എം.എസ് സ്വാമിനാഥന് ഭാരതരത്‌ന നൽകി, പക്ഷേ അദ്ദേഹം പറഞ്ഞതൊന്നും നടപ്പാക്കാൻ സർക്കാർ തയ്യാറില്ല: രാഹുൽ ഗാന്ധി
ഇൻഡ്യ മുന്നണി അധികാരത്തിലെത്തിയാൽ കാർഷിക വിളകൾക്ക് മിനിമം താങ്ങുവില നിയമപരമായ അവകാശമാക്കുമെന്ന് രാഹുൽ പറഞ്ഞു.
ന്യൂഡൽഹി: കർഷകരുടെ ദില്ലി ചലോ മാർച്ചിനെ അടിച്ചമർത്താൻ ശ്രമിക്കുന്നതിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. എം.എസ് സ്വാമിനാഥന് ഭാരതരത്‌ന നൽകിയ കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ അദ്ദേഹം പറഞ്ഞതൊന്നും നടപ്പാക്കാൻ തയ്യാറാകുന്നില്ലെന്ന് രാഹുൽ പറഞ്ഞു.
''ഇന്ന് കർഷകർ ഡൽഹിയിലേക്ക് മാർച്ച് നടത്തുകയാണ്. അവർക്കെതിരെ കണ്ണീർ വാതകം പ്രയോഗിച്ചിരിക്കുന്നു. എന്താണ് അവർ പറയുന്നത്? അധ്വാനത്തിന്റെ പ്രതിഫലം മാത്രമാണ് അവർ ചോദിക്കുന്നത്. എം.എസ് സ്വാമിനാഥന് ബി.ജെ.പി സർക്കാർ ഭാരതരത്‌ന പ്രഖ്യാപിച്ചു. എന്നാൽ അദ്ദേഹം പറഞ്ഞതൊന്നും നടപ്പാക്കാൻ സർക്കാർ തയ്യാറാകുന്നില്ല. മിനിമം താങ്ങുവില നിയമപരമായ അവകാശമാക്കണമെന്നാണ് സ്വാമിനാഥൻ റിപ്പോർട്ട് പറയുന്നത്. അത് നടപ്പാക്കാൻ കേന്ദ്രം തയ്യാറാകുന്നില്ല. ഇൻഡ്യ മുന്നണി അധികാരത്തിൽ വന്നാൽ സ്വാമിനാഥൻ റിപ്പോർട്ട് നടപ്പാക്കും. കാർഷിക വിളകൾക്ക് മിനിമ താങ്ങുവില നിയമപരമായ അവകാശമാക്കും''-ഛത്തീസ്ഗഢിലെ അംബികാപൂരിൽ രാഹുൽ പറഞ്ഞു.
കർഷക സമരത്തെ നേരിടാൻ കോൺക്രീറ്റ് ബ്ലോക്കുകളും മുള്ളുവേലികളും സ്ഥാപിച്ചാണ് പൊലീസ് ഡൽഹി അതിർത്തി അടച്ചത്. ഇതിനെതിരെ അഭിഭാഷകനായ ഉദയ് പ്രതാപ് സിങ് കോടതിയെ സമീപിച്ചിട്ടുണ്ട്. എന്തിനാണ് അതിർത്തികൾ അടച്ചതെന്ന് അറിയിക്കാൻ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കർകരുടെ സമരം നേരിടാനെന്ന പേരിൽ ഹരിയാന സർക്കാർ സ്വീകരിക്കുന്ന എല്ലാ നടപടികളും നിരോധിക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.