രാഹുൽ ഗാന്ധിക്കെതിരായ വിധിയിലെ പൊരുത്തക്കേടുകൾ സുപ്രിംകോടതിയിൽ അക്കമിട്ട് നിരത്താനൊരുങ്ങി കോൺഗ്രസ്
'സവർക്കറെ കേംബ്രിഡ്ജ് സർവകലാശാലയിലെ പ്രസംഗത്തിൽ അധിക്ഷേപിച്ചെന്നാണ് വിധിയില്‍ പറയുന്നത്. ഈ പ്രസംഗം നടക്കുന്നത് സൂറത്ത് മജിസ്‌ട്രേറ്റ് കോടതിയിലെ ശിക്ഷാവിധി വന്നതിനു ശേഷമാണ്'
ഡല്‍ഹി: രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തിക്കേസിലെ വിധിയിലെ പൊരുത്തക്കേടുകൾ സുപ്രിംകോടതിയിൽ അക്കമിട്ട് നിരത്താനൊരുങ്ങി കോൺഗ്രസ്. അഭിഷേക് മനു സിങ്‍വിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഹരജി തയ്യാറാക്കുക.
സ്റ്റേ നിരസിക്കാനായി ഹൈക്കോടതി വിധിയിൽ ഉയർത്തിക്കാട്ടിയ വസ്തുതകളെ ഖണ്ഡിക്കാനാണ് രാഹുൽ ഗാന്ധിയുടെ ശ്രമം. രാഹുൽ ഗാന്ധി നിരന്തരം വ്യക്തിഹത്യയിൽ ഏർപ്പെടുന്ന നേതാവാണെന്ന് വിധിയിലുണ്ട്. സവർക്കറെ കേംബ്രിഡ്ജ് സർവകലാശാലയിലെ പ്രസംഗത്തിൽ അധിക്ഷേപിച്ചെന്നാണ് വിധിയില്‍ പറയുന്നത്. എന്നാൽ ഈ പ്രസംഗം നടക്കുന്നത് സൂറത്ത് മജിസ്‌ട്രേറ്റ് കോടതിയിലെ ശിക്ഷാവിധി പുറത്ത് വന്നതിനു ശേഷമാണ്. വിധിയിലെ ശരി തെറ്റുകളാണ് അപ്പീൽ കോടതി പരിഗണിക്കേണ്ടത്. ഈ വസ്തുതയുടെ വെളിച്ചത്തിൽ നോക്കുമ്പോൾ വിധി അതിരുകൾ ഭേദിച്ചെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു.
പ്രധാനമന്ത്രിയെ വിമർശിക്കുന്നത് തെറ്റാണെന്ന തോന്നൽ കൂടി വിധി സൃഷ്ടിക്കുന്നുണ്ട്. മോദി സമുദായത്തെ രാഹുൽ ഗാന്ധി അടച്ചാക്ഷേപിച്ചിട്ടില്ലെന്നു ഹരജിയിൽ സമർത്ഥിക്കും. ലളിത് മോദി, നീരവ് മോദി, നരേന്ദ്ര മോദി എന്നീ മൂന്നു പേർക്കുള്ള വിമർശനമാണ് ഉന്നയിച്ചത്. ഇനി അപകീർത്തി കേസ് നൽകണമെങ്കിൽ പോലും ഇവരിൽ മൂന്നു പേർക്ക് മാത്രമാണ് കേസ് കൊടുക്കാന്‍ അധികാരമുള്ളതെന്ന വാദവും സുപ്രിംകോടതിയിൽ ഉൾപ്പെടുത്തും.
സ്റ്റേ അനുവദിക്കാൻ മതിയായ കാരണങ്ങൾ ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധി സമർപ്പിച്ച അപ്പീൽ ഗുജറാത്ത് ഹൈക്കോടതി തള്ളിയത്. രാഷ്ട്രീയത്തിൽ പരിശുദ്ധി ആവശ്യമെണെന്നും ശിക്ഷ ഏറ്റുവാങ്ങിയ കുറ്റങ്ങൾക്ക് സമാനമായ നിരവധി കുറ്റങ്ങൾ രാഹുൽ ഗാന്ധിക്കെതിരെ ചുമത്തപ്പെട്ടിട്ടുണ്ടെന്നും വിധിന്യായത്തിൽ ജസ്റ്റിസ് ഹേമന്ത് പ്രച്ഛക് ചൂണ്ടിക്കാട്ടുന്നു. സവർക്കറെ അപകീർത്തിപ്പെടുത്തിയതിനെതിരെ അദ്ദേഹത്തിൻറെ കൊച്ചുമകൻ നൽകിയ പരാതി ആധാരമാക്കിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാഹുൽ ഗാന്ധി ചെയ്ത കുറ്റം ഗുരുതരമാണ്. പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി ആരോപണം ഉന്നയിച്ചു എന്നും വിധിപ്പകർപ്പിൽ പറയുന്നുണ്ട്.