പശുക്കടത്ത് ആരോപിച്ച് യുവാക്കളെ ചുട്ടുകൊന്ന കേസ്: മുഖ്യപ്രതിയെ പ്രതിപട്ടികയിൽ നിന്നൊഴിവാക്കി രാജസ്ഥാൻ പൊലീസ്
കൊലപാതകത്തിൽ ബജ്‌റംഗൾ നേതാവ് മോനു മനേസറിന് പങ്കുള്ളതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം
ഗുരുഗ്രാം: ഹരിയാനയിൽ പശുക്കടത്ത് ആരോപിച്ച് യുവാക്കളെ ചുട്ടുകൊന്ന കേസിൽ മുഖ്യപ്രതിയെ പ്രതിപട്ടികയിൽ നിന്നൊഴിവാക്കി രാജസ്ഥാൻ പൊലീസ്. ബജ്‌റംഗൾ നേതാവ് മോനു മനേസറിന്റെ ചിത്രം പുറത്ത് വിട്ട ചിത്രങ്ങളിലില്ല. കൊലപാതകത്തിൽ മോനുവിന് പങ്കുള്ളതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം.ഇയാൾ ഇപ്പോഴും ഒളിവിലാണ്.
ഭരത്പൂരിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിലാണ് 8 പേരുടെ ഫോട്ടോകൾ സഹിതം പൊലീസ് പുറത്തുവിട്ടത്. ഇവരിൽ 2 പേർ നുഹിൽ നിന്നുള്ളവരും 6 പേർ ഹരിയാനയിലെ മറ്റ് ജില്ലകളിൽ നിന്നുള്ളവരുമാണ്. പൊലീസ് റിമാൻഡിലുള്ള റിങ്കു സൈനി കുറ്റം സമ്മതിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. അനിൽ സ്വദേശി, ശ്രീകാന്ത്, കാലു, കിഷോർ, അനിൽ സ്വദേശിയായ ഭിവാനി, ശശികാന്ത്, വികാസ്, മോനു സ്വദേശി പലുവാസ്, ഭിവാനി എന്നിവരെയാണ് അന്വേഷിക്കുന്നതെന്ന് രാജസ്ഥാൻ പൊലീസ് എഡിജിപി ക്രൈം ദിനേശ് എംഎൻ പറഞ്ഞു.
കൊലപാതകം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും ഇതുവരെ പിടിയിലായത് ഒരാൾ മാത്രമാണ്. പ്രതികളെ പിടികൂടുന്നതിൽ പൊലീസ് അലംഭാവമെന്ന് ബന്ധുക്കൾ ആരോപിച്ചു. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് രാജസ്ഥാൻ സ്വദേശികളായ ജുനൈദ്, നസീർ എന്നിവരെ ഹരിയാനയിലെ ഭീവാനിയിൽ വെച്ച് പെട്രോൾ ഒഴിച്ച് കത്തിച്ച് കൊന്നത്. കേസിലെ ഒമ്പത് പ്രതികളിൽ ഒരാൾ മാത്രമാണ് ഇതുവരെ പിടിയിലായത് .
അന്വേഷണത്തിൽ പോലീസ് അലംഭാവം കാണിക്കുന്നുവെന്ന ആരോപണം ശക്തമാണ്. എന്നാൽ പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയതായി അന്വേഷണസംഘം അറിയിച്ചു.
രാജസ്ഥാനിലെ ഭരത്പൂരിൽനിന്ന് തട്ടിക്കൊണ്ടുപോയ നാസിർ (27), ജുനൈദ് (35) എന്നിവരെയാണ് ഹരിയാനയിലെ ഭീവാനിയിൽ ചുട്ടുകൊന്ന നിലയിൽ കണ്ടെത്തിയത്. ബജ്റംഗദൾ പ്രവർത്തകരായ പശു സംരക്ഷക ഗുണ്ടകളാണ് കൊലപാതകം നടത്തിയതെന്നാണ് കുടുംബത്തിൻറെ ആരോപണം. മർദനമേറ്റ് അവശരായ യുവാക്കളെ പൊലീസ് സ്റ്റേഷനിലെത്തിച്ചിരുന്നുവെന്നും എന്നാൽ പൊലീസ് അവരെ ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ലെന്നും അറസ്റ്റിലായ റിങ്കു പൊലീസിന് മൊഴി നൽകിയിരുന്നു. അതിനുശേഷമാണ് അവർ മരിച്ചതെന്നും തുടർന്ന് പെട്രോളൊഴിച്ച് കത്തിച്ചെന്നുമാണ് റിങ്കു മൊഴി നൽകിയത്.
സംഭവത്തിൽ ഹരിയാന ജിർക്ക പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കൊല്ലപ്പെടുന്നതിന് മുമ്പ് ജുനൈദിനെയും നസീറിനെയും പൊലീസ് സ്റ്റേഷനിലെത്തിച്ചിരുന്നുവെന്ന പ്രതിയുടെ മൊഴിയും യുവാക്കളെ പൊലീസ് മർദ്ദിച്ചുവെന്ന കുടുംബത്തിന്റെ ആരോപണവും അന്വേഷിക്കും. എ.എസ്.പി ഉഷ കുണ്ഡുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.