മാനനഷ്ടക്കേസിൽ രണ്ട് വർഷം ശിക്ഷ: രാഹുൽ ഗാന്ധിയുടെ ലോകസഭാംഗത്വം റദ്ദാക്കി

ഇനി ആറു വർഷത്തേക്ക് രാഹുലിന് മത്സരിക്കാൻ പറ്റില്ല

Update: 2023-03-24 12:17 GMT

Rahul Gandhi

Advertising

ന്യൂഡൽഹി: മാനനഷ്ടക്കേസിൽ രണ്ട് വർഷം ശിക്ഷിക്കപ്പെട്ടതോടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോകസഭാംഗത്വം റദ്ദാക്കി. സൂറത്ത് കോടതി വിധിയെ തുടർന്നാണ് ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ തീരുമാനം. ഇനി ആറു വർഷത്തേക്ക് രാഹുലിന് മത്സരിക്കാൻ പറ്റില്ല. 1951 ലെ ജനപ്രാതിനിധ്യ നിയമം -ദി റെപ്രസന്റേഷൻ ഓഫ് പീപ്പിൾസ് ആക്ട് (ആർ.പി.എ) പ്രകാരമാണ് രാഹുലിനെ അയോഗ്യനാക്കിയത്. ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടാലാണ് ഈ വകുപ്പ് പ്രകാരം ജനപ്രതിനിധിയുടെ സ്ഥാനം നഷ്ടപ്പെടുക. ആർപിഎ പ്രകാരം അയോഗ്യത കൽപ്പിക്കുന്നതിന് വിവിധ വകുപ്പുകളുണ്ട്. സെക്ഷൻ എട്ട് പ്രകാരമാണ് ശിക്ഷിപ്പെട്ട ജനപ്രതിനിധികൾക്ക് അയോഗ്യത കൽപ്പിക്കുന്നത്. രാഷ്ട്രീയത്തെ ക്രിമിനൽവത്കരിക്കപ്പെടുന്നതിൽനിന്ന് തടയാനാണ് ഈ വകുപ്പ്. കളങ്കിതരായ നേതാക്കളെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് നിയമം തടയുകയും ചെയ്യുന്നു. രാഹുലിനെ അയോഗ്യനാക്കണമെന്ന പരാതിയിൽ സ്പീക്കർ നിയമോപദേശം തേടിയിരുന്നു.

രാഹുലിന് ശിക്ഷ വിധിച്ച ഉത്തരവിന് ഉന്നതകോടതി സ്‌റ്റേ നൽകിയാലാണ് അയോഗ്യത നീക്കാനാകുക. സൂറത്ത് സെഷൻ കോടതിയിലും പിന്നീട് ഗുജറാത്ത് ഹൈക്കോടതിയിലുമാണ് രാഹുൽ ഗാന്ധി അപ്പീൽ നൽകേണ്ടത്.

ഇന്നലെയാണ് മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രാഹുൽ ഗാന്ധിയെ രണ്ടു വർഷം തടവിന് ശിക്ഷിച്ചത്. സൂറത്ത് ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. എല്ലാ കള്ളൻമാർക്കും എങ്ങനെയാണ് മോദിയെന്ന പേര് വന്നത് എന്നായിരുന്നു കേസിനാസ്പദമായ രാഹുലിന്റെ പരാമർശം. കഴിഞ്ഞയാഴ്ചയാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എച്ച്എച്ച് വർമ കേസിലെ അന്തിമവാദം പൂർത്തിയാക്കിയത്. വിവാദ പരാമർശം മോദി സമുദായത്തെ അപകീർത്തിപ്പെടുത്തുന്നതാണ് എന്നാരോപിച്ച് ബിജെപി എംഎൽഎയും ഗുജറാത്ത് മുൻമന്ത്രിയുമായ പൂർണേഷ് മോദിയാണ് കോടതിയെ സമീപിച്ചിരുന്നത്.

വിധിക്ക് പിന്നാലെ പതിനയ്യായിരം രൂപയുടെ ബോണ്ടിൽ രാഹുലിന് ജാമ്യം ലഭിച്ചു. വിധിക്കെതിരെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കാൻ ജില്ലാ കോടതി രാഹുലിന് 30 ദിവസത്തെ സമയം നൽകിയിട്ടുണ്ട്.

