അപകീര്‍ത്തിക്കേസ്: രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും
കേസിൽ താൻ മാപ്പ് പറയില്ലെന്ന് രാഹുൽ ഗാന്ധി സത്യവാങ്മൂലം സമർപ്പിച്ചു
ഡല്‍ഹി: അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബി.ആർ ഗവായ്, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. കേസിൽ താൻ മാപ്പ് പറയില്ലെന്ന് രാഹുൽ ഗാന്ധി സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്.
മോദി പരാമർശത്തിലെ അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണം എന്നാണ് രാഹുൽ ഗാന്ധിയുടെ ആവശ്യം. കഴിഞ്ഞ തവണ ഹരജി പരിഗണിച്ച് സുപ്രിംകോടതി എതിർകക്ഷികൾക്ക് നോട്ടീസ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് രാഹുൽ ഗാന്ധിക്ക് ധാർഷ്ട്യമെന്ന് കാട്ടി പരാതിക്കാരനായ പൂർണേഷ് മോദി കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. എന്നാൽ കേസിൽ താൻ മാപ്പ് പറയില്ലെന്നും ഹരജിക്കാരൻ നിയമം ദുരുപയോഗം ചെയ്യുന്നുവെന്നും രാഹുൽ ഗാന്ധി എതിർ സത്യവാങ്മൂലം സമർപ്പിച്ചു. കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് രാഹുൽ ഗാന്ധി സുപ്രിംകോടതിയിൽ എത്തിയത്.
രാഹുൽ ഗാന്ധി നിരന്തരം വ്യക്തിഹത്യ നടത്തുന്ന നേതാവാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗുജറാത്ത് ഹൈക്കോടതി ഹരജി തള്ളിയത്. കള്ളൻമാരുടെ പേരില്‍ മോദിയെന്ന് വന്നതെങ്ങനെ എന്ന രാഹുലിന്റെ 2019ലെ പ്രസംഗത്തിലെ പരാമർശമാണ് കേസിന് ആധാരം. ബി.ജെ.പി നേതാവ് പുർണേഷ് മോദിയുടെ പരാതിയില്‍ സൂറത്തിലെ മജിസ്‌ട്രേട്ട് കോടതിയാണ് രാഹുലിനെ രണ്ടു വർഷം തടവിന് ശിക്ഷിച്ചത്. പിന്നാലെ രാഹുലിനെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി. അതേസമയം സ്റ്റേ ആവശ്യം അംഗീകരിക്കപ്പെട്ടാല്‍ അയോഗ്യത നീങ്ങി രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിക്കപ്പെടും.