ഗെഹ്‍ലോട്ടിന് പകരം പുതിയ പേരുകൾ തേടി ഹൈക്കമാൻഡ്; കമൽനാഥും ദിഗ് വിജയ് സിങും പരിഗണനയിൽ
രാജസ്ഥാനിലെ എം.എൽ.എമാരുടെ നാടകീയ നീക്കങ്ങൾ സംബന്ധിച്ച റിപ്പോർട്ട് നിരീക്ഷകരായ മല്ലികാർജുൻ ഖാർഗെയും അജയ് മാക്കനും സോണിയ ഗാന്ധിക്ക് സമർപ്പിക്കും
ഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഗെഹ്ലോട്ടിന് പകരം പുതിയ പേരുകൾ ഹൈക്കമാൻഡ് പരിഗണിക്കുന്നു. കമൽനാഥും ദിഗ് വിജയ് സിങുമാണ് ഹൈക്കമാൻഡ് പരിഗണിക്കുന്നവരിൽ മുന്നിൽ. രാജസ്ഥാനിലെ എം.എൽ.എമാരുടെ നാടകീയ നീക്കങ്ങൾ സംബന്ധിച്ച റിപ്പോർട്ട് നിരീക്ഷകരായ മല്ലികാർജുൻ ഖാർഗെയും അജയ് മാക്കനും സോണിയ ഗാന്ധിക്ക് സമർപ്പിക്കും.
രാജസ്ഥാനിലെ സംഭവ വികാസങ്ങൾക്ക് പിന്നാലെയാണ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ അശോക് ഗെഹ്ലോട്ടിന് പകരം ഹൈക്കമാൻഡ് പുതിയ സ്ഥാനാർഥിയെ തേടുന്നത്. മത്സരത്തിന് ഇല്ലെന്ന് പ്രതികരിച്ചെങ്കിലും കമൽനാഥും ദിഗ് വിജയ് സിങുമാണ് ഹൈക്കമാൻഡ് പരിഗണിക്കുന്നവരിൽ മുന്നിൽ. രണ്ട് പേരും നെഹ്റു കുടുംബവുമായി അടുത്ത് നിൽക്കുന്നവരും സോണിയ ഗാന്ധിയുടെ വിശ്വസ്തരുമാണ്.
ഭാരത് ജോഡോ യാത്രയുടെ ചുമതലയിലുള്ള നേതാവായതിനാൽ ദിഗ് വിജയ് സിങിനെ ഒഴിവാക്കിയേക്കും. പട്ടികജാതി വിഭാഗത്തിൽ നിന്നുളള നേതാവിനെ പരിഗണിക്കുകയാണെങ്കിൽ മുകുൾ വാസ്നിക്കോ മല്ലികാർജുന്‍ ഖാർഗെയോ സ്ഥാനാർഥിയാകും എന്നാണ് വിവരം. അതേസമയം രാജസ്ഥാനിലെ എം.എൽ.എമാരുടെ നാടകീയ നീക്കങ്ങൾ സംബന്ധിച്ച റിപ്പോർട്ട്
സോണിയ ഗാന്ധിക്ക് നിരീക്ഷകർ കൈമാറും. എം.എൽ.എമാരെ വച്ച് ഗെഹ്ലോട്ട് ഹൈക്കമാന്‍ഡിനെ വെല്ലുവിളിച്ചെന്നാണ് നിരീക്ഷകരായ മല്ലികാർജുൻ ഖാർഗെ, അജയ് മാക്കൻ എന്നിവരുടെ വിലയിരുത്തൽ. അക്കാര്യം ഇന്നലെ സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ നിരീക്ഷകർ അറിയിച്ചു. എം.എൽ.എമാരുടെ യോഗം വിളിച്ച മന്ത്രി ശാന്തി ധരിവാൾ അടക്കമുള്ളവർക്കെതിരെ ഹൈക്കമാൻഡ് അച്ചടക്ക നടപടി ഉടൻ സ്വീകരിക്കും. ഇന്നലെയും ഹൈക്കമാന്‍ഡിനും ജനറൽ സെക്രട്ടറി അജയ് മാക്കനും എതിരെ രൂക്ഷ വിമർശനമാണ് ഗെഹ്ലോട്ട് പക്ഷ മന്ത്രിമാർ ഉന്നയിച്ചത്.