പ്രധാനമന്ത്രി സ്ഥാനാർഥിയെ ചൊല്ലി അതൃപ്തി; രാഹുൽ ഗാന്ധി നിതീഷ് കുമാറുമായി ഫോണിൽ സംസാരിച്ചു
ഇൻഡ്യ മുന്നണി യോഗത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ് ഖാർഗെയുടെ പേര് മുന്നോട്ടുവെച്ചത്. ഇതിൽ നിതീഷ് കുമാറിനും ലാലു പ്രസാദ് യാദവിനും അതൃപ്തിയുണ്ട്.
ന്യൂഡൽഹി: മല്ലികാർജുൻ ഖാർഗെയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടുന്നതിൽ ഇൻഡ്യ മുന്നണിയിൽ അതൃപ്തിയുണ്ടായ സാഹചര്യത്തിൽ രാഹുൽ ഗാന്ധി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ഫോണിൽ സംസാരിച്ചു. മുന്നണിയോഗത്തിൽ ഖാർഗെയുടെ പേര് നിർദേശിക്കപ്പെട്ടത് അപ്രതീക്ഷിതമായാണെന്ന് രാഹുൽ നിതീഷിനെ അറിയിച്ചു. സ്ഥാനാർഥിയെ ചർച്ചയിലൂടെ തീരുമാനിക്കാമെന്ന് നിതീഷ് മറുപടി നൽകി.
കഴിഞ്ഞ ഇൻഡ്യ മുന്നണി യോഗത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ് ഖാർഗെയുടെ പേര് മുന്നോട്ടുവെച്ചത്. ഇതിൽ നിതീഷ് കുമാറിനും ലാലു പ്രസാദ് യാദവിനും അതൃപ്തിയുണ്ട്. ഇരുവരും യോഗം അവസാനിക്കുന്നതിന് മുമ്പ് തന്നെ മടങ്ങിയിരുന്നു.
ഈ പശ്ചാത്തലത്തിൽ നിതീഷിനെ അനുനയിപ്പിക്കാനാണ് രാഹുലിന്റെ നീക്കം. വിവിധ സംസ്ഥാനങ്ങളിലെ സീറ്റ് വിഭജനം സംബന്ധിച്ചും പാർട്ടികൾക്കിടയിൽ അതൃപ്തി നിലനിൽക്കുന്നുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നേരിട്ടത്തോടെ മുന്നണിയിൽ കോൺഗ്രസിന്റെ മേധാവിത്വം ചോദ്യം ചെയ്യപ്പെടുന്നുണ്ട്. തോൽവിക്ക് കാരണം വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഇൻഡ്യ മുന്നണിയെ അവഗണിച്ചതാണെന്ന ആരോപണവുമുണ്ട്.