'സർ, നിങ്ങൾക്ക് ഞാൻ മൈസൂർ പാക്ക് കൊടുത്തയയ്ക്കാം'; അധിക്ഷേപിച്ച ബിജെപി നേതാവിനോട് രാജ്ദീപ് സർദേശായി - വീഡിയോ
"നിങ്ങൾ വാജ്‌പേയിയുടെയും അദ്വാനിയുടെയും പാർട്ടിക്കാരനാണ്. തോൽക്കുമ്പോൾ ചിരിക്കുകയായിരുന്നു അവർ."
ചാനൽ ചർച്ചയ്ക്കിടെ വ്യക്തിപരമായി അധിക്ഷേപിച്ച ബിജെപി ഐടി സെല്‍ കണ്‍വീനര്‍ അമിത് മാളവ്യയോട് 'മധുരപ്രതികാരം' ചെയ്ത് ചാനൽ അവതാരകൻ രാജ്ദീപ് സർദേശായി. വാജ്‌പേയിയും അദ്വാനിയും പ്രതിനിധാനം ചെയ്ത പാർട്ടിയിലാണ് താങ്കളെന്നും അധിക്ഷേപത്തിന് പകരമായി മൈസൂർ പാക്ക് കൊടുത്തയയ്ക്കാമെന്നും സർദേശായി പറഞ്ഞു.
കർണാടക തെരഞ്ഞെടുപ്പ് വിധിയുമായി ബന്ധപ്പെട്ട ഇന്ത്യ ടുഡേ ചാനൽ ചർച്ചയിലായിരുന്നു ഇരുവരും തമ്മിലുള്ള വാഗ്വാദം. ചോദ്യം ഉന്നയിച്ച രാജ്ദീപിനോട്, 'കർണാടകയിൽ ഹിജാബ്, ഹലാൽ തുടങ്ങിയ വിഷയങ്ങൾ തോൽവിക്ക് കാരണമായി എന്ന് പറയുന്നത് നിങ്ങളുടെ പ്രൊപ്പഗണ്ടയാണ്. ബിജെപി എങ്ങനെ 2024ൽ വിജയിച്ചു എന്ന മൂന്നാമത്തെ പുസ്തകം നിങ്ങൾ എഴുതേണ്ടി വരും. നിങ്ങൾ മാധ്യമപ്രവർത്തനം അവസാനിപ്പിക്കണം. സോണിയാ ഗാന്ധിയോട് പറഞ്ഞ് ഒരു രാജ്യസഭാ സീറ്റ് തരപ്പെടുത്തണം.' എന്നാണ് മാളവ്യ പറഞ്ഞത്.
'നിങ്ങൾ വ്യക്തിപരമായി അധിക്ഷേപിക്കുമ്പോഴെല്ലാം ഞാൻ ചിരിക്കുകയായിരുന്നു. നിങ്ങൾ വാജ്‌പേയിയുടെയും അദ്വാനിയുടെയും പാർട്ടിക്കാരനാണ്. തോൽക്കുമ്പോൾ ചിരിക്കുകയായിരുന്നു അവർ. വ്യക്തി വിദ്വേഷത്തിലേക്ക് ഇതിനെ ചുരുക്കരുത്. എന്നെ വിരട്ടാൻ നോക്കേണ്ട. ഒരു നല്ല ദിനം നേരുന്നു. ഞാൻ നിങ്ങൾക്ക് മൈസൂർ പാക്ക് അയച്ചുതരാം. ഇതെന്റെ വാഗ്ദാനമാണ്. നിങ്ങൾ യുപിയിലെ ലഡു എനിക്കയച്ചു തരൂ' - എന്നായിരുന്നു രാജ്ദീപിന്റെ മറുപടി.
അതിനിടെ, 130ലേറെ സീറ്റുകൾ നേടി കോൺഗ്രസ് കർണാടക പിടിക്കുമെന്ന് ഉറപ്പായി. അറുപതിലേറെ സീറ്റുകൾ മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. എച്ച്ഡി കുമാരസ്വാമിയുടെ ജെഡിഎസിന് 22 സീറ്റിൽ ലീഡ് ചെയ്യുകയാണ്. 113 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.