രാഹുൽ ഗാന്ധിയെ കണ്ട് വിനേഷ് ഫോഗട്ട്; ഹരിയാനയിൽ കോൺഗ്രസ് സ്ഥാനാർഥിയാകുമെന്ന് റിപ്പോർട്ട്
ബജ്‌റംഗ് പുനിയക്കൊപ്പമാണ് വിനേഷ് ഫോഗട്ട് രാഹുൽ ഗാന്ധിയെ കാണാനെത്തിയത്.
ന്യൂഡൽഹി: ഹരിയാനയിൽ കോൺഗ്രസ് സ്ഥാനാർഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കണ്ടു. ഹരിയാനയിലെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതിനുള്ള അന്തിമ ചർച്ചകൾ നടക്കുന്നതിനിടെയാണ് ഇരുവരും രാഹുലിനെ കണ്ടത്. സ്ഥാനാർഥി പട്ടികയിൽ ഇന്നത്തോടെ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് ഹരിയാനയുടെ ചുമതലയുള്ള ദീപക് ബാബരിയ കഴിഞ്ഞ ദിവസം പറഞ്ഞത്.
വിനേഷ് ഫോഗട്ട് മത്സരത്തിനിറങ്ങുകയാണെങ്കിൽ ഹരിയാനയിൽ അത് കോൺഗ്രസിന്റെ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കും. ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെതിരെ ഉയർന്ന ലൈംഗികാരോപണത്തിൽ പ്രതിഷേധത്തിന്റെ മുൻനിരയിൽ വിനേഷ് ഫോഗട്ട് ഉണ്ടായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ശംഭു അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും ഫോഗട്ട് എത്തിയിരുന്നു.
ഒക്ടോബർ അഞ്ചിനാണ് ഹരിയാനയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. കർഷക സമരം, ഗുസ്തി താരങ്ങളുടെ പ്രതിഷേധം, ഭരണവിരുദ്ധ വികാരം തുടങ്ങിയവയെല്ലാം സംസ്ഥാനത്ത് ബിജെപിക്ക് വലിയ തലവേദനയാകും. ഇതിനിടെ വിനേഷ് ഫോഗട്ട് കൂടി എത്തുകയാണെങ്കിൽ ബ്രിജ് ഭൂഷണെതിരായ ആരോപണങ്ങളും ഒളിമ്പിക്‌സിൽ അയോഗ്യയാക്കപ്പെട്ടത് സംബന്ധിച്ച ആരോപണങ്ങളും വലിയ ചർച്ചയാകുമെന്നുറപ്പാണ്.