വെങ്കായം.. കല്ലുപ്പ്.. തൈര്... രാഹുൽ ഗാന്ധിക്ക് അഭിവാദ്യമർപ്പിച്ച് വില്ലേജ് കുക്കിങ് ടീമും
ഭാരത് ജോഡോ യാത്രയുടെ തമിഴ്‌നാട്ടിലെ പര്യടനത്തിനിടെയാണ് ജനപ്രിയ ചാനലിന്റെ അണിയറ പ്രവർത്തകർ രാഹുൽ ഗാന്ധിയെ കാണാനെത്തിയത്
കന്യാകുമാരി: തമിഴ്‌നാട്ടിൽ പര്യടനം തുടരുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ പഴയ കൂൺ ബിരിയാണിയുടെ രുചി മറക്കാതെ രാഹുൽ ഗാന്ധി. വെങ്കായം... കല്ലുപ്പ്... തൈര് എന്നു തനിത്തമിഴിൽ രാഹുൽ ഉറക്കെ വിളിച്ചുപറഞ്ഞ് വൈറലായ ആ ഫുഡ് വിഡിയോ ആരും മറന്നുകാണില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപ് രാഹുൽ ഗാന്ധിക്ക് മഷ്‌റൂം ബിരിയാണി ഉണ്ടാക്കിക്കൊടുത്ത തമിഴ്‌നാട്ടിലെ ജനപ്രിയ ഫുഡ് വ്‌ളോഗർമാരായ 'വില്ലേജ് കുക്കിങ് ചാനൽ' അദ്ദേഹത്തിന്റെ ഭാരതയാത്രയ്ക്കും അഭിവാദ്യം അർപ്പിക്കാനെത്തിയിരിക്കുകയാണ്.
തലയിൽ മുണ്ട് വരിഞ്ഞുകെട്ടി ചാനൽ അണിയറ പ്രവർത്തകരെ രാഹുൽ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങൾ കോൺഗ്രസ് ഇന്ത്യ ട്വീറ്റ് ചെയ്തിട്ടുണ്ട്. യാത്രയ്‌ക്കൊപ്പം ഓർമകളും കൂടെക്കൂട്ടുന്നുവെന്ന അറിക്കുറിപ്പോടെയാണ് ഇത് പങ്കുവച്ചത്. തമിഴ്‌നാട്ടിലെ പുതുക്കോട്ടൈ ജില്ലയിലെ വീരമംഗലം സ്വദേശികളായ അഞ്ചുപേർ ചേർന്ന് വർഷങ്ങൾക്കുമുൻപ് ആരംഭിച്ച ഫുഡ് വ്‌ളോഗാണ് വില്ലേജ് കുക്കിങ് ചാനൽ.
2021 ജനുവരിയിലാണ് തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപ് രാഹുൽ ചാനലിൽ അതിഥിയായെത്തുന്നത്. മഷ്‌റൂം ബിരിയാണിയായിരുന്നു വിശിഷ്ടാതിഥിക്കായി ചാനൽ സംഘം ഒരുക്കിയത്. ഭക്ഷണം കഴിക്കാൻ മാത്രമല്ല, പാചകത്തിന്റെ കൂടി ഭാഗമായ രാഹുൽ ഗാന്ധിയെ അന്ന് ട്രോളന്മാരും ഏറ്റെടുത്തിരുന്നു. 2021 ജനുവരി 29ന് യൂട്യൂബിലിട്ട വിഡിയോ ഇതിനകം 4.82 കോടി പേർ കണ്ടുകഴിഞ്ഞിട്ടുണ്ട്.
ബുധനാഴ്ച കന്യാകുമാരിയിൽനിന്നാണ് രാഹുൽ ഭാരത് ജോഡോ യാത്രയ്ക്ക് തുടക്കം കുറിച്ചത്. യാത്രയുടെ മൂന്നാം ദിവസമായ ഇന്ന് നാഗർകോവിലിൽ പതാക ഉയർത്തിയാണ് പര്യടനത്തിനു തുടക്കമിട്ടത്. യാത്രയിലുടനീളം വി.ഐ.പികൾക്കു പകരം സാധാരണക്കാരെ മാത്രമാകും രാഹുൽ കാണുക എന്നാണ് പറയുന്നത്.
രാവിലെ തുടങ്ങുന്ന യാത്ര വൈകീട്ട് വരെ നീളും. രാത്രി ട്രക്കുകളിലുണ്ടാക്കിയ താൽക്കാലിക കണ്ടെയ്‌നറുകളിലാണ് താമസം. ദിവസം 20 കി.മീറ്റർ ദൂരമാണ് കാൽനടയായി രാഹുൽ ഗാന്ധിക്കൊപ്പം യാത്രാസംഘം താണ്ടുക. 119 സ്ഥിരാംഗങ്ങളാണ് യാത്രയിലുള്ളത്. ഇവരോടൊപ്പം ഓരോ നാട്ടിലും നിരവധി അതിഥികളും പ്രവർത്തകരും ചേരും. യാത്ര തുടങ്ങി ആദ്യ ദിവസങ്ങളിൽ വൻ പ്രതികരണമാണ് മുഴുവൻ യാത്രാകേന്ദ്രങ്ങളിലും ലഭിക്കുന്നത്. രാഹിലിനെ അനുഗമിക്കാനും അഭിവാദ്യമർപ്പിക്കാനും ഓരോ കേന്ദ്രങ്ങളിലും ആയിരങ്ങളെത്തുന്നുണ്ട്.
Summary: Rahul Gandhi meets YouTubers of 'Village Cooking Channel' in Nagercoil as part of Bharat Jodo Yatra