നാല് ഭാര്യമാരും 36 കുട്ടികളും വേണ്ട; രാജ്യത്ത് ജനസംഖ്യാ നിയന്ത്രണം നടപ്പിലാക്കണമെന്ന് ബി.ജെ.പി എം.എല്‍.എ

ഏകീകൃത ജനസംഖ്യാ നയത്തിൻ്റെ ഭാഗമായി ജനസംഖ്യാനിയന്ത്രണം കൊണ്ടുവരണമെന്ന വിശ്വ ഹിന്ദു പരിഷത്തിന്‍റെ ആവശ്യത്തിന് പിന്നാലെയാണ് ആചാര്യയുടെ പ്രസ്താവന

Update: 2024-07-17 06:55 GMT
Editor : Jaisy Thomas | By : Web Desk
Advertising

ജയ്‍പൂര്‍: നാലു ഭാര്യമാരും 36 കുട്ടികളും എന്ന രീതി അനുവദിക്കില്ലെന്നും രാജ്യത്ത് ജനസംഖ്യാനിയന്ത്രണം കൊണ്ടുവരണമെന്നും രാജസ്ഥാൻ ബി.ജെ.പി എം.എൽ.എ ബൽമുകുന്ദ് ആചാര്യ. ഏകീകൃത ജനസംഖ്യാ നയത്തിൻ്റെ ഭാഗമായി ജനസംഖ്യാനിയന്ത്രണം കൊണ്ടുവരണമെന്ന വിശ്വ ഹിന്ദു പരിഷത്തിന്‍റെ ആവശ്യത്തിന് പിന്നാലെയാണ് ആചാര്യയുടെ പ്രസ്താവന.

രാജ്യത്തെ ജനസംഖ്യാ സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണെന്നും ജനസംഖ്യാ നിയന്ത്രണ നിയമം ഉടനടി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ആചാര്യയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. 'ഒരു രാജ്യത്തിന് ഒരു നിയമം വേണമെന്ന് കഴിഞ്ഞ കുറേ വർഷങ്ങളായി ഞാൻ നിരന്തരം ആവശ്യപ്പെടുന്നു.നേരത്തെ ജമ്മു കശ്മീർ സന്ദർശിക്കുമ്പോൾ ഞങ്ങൾ ഇന്ത്യയിൽ നിന്നാണോ എന്ന് ചോദിച്ചിരുന്നു. അന്ന് വളരെയധികം വേദന തോന്നി. ഇന്ന്, ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതിന് ശേഷം, രാജ്യത്തുടനീളം നടപ്പിലാക്കുന്ന നിയമം ജമ്മു കശ്മീരിലും നടപ്പിലാക്കുന്നു'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഒരു രാജ്യം, ഒരു നിയമം’ രാജ്യത്ത് ഉടൻ നടപ്പാക്കണമെന്നും രാജസ്ഥാനിൽ ജനസംഖ്യാ നിയന്ത്രണ നിയമം നടപ്പാക്കണമെന്ന ആവശ്യം താൻ നേരത്തെ ഉന്നയിച്ചിട്ടുണ്ടെന്നും സംസ്ഥാന സർക്കാരിന് കത്തെഴുതുമെന്നും ആചാര്യ പറഞ്ഞു. ഈ വിഷയത്തെക്കുറിച്ച് കേന്ദ്രത്തോട് ഉന്നയിക്കുകയും നിയമം നടപ്പിലാക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

യാതൊരു വിവേചനവുമില്ലാതെ എല്ലാവർക്കും ആനുകൂല്യങ്ങളും ക്ഷേമ പദ്ധതികളും സർക്കാർ നൽകുന്നുണ്ടെന്ന് ആചാര്യ പറഞ്ഞു.“റാമിനും റഹീമിനും യാതൊരു വിവേചനവുമില്ലാതെ ആനുകൂല്യങ്ങൾ നൽകുമ്പോൾ, എന്തുകൊണ്ട് എല്ലാവർക്കും സമാനമായ നിയമങ്ങൾ പാടില്ല? രാജ്യം പുരോഗതി കൈവരിക്കേണ്ടതുണ്ട്, നമ്മൾ നമ്മുടെ പരമാവധി ചെയ്യേണ്ടതുണ്ട്, ”അദ്ദേഹം കൂട്ടിച്ചേർത്തു.ഈ രാജ്യത്ത് ജനസംഖ്യാ നിയന്ത്രണ നിയമം ഉണ്ടാകണമെന്നും എല്ലാവരും അതിനെ മാനിക്കണമെന്നും ആചാര്യ ആവശ്യപ്പെട്ടു.

ജനസംഖ്യാ വർധനവ് ഒരു പ്രധാന പ്രശ്നമാണെന്നും അത് അസന്തുലിതാവസ്ഥയിലേക്കും നയിക്കുമെന്നും ആചാര്യ പറഞ്ഞു.'' നാല് ഭാര്യമാരും 36 കുട്ടികളുമുള്ള ഒരു സമൂഹമുണ്ട്. മൂന്ന് മുതൽ നാല് വരെ ഭാര്യമാരുള്ള ആളുകൾ സഭയിൽ (രാജസ്ഥാൻ നിയമസഭ) ഉണ്ട്. ഭൂരിഭാഗം പേരും ഒരു ഭാര്യയും പരമാവധി രണ്ട് കുട്ടികളുമുള്ളവരാണ്. ഇത് തെറ്റാണ്. എല്ലാവർക്കും തുല്യമായ നിയമങ്ങൾ ഉണ്ടാകണം, ”അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ആഴ്ച, രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ ലോക ജനസംഖ്യാ ദിനത്തിൽ ഒരു വിഭാഗം ആളുകൾ സർക്കാരിൻ്റെ ജനസംഖ്യാ നിയന്ത്രണ ശ്രമങ്ങളെ ഗൗരവമായി കാണുന്നില്ലെന്നും പറഞ്ഞിരുന്നു. “ഈ കാമ്പെയ്ൻ വ്യത്യസ്തമാണ്, എല്ലാവരും ഇതിൽ പങ്കാളികളാകണം, എന്നാൽ ഒരു വിഭാഗത്തിൽ ഒരു മാറ്റവും ഞങ്ങൾ കാണുന്നില്ല.ഭാവിയിൽ ജനസംഖ്യ വർധിച്ചാൽ പല പ്രശ്‌നങ്ങളും വർധിക്കുമെന്ന് അത്തരക്കാരെ ബോധവത്കരിക്കണം'' എന്നാണ് ഭജൻ ലാൽ പറഞ്ഞത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News