ട്രെയിനിന്‍റെ അവസാന ബോഗിയില്‍ 'എക്‌സ്' എന്നെഴുതിയിരിക്കുന്നത് എന്തിനാണെന്നറിയാമോ ..?
'നിങ്ങൾക്കറിയാമോ' എന്ന അടിക്കുറിപ്പോടെയാണ് റെയിൽവെ മന്ത്രാലയം ട്വീറ്റ് ചെയ്തിരിക്കുന്നത്
ന്യൂഡല്‍ഹി: സാധാരാണക്കാർ യാത്രചെയ്യാനായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഗതാഗതസംവിധാനമാണ് ട്രെയിൻ. ദീർഘദൂരയാത്രക്കാവട്ടെ ചെറിയ യാത്രകളാവട്ടെ ട്രെയിൻ തന്നെയാണ് ഒട്ടുമിക്ക പേർക്കും ആശ്രയം. ട്രെയിനിന്റെ ഏറ്റവും പിറകിലെ ബോഗിയിൽ 'എക്‌സ്' (x) എന്ന് എഴുതിയിരിക്കുന്നത് പലരും കണ്ടിട്ടുണ്ടാകും.ട്രെയിനിൽ നിരവധി തവണ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇത് എന്തിനാണ് എഴുതിയിരിക്കുന്നതെന്ന് പലർക്കും അറിയില്ല. എന്നാൽ അതിന് ഉത്തരവുമായി റെയിൽവെ തന്നെ നേരിട്ടെത്തിയിരിക്കുകയാണ്.
'നിങ്ങൾക്കറിയാമോ' എന്ന അടിക്കുറിപ്പോടെയാണ് റെയിൽവെ മന്ത്രാലയം ട്വിറ്റർ പോസ്റ്റിൽ ഇതിന്റെ കാരണം വിവരിച്ചത്. 'X' എന്ന അക്ഷരം അത് ട്രെയിനിന്റെ അവസാന കോച്ചാണെന്ന് സൂചിപ്പിക്കുന്നു. കോച്ചുകളൊന്നും വഴിയിലെവിടെയും വേര്‍പെടാതെയാണ് ട്രെയിൻ കടന്നുപോകുന്നതെന്നെന്ന് റെയിൽവേ ഉദ്യോഗസ്ഥർക്ക് മനസിലാകാന്‍ വേണ്ടിയാണിത് എഴുതിയിരിക്കുന്നത്.
'എക്‌സ്' അടയാളമില്ലാതെയാണ് ട്രെയിനിന്റെ അവസാന ബോഗി കടന്നുപോകുന്നതെങ്കിൽ കോച്ചുകളിൽ ചിലത് എവിടെയോ പാളം തെറ്റിയെന്നും അപകടം പറ്റിയെന്നും ഉദ്യോഗസ്ഥർക്ക് മനസിലാക്കാനും അടിയന്തരമായി നടപടിയെടുക്കാനും സഹായിക്കുമെന്നും റെയിൽവെയുടെ ട്വീറ്റിൽ പറയുന്നു.
എന്നാൽ രാത്രിയിലോ മൂടൽമഞ്ഞുള്ള സാഹചര്യങ്ങളിലോ ചിലപ്പോൾ ബോഗിയിലുള്ള ഈ 'എക്‌സ്' ചിഹ്നം ഉദ്യോഗസ്ഥർക്ക് ശരിക്ക് കാണാൻ സാധിച്ചെന്ന് വരില്ല. അത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് അവസാന ബോഗിയിൽ 'എക്‌സ്' ചിഹ്നത്തിന് താഴെ ചുവന്ന ഇന്റിക്കേറ്റർ ലൈറ്റ് ഘടിപ്പിച്ചിരിക്കുന്നത്. രാത്രിയിൽ ഇവ ഇടവിട്ട് പ്രകാശിക്കും. ഈ സമയം ബോഗിയിൽ 'എക്‌സ്' ചിഹ്നം ഉണ്ടോ എന്ന് റെയിൽവെ ഉദ്യോഗസ്ഥർക്ക് തിരിച്ചറിയാനും സാധിക്കും.