രാജസ്ഥാൻ കോൺഗ്രസിൽ പ്രതിസന്ധി അതിരൂക്ഷം; ഗെഹ്‍ലോട്ടിന്‍റെയും സച്ചിന്‍റെയും പരസ്യപ്രസ്താവനകളിൽ ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തി
കടുത്ത അച്ചടക്ക നടപടികൾ ഒഴിവാക്കിയേക്കും എന്നാണ് സൂചന
ജയ്പൂര്‍: രാജസ്ഥാൻ കോൺഗ്രസിൽ പ്രതിസന്ധി അതിരൂക്ഷം. അശോക് ഗെഹ്‍ലോട്ടിന്‍റെയും സച്ചിൻ പൈലറ്റിന്‍റെയും പരസ്യപ്രസ്താവനകളിൽ ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തി. കടുത്ത അച്ചടക്ക നടപടികൾ ഒഴിവാക്കിയേക്കും എന്നാണ് സൂചന.
അനുനയ നീക്കങ്ങൾ പലതും നടത്തിയിട്ടും രാജസ്ഥാനിൽ അശോക ഗെഹ്‍ലോട്ട്- സച്ചിൻ പൈലറ്റ് പോര് കോൺഗ്രസ് ഹൈക്കമാന്‍ഡിന് വല്യ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.ഗെഹ്‍ലോട്ടിന്‍റെയും സച്ചിന്‍റെയും പരസ്യപ്രസ്താവനയിൽ ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തി ഉണ്ടെങ്കിലും അച്ചടക്കം നടപടികളിലേക്ക് കോൺഗ്രസ് പോയേക്കില്ല എന്നാണ് സൂചന. രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് അടക്കം വരാനിരിക്കുന്ന സാഹചര്യത്തിൽ ഇരു നേതാക്കളെയും പിണക്കുന്നത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ .
അതേസമയം സംസ്ഥാനത്തെ അഴിമതിക്കെതിരെ സച്ചിൻ പൈലറ്റ് നാളെ പദയാത്ര നടത്തും. അജ്മീറിൽ നിന്ന് ജയ്പുരിലേക്കാണ് 'ജൻസംഘർഷ്' പദയാത്ര നടത്തുക. എന്നാൽ സച്ചിൻ ഹൈക്കമാൻഡിനെ വെല്ലുവിളിക്കുകയാണെന്ന് ഗെഹ്ലോട്ട് അനുകൂലികൾ ആരോപിക്കുന്നു. എന്തായലും ഹൈക്കമാൻഡ് സ്വീകരിക്കുന്ന നിലപാട് തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന രാജസ്ഥാനിലെ കോൺഗ്രസിനെ സംബന്ധിച്ച് ഏറെ നിർണായകമാണ്.