വിധി കേൾക്കാൻ രാഹുൽ ഗാന്ധി കോടതിയിൽ സന്നിഹിതനായിരുന്നു. 2019ലെ പൊതു തെരഞ്ഞെടുപ്പിനിടെ കർണാടകയിലെ കോലാറിൽ വച്ചു നടത്തിയ പരാമർശമാണ് കേസിനാധാരം. 'എല്ലാ കള്ളന്മാർക്കും എങ്ങനെയാണ് മോദി എന്ന കുടുംബപ്പേര് വന്നത്?' എന്നാണ് രാഹുൽ പ്രസംഗിച്ചിരുന്നത്.നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി എന്നിവർക്കെല്ലാം മോദി എന്ന പേർ എങ്ങനെ കിട്ടി എന്നും ഇനിയും എത്ര മോദിമാർ പുറത്തുവരാനിരിക്കുന്നു എന്ന് ആർക്കുമറിയില്ലെന്നും രാഹുൽ പറഞ്ഞിരുന്നു. പരാമർശത്തിനെതിരെ ഐപിഎൽ മുൻ മേധാവിയായ ലളിത് മോദി രംഗത്തെത്തിയിരുന്നു. ഐപിഎൽ മേധാവി ആയിരിക്കെ സാമ്പത്തിക തട്ടിപ്പിനും നികുതി വെട്ടിപ്പിനും അന്വേഷണം നേരിട്ട ലളിത് മോദി പിന്നീട് ഇന്ത്യ വിടുകയായിരുന്നു.

അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്കെതിരെ സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നടത്തിയ വിധിപ്രസ്താവം വിചിത്രമെന്ന് കോൺഗ്രസ് മുൻ നേതാവും മുതിർന്ന നിയമജ്ഞനുമായ കപിൽ സിബൽ. രണ്ടു വർഷം തടവു വിധിച്ചതോടെ രാഹുലിന്റെ ലോക്സഭാ അംഗത്വം റദ്ദായെന്നും അദ്ദേഹം പറഞ്ഞിരുന്നു.

'കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യുകയോ റദ്ദാക്കുകയോ ചെയ്താൽ മാത്രമേ ഇനി രാഹുൽ ഗാന്ധിക്ക് പാർലമെന്റ് അംഗമായി തുടരാനാകൂ. രണ്ടു വർഷത്തേക്ക് ശിക്ഷിക്കപ്പെട്ടാൽ സീറ്റ് ഒഴിഞ്ഞുകിടക്കും എന്നാണ് നിയമം പറയുന്നത്. സ്പീക്കർ തുടർനടപടികളുമായി മുമ്പോട്ടുപോകും. ലിലി തോമസ് വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ കേസിൽ 2013ൽ സുപ്രിംകോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ചുരുങ്ങിയത് രണ്ടു വർഷം ജയിൽശിക്ഷ വിധിക്കപ്പെട്ടാൽ ആ സമയം തന്നെ സഭയിലെ അംഗത്വം നഷ്ടമാകും എന്നാണ് ആ വിധി. ശിക്ഷാവിധിക്കെതിരെ മൂന്നു മാസത്തിനകം അപ്പീൽ നൽകാൻ വ്യവസ്ഥ ചെയ്യുന്ന ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് 8(4) ഭരണഘടനാ വിരുദ്ധമെന്ന് പറഞ്ഞ് സുപ്രിംകോടതി എടുത്തുകളഞ്ഞതാണ്.' - സിബൽ വിശദീകരിച്ചു.

സൂറത്ത് കോടതി വിധിയെ വിചിത്രം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. 'ഏതെങ്കിലും വ്യക്തിക്കെതിരെ നടത്തിയ പ്രസ്താവനയ്ക്ക് രണ്ടു വർഷം തടവുവിധിക്കുന്നത് അതിവിചിത്രമാണ്. എന്തു സമുദായമാണത്. ബിജെപിക്ക് എന്തും പറയാം. എന്നാൽ അതൊരു വ്യക്തിക്കെതിരെയുള്ള പരാമർശമാണ്.' - അദ്ദേഹം കൂട്ടിച്ചേർത്തു.

Full View

Rahul Gandhi's membership in the Lok Sabha was revoked after he was sentenced to two years in the defamation case.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News