ശിക്ഷാവിധിക്കെതിരെ അപ്പീൽ നൽകി രാഹുൽ ഗാന്ധി; ജാമ്യം 13വരെ നീട്ടി
സൂറത്തിലെത്തിയ രാഹുൽ ഗാന്ധിയെ കോൺഗ്രസ് മുഖ്യമന്ത്രിമാരായ അശോക് ഗെഹ്‌ലോട്ട്, ഭൂപേഷ് ബാഗേൽ, സുഖ്‌വീന്ദർ സിങ് സുഖു എന്നിവർ ചേർന്ന് സ്വീകരിച്ചു.
അഹമ്മദാബാദ്: മാനനഷ്ടക്കേസിലെ ശിക്ഷാവിധിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അപ്പീൽ നൽകി. ഗുജറാത്ത് സൂറത്ത് സെഷൻസ് കോടതിയിൽ നേരിട്ടെത്തിയാണ് രാഹുൽ അപ്പീൽ സമർപ്പിച്ചത്.
സൂറത്ത് സി.ജെ.എം കോടതി ശിക്ഷാ വിധിയും കുറ്റക്കാരനെന്ന വിധിയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് രാഹുൽ ഗാന്ധി അപ്പീൽ നൽകിയത്. 2.25നാണ് രാഹുൽ വിമാനത്താവളത്തിൽ എത്തിയത്. പ്രിയങ്ക ഗാന്ധിയക്കമുള്ള നേതാക്കൾ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
സൂറത്തിലെത്തിയ രാഹുൽ ഗാന്ധിയെ കോൺഗ്രസ് മുഖ്യമന്ത്രിമാരായ അശോക് ഗെഹ്‌ലോട്ട്, ഭൂപേഷ് ബാഗേൽ, സുഖ്‌വീന്ദർ സിങ് സുഖു എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് മൂന്ന് മണിയോടെയാണ് സെഷൻസ് കോടതിയിൽ ഹാജരായി അപ്പീൽ നൽകിയത്.
ഹരജി പരിഗണിച്ച കോടതി, രാഹുൽ ഗാന്ധിയുടെ ജാമ്യം ഏപ്രിൽ 13 വരെ കോടതി നീട്ടി. 13ന് ഹരജി വീണ്ടും പരിഗണിക്കും. ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ലെന്നാണ് രാഹുൽ ഗാന്ധിക്ക് ലഭിച്ച നിയമോപദേശം. വിധിക്ക് സ്റ്റേ ലഭിച്ചാൽ രാഹുൽ ഗാന്ധിക്ക് ലോക്സഭ അംഗത്വം തിരികെ ലഭിക്കും.
എല്ലാ കള്ളൻമാർക്കും മോദി എന്ന പേര് എങ്ങനെ വന്നുവെന്ന രാഹുൽ ഗാന്ധിയുടെ 2019ലെ പ്രസംഗത്തിലെ ചോദ്യത്തിനെതിരെ ബി.ജെ.പി എംഎൽഎയും മുൻ ഗുജറാത്ത് മന്ത്രിയുമായ പൂർണേഷ് മോദിയാണ് അപകീർത്തിക്കേസ് നൽകിയത്. രാഹുല്‍ കുറ്റക്കാരനാണെന്ന് മജിസ്ട്രേറ്റ് കോടതി കണ്ടെത്തുകയും പരമാവധി ശിക്ഷയായ രണ്ടു വർഷം തടവ് വിധിക്കുകയും ചെയ്തു.
വിധിക്ക് പിന്നാലെയാണ് ലോക്സഭാ സെക്രട്ടേറിയറ്റ് രാഹുൽ ഗാന്ധിയുടെ എം.പി സ്ഥാനം റദ്ദാക്കിയത്. ലോക്സഭാ സെക്രട്ടേറിയറ്റ് നടപടിക്ക് എതിരായ കോൺഗ്രസ് പ്രതിഷേധങ്ങൾ രാജ്യവ്യാപകമായി തുടരുകയാണ്. മത്സ്യത്തൊഴിലാളി കോൺഗ്രസ്, മഹിള കോൺഗ്രസ് എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് ഡൽഹിയിൽ പാർലമെന്‍റ് മാർച്ച് നടത്തും.