ഹരിയാനയിൽ എഎപിയുമായി സഖ്യമുണ്ടാക്കാൻ രാഹുൽ ഗാന്ധി; വരുമോ ഇൻഡ്യ സഖ്യം? ആശങ്ക ബി.ജെ.പിക്ക്
ഹരിയാന കോൺഗ്രസ് നേതാക്കൾ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പറയുമ്പോഴാണ് കെജ്‌രിവാളിലേക്ക് രാഹുൽ ഗാന്ധി കൈ നീട്ടുന്നത്
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ ഹരിയാനയിൽ ആം ആദ്മി പാർട്ടിയുമായി(എഎപി) സഖ്യമുണ്ടാക്കാൻ രാഹുൽ ഗാന്ധി താത്പര്യം കാണിക്കുന്നു.
കഴിഞ്ഞ തിങ്കളാഴ്ച നടന്ന പാർട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുൽ ഗാന്ധി, എഎപിയുമായി സഖ്യത്തിനുള്ള സാധ്യതയെക്കുറിച്ച് ഹരിയാന കോൺഗ്രസ് നേതാക്കളോട് അഭിപ്രായം ആരാഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഹരിയാന, ഗുജറാത്ത്, ഗോവ, ഡൽഹി, തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോൺഗ്രസും എഎപിയും ഇന്‍ഡ്യ സഖ്യത്തിന്റെ ഭാഗമായാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നത്.
സംസ്ഥാന നേതാക്കള്‍ എഎപിയുമായി സഖ്യമില്ലെന്ന് പറയുമ്പോഴാണ് രാഹുല്‍ ഗാന്ധി സഖ്യ സാധ്യത സംബന്ധിച്ച് ആരായുന്നത്. ഹരിയാനയില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവ് കുമാരി സെൽജ, വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തില്‍ അടുത്തിടെയും വ്യക്തമാക്കിയിരുന്നത്. സമാന രീതിയിലുള്ള അഭിപ്രായപ്രകടനമാണ് എ.എപി നേതാക്കളും പങ്കുവെക്കുന്നത്.
ഹരിയാനയിലെ 90 സീറ്റുകളിലും സ്വന്തം ശക്തിയിൽ തന്നെ മത്സരിക്കുമെന്നായിരുന്നു ഡൽഹി മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ ഈ വർഷം ആദ്യം പറഞ്ഞത്. പിന്നാലെ കഴിഞ്ഞ ജൂലൈയില്‍ ചണ്ഡിഗഡിൽ നടത്തിയ വാർത്താ സമ്മേളനത്തില്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, എഎപി എംപി സഞ്ചയ് സിങ്, ഡോ.സന്ദീപ് പഠക് എന്നിവരും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഇന്‍ഡ്യാ സഖ്യം ഒറ്റക്കെട്ടായിരിക്കില്ല എന്നും വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മിയും കോൺഗ്രസും ഇൻഡ്യ സഖ്യത്തിന്റെ ഭാഗമായാണ് മത്സരിച്ചത്.
ആകെയുള്ള 10 സീറ്റുകളിൽ ഒമ്പതിൽ കോൺഗ്രസും ഒന്നിൽ മാത്രം എഎപിയും മത്സരിക്കുകയായിരുന്നു. എന്നാൽ അഞ്ച് സീറ്റിലും കോൺഗ്രസ് വമ്പിച്ച വിജയം നേടിയപ്പോൾ മത്സരിച്ച ഒരു സീറ്റിൽ എഎപി പരാജയപ്പെടുകയായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സഖ്യം മുന്നോട്ടുകൊണ്ടുപോകാന്‍ ഇരു പാര്‍ട്ടികള്‍ക്കും കഴിഞ്ഞില്ല.
കോണ്‍ഗ്രസിനോടൊപ്പം തന്നെ ഹരിയാനയില്‍ വമ്പന്‍ പ്രചാരണമാണ് എ.എ.പിയും നടത്തുന്നത്. എല്ലാ സ്ത്രീകൾക്കും 1,000 രൂപ വീതം നൽകുന്നതടക്കം 'അഞ്ച് ഗ്യാരണ്ടികളും ഈ വർഷം ജുലൈയില്‍ എഎപി പ്രഖ്യാപിച്ചിരുന്നു.
ഒക്‌ടോബർ അഞ്ചിനാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുക. ഒക്‌ടോബർ എട്ടിനാണ് ഫലം പ്രഖ്യാപിക്കുക. അതേസമയയം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാനം വലിയ രാഷ്ട്രീയ ഏറ്റുമുട്ടലിലേക്കാണ് പ്രവേശിച്ചിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മുന്നേറ്റമാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യത്തിന് പ്രതീക്ഷ നല്‍കുന്നത്. ബിജെപിയുടെ സീറ്റുകള്‍ പകുതിയായി കുറയ്ക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു.
ഈ മുന്നേറ്റത്തിലാണ് കോൺഗ്രസിന്റെ പ്രതീക്ഷ. അതേസമയം എഎപിയുടെ വോട്ടുകൾ പ്രതിപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കും എന്നാണ് ബിജെപി കരുതുന്നത്. ഇതിനകം തന്നെ ഭരണവിരുദ്ധ വികാരത്തിൽ തളക്കുകയാണ് നയാബ് സിംഗ് സൈനി സർക്കാർ. എഎപിയും കോൺഗ്രസും ഒരുമിച്ചാൽ ബിജെപിയുടെ തോൽവിയുടെ വേഗത്തിലായേക്കുമെന്ന വിലയിരുത്തലുകളും സജീവമാണ്.