മണിപ്പൂരില്‍ പൊലീസ് തടഞ്ഞിട്ടും പിന്മാറിയില്ല; ഹെലികോപ്റ്ററില്‍ ദുരിതാശ്വാസ ക്യാമ്പുകളിലെത്തി രാഹുല്‍ ഗാന്ധി
റോഡ് മാർഗമുള്ള യാത്ര പൊലീസ് തടഞ്ഞതിനെ തുടർന്ന് ഹെലികോപ്റ്ററിലാണ് ചുരാചന്ദ്പൂർ ഗ്രീൻവുഡ് ക്യാമ്പിൽ രാഹുല്‍ എത്തിയത്
ഇംഫാല്‍: തടസ്സങ്ങളെ മറികടന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തി. റോഡ് മാർഗമുള്ള യാത്ര പൊലീസ് തടഞ്ഞതിനെ തുടർന്ന് ഹെലികോപ്റ്ററിലാണ് ചുരാചന്ദ്പൂർ ഗ്രീൻവുഡ് ക്യാമ്പിൽ രാഹുല്‍ എത്തിയത്. കുക്കി വിഭാഗത്തിന്‍റെ ക്യാമ്പാണിത്. മെയ് തെയ് വിഭാഗത്തിന്‍റെ ദുരിതാശ്വാസ ക്യാമ്പും രാഹുല്‍ സന്ദര്‍ശിക്കും.
നേരത്തെ ഇംഫാലിൽ നിന്ന് 20 കിലോമീറ്റർ അകലെ ബിഷ്ണുപൂരില്‍ രാഹുലിനെ പൊലീസ് തടഞ്ഞിരുന്നു. സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി മടങ്ങിപ്പോവണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ജനക്കൂട്ടത്തിന് നേരെ പൊലീസ് ഗ്രനേഡ് എറിഞ്ഞു. ബിഷ്ണുപൂരിൽ ജനക്കൂട്ടം ബാരിക്കേഡ് തകർത്തു. പൊലീസ് ആകാശത്തേക്ക് വെടിവെച്ചു.
"മണിപ്പൂരിലെ ജനങ്ങളുടെ അവസ്ഥ അറിയാനാണ് രാഹുല്‍ ഗാന്ധി വന്നത്. രാഷ്ട്രീയം കളിക്കാനല്ല വന്നത്. എന്തിനാണ് അദ്ദേഹത്തെ റോഡില്‍ തടയുന്നത്?"- ജനക്കൂട്ടത്തില്‍ നിന്നും ഒരു സ്ത്രീ ചോദിച്ചു.
ഇരുവിഭാഗങ്ങളെയും സന്ദര്‍ശിക്കാതെ ഡല്‍ഹിക്ക് മടങ്ങില്ലെന്ന് രാഹുല്‍ വ്യക്തമാക്കി. തുടർന്ന് രാഹുല്‍ ഇംഫാലിലേക്ക് മടങ്ങി. റോഡ് മാർഗം ചുരാചന്ദ്പൂരിലേക്ക് പോകുന്നതിന് പകരം ഹെലികോപ്റ്ററിൽ പോയി.
സംഘര്‍ഷം ഏറ്റവും രൂക്ഷമായ ജില്ലകളിലൊന്നാണ് ചുരാചന്ദ്പൂര്‍. അവിടെ സമാധാന സന്ദേശവുമായി ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കാനാണ് രാഹുല്‍ ഗാന്ധി തീരുമാനിച്ചത്. മെയ് മാസത്തിൽ ആരംഭിച്ച കലാപത്തെ തുടര്‍ന്ന് 50,000 ത്തോളം ആളുകൾ സംസ്ഥാനത്തുടനീളമുള്ള 300ലധികം ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്.
രാഹുലിനെ തടയുന്നത് ദൗർഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. മൗനം പാലിക്കുന്ന പ്രധാനമന്ത്രി മണിപ്പൂരികളെ കാണുന്നതിൽ നിന്നും രാഹുലിനെ തടയുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. സ്നേഹ സന്ദേശവുമായി വരുന്ന രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും ഭരണകൂടം ഭയക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേത് പറഞ്ഞു.
നിങ്ങൾക്കൊപ്പമുണ്ടെന്ന സന്ദേശം നൽകാനാണ് രാഹുൽ ഗാന്ധി മണിപ്പൂരിലേക്ക് പോയത്. രാഹുൽ ഗാന്ധിയുടെ സന്ദർശനം എങ്ങനെയാണ് ക്രമസാധാന പ്രശ്നം സൃഷ്ടിക്കുന്നത്? രാഹുൽ ഗാന്ധിക്ക് റോഡ് മാർഗം പോകാൻ നേരത്തെ അധികാരികൾ അനുമതി നൽകിയതാണ്. മണിപ്പൂരിന്‍റെ കണ്ണീരൊപ്പാൻ മാത്രം പ്രധാനമന്ത്രിക്ക് സമയമില്ല. രണ്ടു മാസമായിട്ടും മണിപ്പൂരിൽ സമാധാനം സ്ഥാപിക്കണമെന്ന ഒരു വാക്ക് പ്രധാനമന്ത്രിയില്‍ നിന്ന് ഉണ്ടായില്ല. രാഹുൽ ഗാന്ധി ജനങ്ങൾക്കൊപ്പം നിൽക്കാൻ എപ്പോഴെല്ലാം പോയിട്ടുണ്ടോ അപ്പോഴെല്ലാം തടഞ്ഞിട്ടുണ്ടെന്നും സുപ്രിയ വിമര്‍ശിച്ചു.
അതേസമയം മണിപ്പൂരിൽ രാഹുൽ ഉത്തരവാദിത്വമില്ലാതെ പെരുമാറിയെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. കോൺഗ്രസ് നടത്തുന്നത് രാഷ്ട്രീയ നാടകമാണെന്നും ബി.ജെ.പി വിമര്‍ശിച്ചു.