'സത്യമാണ് എന്റെ ദൈവം'; ശിക്ഷാവിധിക്ക് പിന്നാലെ ഗാന്ധിജിയുടെ വാക്കുകൾ ട്വീറ്റ് ചെയ്ത് രാഹുൽ ഗാന്ധി
മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിലാണ് രാഹുൽ ഗാന്ധിക്ക് സൂറത്ത് ജില്ലാ കോടതി രണ്ടു വർഷം തടവുശിക്ഷ വിധിച്ചത്.
ന്യൂഡൽഹി: അപകീർത്തിക്കേസിൽ കോടതി രണ്ടുവർഷം ശിക്ഷ വിധിച്ചതിന് പിന്നാലെ മഹാത്മാ ഗാന്ധിയുടെ വാക്കുകൾ ട്വീറ്റ് ചെയ്ത് രാഹുൽ ഗാന്ധി. 'സത്യത്തിലും അഹിംസയിലും അധിഷ്ഠിതമാണ് എന്റെ മതം. സത്യമാണ് എന്റെ ദൈവം. അഹിംസയാണ് അതിലേക്കുള്ള മാർഗം'-രാഹുൽ ട്വീറ്റ് ചെയ്തു.
मेरा धर्म सत्य और अहिंसा पर आधारित है। सत्य मेरा भगवान है, अहिंसा उसे पाने का साधन।
— Rahul Gandhi (@RahulGandhi) March 23, 2023
- महात्मा गांधी
മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിലാണ് രാഹുൽ ഗാന്ധിക്ക് സൂറത്ത് ജില്ലാ കോടതി രണ്ടു വർഷം തടവുശിക്ഷ വിധിച്ചത്. എല്ലാ കള്ളൻമാർക്കും എങ്ങനെയാണ് മോദിയെന്ന പേര് വന്നത് എന്നായിരുന്നു രാഹുലിന്റെ പരാമർശം. കഴിഞ്ഞ ആഴ്ചയാണ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എച്ച്.എച്ച് വർമ കേസിൽ അന്തിമവാദം പൂർത്തിയാക്കിയത്. ഗുജറാത്ത് മുൻ മന്ത്രി പൂർണേഷ് മോദിയാണ് രാഹുലിനെതിരെ പരാതി നൽകിയത്.
വിധിക്ക് പിന്നാലെ 10,000 രൂപയുടെ ബോണ്ടിൽ രാഹുലിന് ജാമ്യം ലഭിച്ചു. വിധിക്കെതിരെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കാൻ ജില്ലാ കോടതി രാഹുലിന് 30 ദിവസം സമയം അനുവദിച്ചിട്ടുണ്ട്.