മുംബൈയില്‍ ട്രെയിനില്‍ നിന്നും വീണ ഗർഭിണിയ്ക്ക് രക്ഷകനായി റെയിൽവേ കോൺസ്റ്റബിൾ

കല്യാൺ റെയിൽവേ സ്റ്റേഷനിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാനുള്ള ശ്രമത്തിനിടെ യുവതി ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലുള്ള വിടവിലേക്ക് വീഴുകയായിരുന്നു.

Update: 2021-10-19 07:43 GMT
Editor : Nisri MK | By : Web Desk
Advertising

മുംബൈയില്‍ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലുള്ള വിടവിലേക്ക് വീണ ഗർഭിണിയ്ക്ക് രക്ഷകനായി റെയിൽവേ സ്റ്റേഷനിലെ കോൺസ്റ്റബിൾ. കല്യാൺ റെയിൽവേ സ്റ്റേഷനിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാനുള്ള ശ്രമത്തിനിടെ യുവതി വിടവിലേക്ക് വീഴുകയായിരുന്നു. കോൺസ്റ്റബിളിന്‍റെ സമയോചിതമായ ഇടപെടലിലാണ് യുവതിയ്ക്ക് ജീവന്‍ തിരിച്ചു കിട്ടിയതെന്ന് റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. 

തന്‍റെ ഭര്‍ത്താവിനും കുട്ടിയ്ക്കുമൊപ്പം യാത്ര ചെയ്യുകയായിരുന്നു 21 വയസുകാരി വന്ദന. കല്ല്യാണില്‍ നിന്ന് ഗോരഖ്പൂരിലേക്കുള്ള ട്രെയിനാണെന്ന് കരുതി ഇവര്‍ മറ്റൊരു ട്രെയിനില്‍ കയറുകയായിരുന്നു. ട്രെയിന്‍ നീങ്ങിത്തുടങ്ങിയപ്പോഴാണ് ഇവര്‍ കാര്യം മനസിലാക്കി തിരിച്ചിറങ്ങിയത്. എട്ടു മാസം ഗര്‍ഭിണിയായ വന്ദന ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട് ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലുള്ള വിടവിലേക്ക് വീഴുകയായിരുന്നു. എന്നാല്‍ സമീപത്തുണ്ടായിരുന്ന റെയിൽവേ സുരക്ഷാ സേനാ കോൺസ്റ്റബിൾ എസ് ആര്‍ ഖാന്‍ദേക്കര്‍ ഓടി വന്ന് രക്ഷിക്കുകയായിരുന്നു.

പരിക്കുകളൊന്നും ഏല്‍ക്കാതെ രക്ഷപ്പെട്ട യുവതിയേയും കുടുംബത്തേയും പിന്നീട് ഗോരഖ്പൂരിലേക്കുള്ള ട്രെയിനില്‍ കയറ്റി വിട്ടു.

മുംബൈയിലെ സെൻട്രൽ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ശിവാജി സുതാർ സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ട്വീറ്റ് ചെയ്യുകയും യാത്രക്കാരോട് ഓടുന്ന ട്രെയിനിൽ കയറുകയും ഇറങ്ങുകയും ചെയ്യരുതെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News