'മറാത്തി ഗാനങ്ങളില്ല': ഹോട്ടല്‍ ജീവനക്കാരനെ മര്‍ദിച്ച് എം.എന്‍.എസ് പ്രവര്‍ത്തകര്‍
'നമ്മള്‍ മഹാരാഷ്ട്രയിലാണ്, മറാത്തി ഗാനങ്ങള്‍ മാത്രം വെച്ചാല്‍ മതി' എന്നു പറഞ്ഞാണ് എം.എന്‍.എസ് പ്രവര്‍ത്തകര്‍ ഹോട്ടല്‍ മാനേജരെ മര്‍ദിച്ചത്.
മുംബൈ: മുംബൈയിലെ വാഷിയില്‍ ഹോട്ടലിൽ മറാത്തി ഗാനങ്ങൾ വെക്കാത്തതിന്‍റെ പേരില്‍ ജീവനക്കാരന് മഹാരാഷ്ട്ര നവനിർമാൺ സേന (എം.എൻ.എസ്) പ്രവർത്തകരുടെ മർദനം. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലെത്തി.
നവി മുംബൈയിലെ വാഷിയിലുള്ള ഒരു ഹോട്ടലിന്‍റെ മാനേജർക്കാണ് മർദനമേറ്റത്. ഹോട്ടലിലെത്തിയ ചിലര്‍ മറാത്തി ഗാനങ്ങള്‍ വെയ്ക്കാത്തതിനെ ചൊല്ലി ഹോട്ടല്‍ ജീവനക്കാരുമായി തര്‍ക്കിച്ചു. എം.എൻ.എസ് പ്രവർത്തകരും ഒപ്പം ചേർന്നു. സ്റ്റാഫ് അംഗങ്ങളും മാനേജരും അവരോട് സാഹചര്യം വിശദീകരിക്കാൻ ശ്രമിച്ചു. പക്ഷേ പ്രശ്നം രൂക്ഷമാവുകയും അക്രമാസക്തമായി മാറുകയും ചെയ്തു.
'നമ്മള്‍ മഹാരാഷ്ട്രയിലാണ്, മറാത്തി ഗാനങ്ങള്‍ മാത്രം വെച്ചാല്‍ മതി' എന്നു പറഞ്ഞാണ് എം.എന്‍.എസ് പ്രവര്‍ത്തകര്‍ ഹോട്ടല്‍ മാനേജരെ മര്‍ദിച്ചത്. മർദനമേല്‍ക്കുന്നതിന് ഇടയിലും പ്രവർത്തകരെ ശാന്തമാക്കാൻ മാനേജർ ശ്രമിക്കുന്നത് വിഡിയോയിൽ കാണാം.