രാഹുൽ ഗാന്ധിയുടെ പ്രസംഗങ്ങൾ ഇന്ത്യയിൽ പ്രകമ്പനം സൃഷ്ടിക്കുന്നു: എം.കെ സ്റ്റാലിൻ
നെഹ്‌റുവിന്റെ അനന്തരാവകാശികൾ സംസാരിക്കുമ്പോൾ ഗോഡ്‌സെയുടെ പിൻഗാമികൾക്ക് അസ്വസ്ഥതയുണ്ടാകുന്നതിൽ അത്ഭുമില്ലെന്നും സ്റ്റാലിൻ പറഞ്ഞു.
ചെന്നൈ: ഭാരത് ജോഡോ യാത്രയിലെ രാഹുൽ ഗാന്ധിയുടെ പ്രസംഗങ്ങളെ പുകഴ്ത്തി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. രാഹുലിന്റെ പ്രസംഗങ്ങൾ രാജ്യത്ത് പ്രകമ്പനം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാഹുലിന്റെ പ്രസംഗങ്ങൾ രാജ്യത്ത് പ്രകമ്പനം സൃഷ്ടിക്കുന്നു. തെരഞ്ഞെടുപ്പ് രാഷ്ട്രീയമോ, കക്ഷി രാഷ്ട്രീയമോ അല്ല പ്രത്യയശാസ്ത്രമാണ് അദ്ദേഹം സംസാരിക്കുന്നത്. അതുകൊണ്ടാണ് ചില വ്യക്തികൾ അദ്ദേഹത്തെ ശക്തമായി എതിർക്കുന്നതെന്നും സ്റ്റാലിൻ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ സംഭാഷണങ്ങൾ ചിലപ്പോൾ നെഹ്റുവിനെപ്പോലെയാണ്. നെഹ്‌റുവിന്റെ അനന്തരാവകാശി അങ്ങനെ സംസാരിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. മഹാത്മാഗാന്ധിയുടെയും നെഹ്റുവിന്റെയും അനന്തരാവകാശികൾ നടത്തുന്ന പ്രസംഗങ്ങളിൽ ഗോഡ്സെയുടെ പിൻഗാമികൾക്ക് വിഷമം മാത്രമേ ഉണ്ടാക്കൂവെന്നും സ്റ്റാലിൻ പറഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാവ് എ. ഗോപണ്ണ നെഹ്‌റുവിനെക്കുറിച്ച് രചിച്ച ' മമനിതർ നെഹ്‌റു' എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദി സർക്കാറിനെതിരെയും സ്റ്റാലിൻ വിമർശനമുന്നയിച്ചു. പ്രധാനപ്പെട്ട വിഷയങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ അനുവദിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ''പാർലമെന്ററി ജനാധിപത്യത്തിന്റെ പ്രതീകമായ യഥാർഥ ജനാധിപത്യവാദിയായിരുന്നു നെഹ്‌റു. അതുകൊണ്ടാണ് എല്ലാ ജനാധിപത്യ ശക്തികളും അദ്ദേഹത്തെ പ്രശംസിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചുപൂട്ടുമ്പോൾ നമ്മൾ ഇപ്പോഴും നെഹ്‌റുവിനെ ഓർക്കുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യം നെഹ്‌റുവിന്റെ യഥാർഥ മൂല്യം നമുക്ക് കാണിച്ചുതരുന്നു. തമിഴ്‌നാട് പെരിയാറിനെയും അണ്ണാദുരെയും കരുണാനിധിയെയും ആവശ്യപ്പെടുന്നത് പോലെ ഇന്ത്യയിലും ഫെഡറലിസവും സമത്വവും മതേതരത്വവും സാഹോദര്യവും പുനഃസ്ഥാപിക്കാൻ ഗാന്ധിയേയും നെഹ്‌റുവിനെയും ആവശ്യമുണ്ട്''-സ്റ്റാലിൻ പറഞ്ഞു.