രാഹുൽ യൂത്ത് ഐക്കൺ, അദ്ദേഹത്തിന് പ്രധാനമന്ത്രിയാവാനുള്ള കഴിവുണ്ട്: തൃണമൂൽ കോൺഗ്രസ് നേതാവ്
വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ളവർ ഒത്തുചേരുമെന്നും പ്രതിപക്ഷ ഐക്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് തൃണമൂൽ കോൺഗ്രസ് നേതാവ് മറുപടി നൽകി
ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും പ്രകീർത്തിച്ച് തൃണമൂൽ കോൺഗ്രസ് നേതാവും പാർലമെന്റ് അംഗവുമായ ശത്രുഘ്‌നൻ സിൻഹ. ഭാരത് ജോഡോ യാത്രയെ ചരിത്രപരവും വിപ്ലവകരവുമായ മുന്നേറ്റമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. രാഹുൽ ഗാന്ധി യൂത്ത് ഐക്കണായി വളർന്നുവെന്നും അദ്ദേഹത്തിന് പ്രധാനമന്ത്രിയാവാനുള്ള കഴിവുണ്ടെന്നും സിൻഹ പറഞ്ഞു. എ.എൻ.ഐയോട് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.
''രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായ പഴയതിൽ നിന്ന് വ്യത്യസ്തമായി ഇപ്പോൾ മാറിയിരിക്കുന്നു. ചിലർ അദ്ദേഹത്തിന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുകയാണ്, അദ്ദേഹം വളരെ ഗൗരവമുള്ളയാളായി ഉയർന്നിരിക്കുന്നു. രാഹുൽ ഈ രാജ്യത്തിന്റെ നേതാവാണ്. അദ്ദേഹത്തിന്റെ മുൻഗാമികൾ പ്രധാനമന്ത്രിയായി രാജ്യത്തെ സേവിക്കുകയും രാജ്യത്തിന്റെ വളർച്ചയ്ക്ക് സംഭാവന നൽകുകയും ചെയ്തു''- രാഹുലിനെയും ഗാന്ധി കുടുംബത്തെയും പ്രകീർത്തിച്ച് സിൻഹ പറഞ്ഞു.
രാഹുലിനെ പ്രകീർത്തിക്കുന്നതിനൊപ്പം ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെയും പ്രശംസിക്കാൻ സിൻഹ മറന്നില്ല. 2024-ൽ മമതാ ബാനർജി ഒരു ഗെയിം ചേഞ്ചറായി ഉയർന്നുവരും. അവർ ഉരുക്കു വനിതയാണെന്നും ഇപ്പോൾ ആർക്കും അവരെ നിസ്സാരമായി കാണാൻ കഴിയില്ലെന്നും ശത്രുഘ്‌നൻ സിൻഹ പറഞ്ഞു. ഭാരത് ജോഡോ യാത്രയെ എൽ കെ അദ്വാനിയുടെ രഥയാത്രയുമായും മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ യാത്രയുമായും സിൻഹ താരതമ്യം ചെയ്തു.
2024ലെ പൊതുതെരഞ്ഞെടുപ്പിൽ ഭാരത് ജോഡോ യാത്ര ശക്തമായ സ്വാധീനം ചെലുത്തും. പ്രധാനമന്ത്രി ആരായിരിക്കണമെന്ന് ഇന്ത്യയിലെ ജനങ്ങൾ തീരുമാനിക്കുമെന്നും സിൻഹ കൂട്ടിച്ചേർത്തു. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ളവർ ഒത്തുചേരുമെന്നും പ്രതിപക്ഷ ഐക്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് സിൻഹ മറുപടി നൽകി. അതേസമയം ഭാരത് ജോഡോ യാത്ര വിജയകരമായി മുന്നേറുകയാണ്. ഞായറാഴ്ച രാവിലെ ദോദ്വ-തരോരി ക്രോസിംഗിൽ നിന്ന് യാത്ര പുനരാരംഭിച്ചു. യാത്രയുടെ 114-ാം ദിവസം പാർട്ടി നേതാക്കളായ സെൽജ കുമാരിയും ദീപേന്ദർ സിംഗ് ഹൂഡയും രാഹുൽ ഗാന്ധിക്കൊപ്പം ചേർന്നു. കുരുക്ഷേത്രയിലെ പ്രതാപ്ഗഢ് ജിടി റോഡിൽ രാത്രി യാത്ര അവസാനിപ്പിക്കും.