രാജസ്ഥാനിൽ പ്രതിസന്ധി തുടരുന്നു; കോൺഗ്രസ് നേതാക്കൾ സോണിയാ ഗാന്ധിക്ക് റിപ്പോർട്ട് നൽകും
അജയ് മാക്കനും മല്ലികാർജുൻ ഖാർഗെയും ഇന്ന് 12 മണിയോടെയാണ് സോണിയക്ക് റിപ്പോർട്ട് സമർപ്പിക്കുക
ജയ്പൂർ: സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്ക് നേതാക്കൾ റിപ്പോർട്ട് നൽകും. കോൺഗ്രസ് നേതാക്കളായ അജയ് മാക്കനും മല്ലികാർജുൻ ഖാർഗെയും ഇന്ന് 12 മണിയോടെയാണ് സോണിയക്ക് റിപ്പോർട്ട് സമർപ്പിക്കുക. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനിരിക്കെ അടുത്ത മുഖ്യമന്ത്രി ആര് എന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുകയാണ്.
കഴിഞ്ഞ ദിവസം സംസ്ഥാനത്തെ സാഹചര്യങ്ങൾ അജയ് മാക്കനും മല്ലികാർജുൻ ഖാർഗെയും സോണിയാ ഗാന്ധിയോട് വിശദീകരിച്ചിരുന്നു. തുടർന്ന് രേഖാമൂലം റിപ്പോർട്ട് നൽകാൻ സോണിയ ആവശ്യപ്പെടുകയായിരുന്നു.
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സമ്മതമറിയിച്ച ഗെഹ്‌ലോട്ട് രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക് താൻ നിർദ്ദേശിക്കുന്നയാൾ തന്നെ വരണമെന്ന് ശാഠ്യം പിടിച്ചതാണ് രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണമായത്. സോണിയാ ഗാന്ധിക്ക് റിപ്പോർട്ട് നൽകിയ ശേഷം നിയമസഭാ കക്ഷി യോഗം ചേർന്ന് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തി പ്രമേയം പാസാക്കിയേക്കും. ഗെഹലോട്ടിനെ മുഖ്യമന്ത്രി പദത്തിൽ തുടരാൻ അനുവദിക്കണം, അല്ലെങ്കിൽ ഭൂരിഭാഗം പേർ നിർദേശിക്കുന്നയാളെ മുഖ്യമന്ത്രിയാക്കണം എന്നാണ് എംഎൽഎമാരുടെ ആവശ്യം.
അതേസമയം പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്ന തീരുമാനത്തിൽ നിന്ന് ഹൈക്കമാൻഡ് പിൻമാറിയതായാണ് സൂചന. എംഎൽഎമാർ കടുത്ത എതിർപ്പുയർത്തിയ സാഹചര്യത്തിൽ അത് പരിഗണിക്കാതെ മുന്നോട്ടുപോയാൽ രാജസ്ഥാനിലും പഞ്ചാബ് ആവർത്തിക്കുമോ എന്ന ഭയം ദേശീയ നേതൃത്വത്തിനുണ്ട്.