ളത്. കര്‍ഷകര്‍, തൊഴിലാളികള്‍, ചെറുകിട ഇടത്തരം വ്യവസായികള്‍ എന്നിവരെ ബജറ്റ് സഹായിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചു. എന്നാല്‍ മുന്‍പ് അഭിമന്യുവിനോട് ചെയ്തത് ഇപ്പോള്‍ ചെറുപ്പക്കാരോടും സ്ത്രീകളോടും കര്‍ഷകരോടും ചെറുകിടക്കാരോടും ചെയ്യുന്നു'' പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്, മുകേഷ് അംബാനി, ഗൗതം അദാനി എന്നിവരെയും രാഹുല്‍ പ്രസംഗത്തില്‍ കടന്നാക്രമിച്ചിരുന്നു. ഈ ആറുപേരും ചേര്‍ന്ന് രാജ്യത്തെ മുഴുവൻ തങ്ങളുടെ ചക്രവ്യൂഹത്തിൽ കുടുക്കിയെന്നും രാഹുല്‍ ആരോപിച്ചിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News